ADVERTISEMENT

തിരുവനന്തപുരം∙ പുരാവസ്തു തട്ടിപ്പു കേസിലെ വിവാദ വനിത അനിത പുല്ലയിലിന്റെ വരവോടെ വിവാദമായ മൂന്നാം ലോക കേരള സഭയിൽ ക്ഷണിതാക്കളുടെ പട്ടിക തിരുത്തിയിറക്കി. സഭ തുടങ്ങുന്നതിനു മുൻപു ക്ഷണിതാക്കളുടെ പട്ടിക സഹിതം സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു. 

ഈ ഉത്തരവ് പ്രകാരമുള്ള പട്ടിക റദ്ദാക്കിക്കൊണ്ടാണ് സഭാ സമ്മേളനത്തിനിടെ പുതിയ പട്ടിക സഹിതം രണ്ടാമത്തെ ഉത്തരവിറക്കിയത്. പട്ടികയിൽ പിശകുണ്ടെന്നു നോർക്ക റൂട്സ് സിഇഒ നൽകിയ കത്തു പരിഗണിച്ചാണു തിരുത്തെന്ന് ഭേദഗതി ഉത്തരവിൽ പറയുന്നു. 

രണ്ടു മാസത്തോളം സർക്കാർ മൂടിവച്ച ഉത്തരവ് പുറത്തുവന്നപ്പോഴാണ്, സഭാ സമ്മേളനം നടക്കുന്നതിനിടെ ഉത്തരവിലും പട്ടികയിലും ഭേദഗതി വരുത്തിയെന്ന വിവരവും പുറത്തായത്. കഴിഞ്ഞ ജൂൺ 16 മുതൽ 18 വരെയായിരുന്നു ലോകകേരള സഭ. അംഗങ്ങളെയും ക്ഷണിതാക്കളെയും നിശ്ചയിച്ച് 15ന് ഉത്തരവിറക്കിയിരുന്നു. 

എന്നാൽ 16നു നോർക്ക സിഇഒ കത്തു നൽകിയെന്നും പുതുക്കിയ പട്ടിക അംഗീകരിച്ച് ഉത്തരവിടണമെന്ന് അഭ്യർഥിച്ചെന്നും ചൂണ്ടിക്കാണിച്ചാണു 16നു പ്രവാസികാര്യ വകുപ്പ് ഭേദഗതി ഉത്തരവിറക്കിയത്. 

പട്ടിക പ്രകാരം 356 പേരെ ക്ഷണിച്ചിരുന്നെങ്കിലും 296 പേർ മാത്രമാണു പങ്കെടുത്തത്. പങ്കെടുത്തവരുടെ പട്ടിക കഴിഞ്ഞ സമ്മേളന സമയത്ത് നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും സമ്മേളനത്തിനുശേഷമാണു ലഭ്യമാക്കിയത്. ഉത്തരവും പട്ടികയും നോർക്കയുടെ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കാതിരുന്നതോടെയാണ് ഇക്കാര്യത്തിൽ ദുരൂഹതയുണ്ടായത്. രണ്ടുദിവസം മുൻപു സൈറ്റിൽ പട്ടിക പ്രസിദ്ധീകരിച്ചതായി നോർക്ക പറയുന്നു.

‘അനിത പുല്ലയിൽ പട്ടികയില്ല’

ആദ്യത്തെ പട്ടികയിൽ ഉൾപ്പെടാതെ പോയതും അവസാന നിമിഷം സ്ഥിരീകരിച്ചതുമായ ചില പേരുകൾ കൂട്ടിച്ചേർക്കാൻ വേണ്ടിയാണു പട്ടിക പുതുക്കാൻ ആവശ്യപ്പെട്ടതെന്നാണു നോർക്ക റൂട്സിന്റെ വിശദീകരണം. 

ഉത്തരവ് വസ്തുനിഷ്ഠവും കൃത്യവുമാക്കുകയായിരുന്നു ഉദ്ദേശ്യം. വിവാദ വനിത ആദ്യ പട്ടികയിലെ അംഗങ്ങളുടെയോ, ക്ഷണിതാക്കളുടെയോ കൂട്ടത്തിലുണ്ടായിരുന്നില്ലെന്നും വിശദീകരിച്ചു. സഭാ സമ്മേളനം നടന്ന ദിവസങ്ങളിൽ രണ്ടു ദിവസവും സമ്മേളനവേദിയായ നിയമസഭാ മന്ദിരത്തിൽ അനിത പുല്ലയിലുണ്ടായിരുന്നു. സംഭവത്തിൽ സഭാ ടിവിയിലെ നാലു കരാർ ജീവനക്കാർക്കെതിരെ സ്പീക്കറുടെ നിർദേശപ്രകാരം നടപടിയെടുക്കുകയും ചെയ്തു.

English Summary: Loka Kerala sabha invitees list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com