ADVERTISEMENT

കൊച്ചി ∙ രാജ്യാഭിമാനത്തിന്റെ അനന്ത സാഗരത്തിലേക്ക് ഇനി ഐഎൻഎസ് വിക്രാന്ത്. പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി വിമാനവാഹിനി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമർപ്പിച്ചു. സൈനികക്കരുത്തിന്റെയും പ്രതിരോധ രംഗത്തെ സ്വയംപര്യാപ്തതയുടെയും വിളംബരമായ ചടങ്ങിനെത്തിയത് രാജ്യത്തിനകത്തും പുറത്തുംനിന്നുള്ള ആയിരത്തോളം അതിഥികൾ. 

രാവിലെ 9.30ന് കൊച്ചിൻ ഷിപ്‌യാഡിലേക്കു പ്രധാനമന്ത്രി എത്തിയതോടെ കമ്മിഷനിങ് ചടങ്ങുകൾക്കു തുടക്കമായി. ഐഎൻഎസ് വിക്രാന്തിന്റെ വിഷ്വൽ കോൾ സൈനായ (റേഡിയോ ആശയവിനിമയങ്ങളിൽ യുദ്ധക്കപ്പലുകളെ തിരിച്ചറിയാനായി നൽകുന്ന തിരിച്ചറിയൽ നമ്പർ) ആർ– 11 (റോമിയോ 11) എന്ന നമ്പറും ‘പ്രധാനമന്ത്രി’ എന്ന വാക്കും സ്വർണനൂലിൽ തുന്നിയ കറുത്ത തൊപ്പി ധരിച്ചാണു പ്രധാനമന്ത്രി എത്തിയത്. 150 അംഗ സെറിമോണിയൽ ഗാർഡ് പരിശോധിച്ച് സല്യൂട്ട് സ്വീകരിച്ച ശേഷം അദ്ദേഹം വേദിയിലെത്തി. നാവിക സേനയുടെ പുതിയ പതാക അനാഛാദനം ചെയ്യുന്ന ചടങ്ങായിരുന്നു ആദ്യം. വിമാനവാഹിനിയുടെ കമാൻഡിങ് ഓഫിസർ ക്യാപ്റ്റൻ വിദ്യാധർ ഹാർകെ കമ്മിഷനിങ് വാറന്റ് വായിച്ചു. 

ഐഎൻഎസ് വിക്രാന്ത് രാജ്യത്തിനു സമർപ്പിക്കുന്ന ചടങ്ങിനിടെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനോടു രഹസ്യം പറയുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ സമീപം. ചിത്രം: ടോണി ഡൊമിനിക് ∙ മനോരമ
ഐഎൻഎസ് വിക്രാന്ത് രാജ്യത്തിനു സമർപ്പിക്കുന്ന ചടങ്ങിനിടെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനോടു രഹസ്യം പറയുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ സമീപം. ചിത്രം: ടോണി ഡൊമിനിക് ∙ മനോരമ

തുടർന്നു പ്രധാനമന്ത്രി സദസ്സിനെ അഭിസംബോധന ചെയ്തു. സമുദ്രമേഖലയിൽ രാജ്യം നേരിടുന്ന വെല്ലുവിളികൾക്കുള്ള ഉത്തരമാണു വിക്രാന്തെന്നു മോദി പറഞ്ഞു. ‘‘ 21–ാം നൂറ്റാണ്ടിൽ ഇന്ത്യയുടെ കഠിനാധ്വാനത്തിന്റെയും കഴിവിന്റെയും സ്വാധീനത്തിന്റെയും പ്രതിബദ്ധതയുടെയും തെളിവാണു വിക്രാന്ത്. ലക്ഷ്യങ്ങൾ വിദൂരമാണെങ്കിൽ, യാത്രകൾ ദൈർഘ്യമേറിയതാണെങ്കിൽ, സമുദ്രവും വെല്ലുവിളികളും അനന്തമാണെങ്കിൽ അവയ്ക്കുള്ള ഇന്ത്യയുടെ ഉത്തരമാണു വിക്രാന്ത്. ആസാദി കാ അമൃത് മഹോത്സവത്തിലെ സമാനതകളില്ലാത്ത അമൃതവും ഇന്ത്യ സ്വയംപര്യാപ്തമാകുന്നതിന്റെ അതുല്യമായ പ്രതിഫലനവുമാണു വിക്രാന്ത്”- പ്രധാനമന്ത്രി പറഞ്ഞു. 

കപ്പലിന്റെ ഫ്ലൈറ്റ് ഡെക്കിലെത്തിയ പ്രധാനമന്ത്രി പുതിയ നാവിക പതാകയും ദേശീയ പതാകയും ഉയർത്തി. പുതിയ നാവികപതാകയ്ക്കും ഐഎൻഎസ് വിക്രാന്തിനും അഭിവാദ്യമർപ്പിച്ചു നാവികസേനയുടെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും പങ്കെടുത്ത ഫ്ലൈ പാസ്റ്റ് ആകാശത്ത് പ്രകമ്പനം സൃഷ്ടിച്ചു. വിമാനങ്ങളെ പ്രത്യഭിവാദ്യം ചെയ്ത പ്രധാനമന്ത്രി തുടർന്നു കപ്പലിന്റെ കമ്മിഷനിങ് പ്ലേറ്റ് അനാഛാദനം ചെയ്തു. ഡെക്കിൽ വിശിഷ്ടാതിഥികൾക്കൊപ്പം ഫോട്ടോകളെടുത്ത അദ്ദേഹം കപ്പലിന്റെ പ്രധാനഭാഗങ്ങൾ ചുറ്റിക്കാണുകയും ചെയ്തു. 

1971 ലെ യുദ്ധത്തിന്റെ ഗതി തിരിച്ചുവിട്ടു രാജ്യത്തിനു വിജയം സമ്മാനിച്ച മുൻ ഐഎൻഎസ് വിക്രാന്തിലുണ്ടായിരുന്ന ഓഫിസർമാർക്ക് ആദരമർപ്പിച്ചുള്ള വിഡിയോയും വിക്രാന്തിന്റെ വിവിധ ഘട്ടങ്ങൾ അടയാളപ്പെടുത്തിയുള്ള ദൃശ്യങ്ങളും വേദിയിലെ വിഡിയോ വാളുകളിൽ അതിഥികൾക്കായി പ്രദർശിപ്പിച്ചു. രാജ്യത്തെ എല്ലാ നാവികകേന്ദ്രങ്ങളിൽനിന്നുമുള്ള ഉദ്യോഗസ്ഥരും യുഎസ്, ഓസ്ട്രേലിയ, ഫ്രാൻസ് തുടങ്ങി വിവിധ വിദേശ നാവിക സേനകളുടെ പ്രതിനിധികളും കൊച്ചിൻ ഷിപ്‌യാഡിലെ ജീവനക്കാരും ചടങ്ങുകൾക്കു സാക്ഷിയായി. പ്രധാന അതിഥികൾക്കു കപ്പലിന്റെ ഫ്ലൈറ്റ് ഡെക്ക് കാണാനും നാവികസേന അവസരമൊരുക്കിയിരുന്നു. 

വിക്രാന്തിന്റെ നാൾവഴി

2002: പദ്ധതിക്കു കാബിനറ്റ് കമ്മിറ്റി അംഗീകാരം 

2007: ആദ്യഘട്ടം നിർമാണക്കരാർ ഒപ്പിട്ടു 

2009: കപ്പലിനു കീലിട്ടു 

2013: ഡ്രൈ ഡോക്കിൽനിന്നു നീറ്റിലിറക്കി 

2017: രണ്ടാംഘട്ടം നിർമാണക്കരാർ ഒപ്പിട്ടു 

2020 നവംബർ: കപ്പലിന്റെ ബേസിൻ ട്രയലുകൾ പൂർത്തിയാക്കി 

2021 ജൂലൈ: സമുദ്ര പരീക്ഷണത്തിനായി കടലിലേക്ക് 

2021 ഒക്ടോബർ: രണ്ടാം സമുദ്ര പരീക്ഷണം 

2022 ജൂലൈ: അവസാനഘട്ട സമുദ്ര പരീക്ഷണം 

2022 ഓഗസ്റ്റ്: നാവിക സേനയ്ക്കു കൈമാറി 

2022 സെപ്റ്റംബർ 2: കമ്മിഷനിങ് 

Content Highlight: INS Vikrant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com