ADVERTISEMENT

കണ്ണൂർ ∙ മികവിന്റെ അടിസ്ഥാനത്തിൽ അധ്യാപകരുടെ സ്ഥാനക്കയറ്റം, സ്കൂളുകൾക്ക് ഗ്രേഡിങ്, സംഘടനകളുടെ എണ്ണം കുറയ്ക്കൽ തുടങ്ങി പൊതുവിദ്യാഭ്യാസ മേഖലയിൽ പ്രധാന മാറ്റങ്ങൾക്കുള്ള നിർദേശങ്ങൾ മന്ത്രി വി.ശിവൻകുട്ടി അധ്യാപക സംഘടനകളുടെ മുന്നിൽ വച്ചു.  അധ്യാപക ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കയ്യടി ലഭിക്കില്ലെന്ന ഉറപ്പോടെയാണ് ഈ നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുന്നതെന്നും സംഘടനകളുടെ യോഗങ്ങളിൽ ഇനി മുതൽ അധ്യാപകർ വിദ്യാർഥികളുടെ ആവശ്യങ്ങൾ കൂടി ഉന്നയിക്കണമെന്നും മന്ത്രി പറഞ്ഞു. 

‘അധ്യാപകരുടെ സ്ഥാനക്കയറ്റത്തിന് ഇനി സീനിയോറിറ്റി മാത്രം പരിഗണിച്ചാൽ മതിയോ? അധ്യാപകരുടെ അക്കാദമിക് അറിവും കഴിവും പരിഗണിക്കപ്പെടണം. സ്കൂളുകൾക്കും ഗ്രേഡിങ് സമ്പ്രദായം വേണം.  45 അധ്യാപക സംഘടനകൾ നിലവിലുണ്ട്. സംഘടനകളുടെ യോഗം ചേരാൻ ഓഡിറ്റോറിയം തന്നെ വേണം. മലയാളം അധ്യാപകൻ ഇംഗ്ലിഷ് പഠിപ്പിക്കുന്ന സാഹചര്യം മാറിയേ തീരൂ. കുട്ടികൾക്കു മികച്ച പരിശീലനം ഉറപ്പാക്കണം. ഒരു സ്കൂളിന് പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും മതി. നിലവിൽ 3 ഹെഡ്മാസ്റ്റർമാർ വരെ വരുന്നുണ്ട്. അധികാരകേന്ദ്രങ്ങൾ അധികമാകുന്നത് ഏകോപനമില്ലാതാക്കും. അധ്യാപക–വിദ്യാർഥി അനുപാതം 1:40 ആക്കാനുള്ള നീക്കമുണ്ട്. പക്ഷേ, അടുത്ത വർഷം പ്രതീക്ഷിക്കരുത്. സംഘടനകൾ ഉന്നയിച്ച കാര്യങ്ങളിൽ, ഇതുവരെ നടപ്പാക്കാത്തവ പരിശോധിക്കാൻ വകുപ്പ് ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. 

സ്‌കൂൾ പിടിഎ പുരസ്‌കാരങ്ങൾ, വിദ്യാരംഗം കലാസാഹിത്യവേദി പുരസ്‌കാരങ്ങൾ എന്നിവ മന്ത്രി വിതരണം ചെയ്തു. മികച്ച പിടിഎക്കുള്ള സിഎച്ച് മുഹമ്മദ് കോയ സ്മാരക അവാർഡ് കോട്ടയം അക്കരപ്പാടം ഗവ.യുപി സ്‌കൂളും കൊല്ലം തഴവ ആദിത്യ വിലാസം ഗവ. ഹൈസ്‌കൂളും ഏറ്റുവാങ്ങി. സമ്മാനം ഏറ്റുവാങ്ങിയ മറ്റു സ്കൂളുകൾ: കൊല്ലം പന്മനയിൽ ജിഎൽപിഎസ്, പത്തനംതിട്ട പൂഴിക്കാട് ഗവ.യുപിഎസ്, മൂവാറ്റുപുഴ പായിപ്ര ജിയുപിഎസ്, കണ്ണൂർ വാരം കടാങ്കോട് മാപ്പിള എൽപി സ്കൂൾ, വയനാട് ബീനാച്ചി ഗവ. ഹൈസ്കൂൾ, ചേർത്തല ചാരമംഗലം ഗവ. ഡിവിഎച്ച്എസ്എസ്, പാലക്കാട് എടത്തനാട്ടുകര ഗവ. ഓറിയന്റൽ എച്ച്എസ്എസ്, കണ്ണൂർ ഇരിക്കൂർ ഗവ.എച്ച്എസ്എസ്.

English Summary: Minister V. Shivankutty's Proposal's for Radical Changes In Education Sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com