ADVERTISEMENT

കൊച്ചി∙ വൻ സാമ്പത്തിക തട്ടിപ്പു നടത്താൻ മോൻസൻ മാവുങ്കൽ ദുരുപയോഗിച്ച ഉരുപ്പടികൾ അതിന്റെ യഥാർഥ ഉടമയായ കിളിമാനൂർ സ്വദേശി എസ്.സന്തോഷിനു തിരികെ നൽകാൻ അഡീ. സിജെഎം കോടതി ഉത്തരവിട്ടു. 2 കോടി രൂപയുടെ ബോണ്ടിലാണു 900 ഉരുപ്പടികൾ ഉടമയ്ക്കു വിട്ടുകൊടുക്കുന്നത്. ഇതിൽ ഒരു കുന്തവും പുരാതന നാണയങ്ങളും സംഗീത ഉപകരണങ്ങളും അടക്കം ഏകദേശം 15 ഉരുപ്പടികൾക്കു മാത്രമാണു യഥാർഥത്തിൽ പുരാവസ്തു മൂല്യമുള്ളതെന്നു കേന്ദ്ര പുരാവസ്തു വകുപ്പ് പരിശോധിച്ചു കണ്ടെത്തിയിരുന്നു. ‌

ശ്രീകൃഷ്ണന്റെ വെണ്ണക്കുടം, മോശയുടെ അംശവടി, യൂദാസിനു ലഭിച്ച വെള്ളിക്കാശ്, നൂറ്റാണ്ടുകൾ പഴക്കമുള്ള രക്തചന്ദന ഗണപതി വിഗ്രഹം. വിവാദ ചെമ്പോല... തുടങ്ങിയ പരിവേഷങ്ങൾ നൽകി മോൻസൻ പലരെയും കബളിപ്പിച്ച ഉരുപ്പടികളെല്ലാം സന്തോഷിന്റെ പക്കൽ നിന്നു വാങ്ങിയവയാണ്. മ്യൂസിയം തുടങ്ങിയ ശേഷം പണം നൽകാമെന്ന ഉറപ്പിൽ ഏകദേശം 3.30 കോടി രൂപ വിലമതിക്കുന്ന ഉരുപ്പടികൾ മോൻസൻ തട്ടിയെടുത്തെന്നാണു സന്തോഷിന്റെ പരാതി.

ഉരുപ്പടികൾ സന്തോഷിന്റെതാണെന്നു മോൻസനും കോടതി മുൻപാകെ സമ്മതിച്ചിരുന്നു. ഇവയെല്ലാം എവിടെ നിന്നാണു ശേഖരിച്ചതെന്നു സന്തോഷും മൊഴി നൽകിയിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ സന്തോഷിന്റെ മൊഴികൾ വസ്തുതാപരമാണെന്ന റിപ്പോർട്ടാണു നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണു കോടതിയുടെ നടപടി.

സിനിമാഷൂട്ടിങ്ങിനു വാടകയ്ക്കു നൽകാനും സ്വന്തം കൗതുകത്തിനുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു പണം നൽകി ശേഖരിച്ച ഉരുപ്പടികളാണു മോൻസൻ കൈവശപ്പെടുത്തി അതിന്റെ മറവിൽ തട്ടിപ്പു നടത്തിയതെന്നു സന്തോഷ് പറഞ്ഞു. ഉരുപ്പടികളുടെ വില ചോദിക്കുമ്പോഴെല്ലാം കബളിപ്പിക്കപ്പെട്ട മറ്റുള്ളവരോടു പറഞ്ഞതു പോലെയുള്ള കഥകളാണു തന്നോടും പറഞ്ഞത്. 

വിദേശബാങ്കിൽ നിന്നു ലഭിക്കാനുള്ള കോടിക്കണക്കിനു രൂപയുടെ രേഖകൾ തന്നെയും കാണിച്ചതായി സന്തോഷ് പറഞ്ഞു. മോൻസന്റെ ബന്ധങ്ങളും പെരുമാറ്റവും കണ്ടാണ് അയാളെ വിശ്വസിച്ചത്. 

നൽകിയ ഉരുപ്പടികളെല്ലാം മോൻസന്റെ വീട്ടിലെ മ്യൂസിയത്തിൽ തന്നെയുള്ളതിനാൽ പണം ലഭിക്കുമെന്നു തന്നെ വിശ്വസിച്ചു. പക്ഷേ, ഇതിന്റെ മറവിൽ മോൻസൻ ചെയ്ത വ്യാജപുരാവസ്തു തട്ടിപ്പ് അറസ്റ്റിനു ശേഷമാണു മനസ്സിലായത്. ഇതോടെയാണ് ഉരുപ്പടികൾ തിരികെ ലഭിക്കാനുള്ള നിയമനടപടികൾ സ്വീകരിച്ചത്.

Content Highlight: Monson Mavunkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com