ADVERTISEMENT

കൽപറ്റ ∙ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തെത്തുടർന്നു പിരിച്ചുവിട്ട എസ്എഫ്ഐ ജില്ലാ കമ്മിറ്റി പുനഃസ്ഥാപിച്ചു. ഇന്നലെ കൽപറ്റയിൽ നടന്ന വയനാട് ജില്ലാ കൺവൻഷനിലാണു പഴയ സെക്രട്ടറി ജിഷ്ണു ഷാജിയെയും പ്രസിഡന്റ് ജോയൽ ജോസഫിനെയും വീണ്ടും ഭാരവാഹികളാക്കി കമ്മിറ്റി പുനഃസംഘടിപ്പിച്ചത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ സാന്നിധ്യത്തിലായിരുന്നു കൺവൻഷൻ. 

ജൂൺ 24ന് രാഹുൽ ഗാന്ധിയുടെ ഓഫിസിലേക്കു നടത്തിയ മാർച്ച് അക്രമാസക്തമായതിനെത്തുടർന്ന് ജൂലൈ 3ന് എസ്എഫ്ഐ സംസ്ഥാന നേതൃത്വമാണു വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടത്. ഏഴംഗ അഡ്ഹോക് കമ്മിറ്റിക്കായിരുന്നു കഴിഞ്ഞ രണ്ടുമാസമായി ജില്ലയിലെ സംഘടനാ ചുമതല. 11 സെക്രട്ടേറിയറ്റ് അംഗങ്ങളടക്കം 37 അംഗങ്ങളുള്ള പഴയ കമ്മിറ്റിയെത്തന്നെ ഇന്നലെ ചേർന്ന കൺവൻഷനിൽ തിരഞ്ഞെടുത്തു. 

ദേശീയതലത്തിൽവരെ വിവാദമായ സംഭവത്തിൽ കർശന സംഘടനാ നടപടി വേണമെന്നു സിപിഎം നേതൃത്വവും എസ്എഫ്ഐയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബഫർസോൺ പ്രശ്നത്തിൽ സമരം നടത്തിയ സഖാക്കൾക്കെതിരെ മാധ്യമപ്രചാരണത്തിൽ വീണും രാഷ്ട്രീയ സമ്മർദത്തിനു വഴങ്ങിയും സംസ്ഥാനനേതൃത്വം നടപടിയെടുത്തെന്ന വിമർശനം പിന്നീട് എസ്എഫ്ഐയിൽ ശക്തിപ്പെട്ടു. എംപി ഓഫിസിലെ ഗാന്ധിച്ചിത്രം തകർത്ത സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ തന്നെ പ്രതികളായത് ഈ വിമർശനത്തിനു മൂർച്ച കൂട്ടി. വയനാട്ടിലെ എസ്എഫ്ഐക്കാരെ പിന്തുണച്ച് സിപിഎം ജില്ലാ ഘടകവും രംഗത്തെത്തിയതോടെ നടപടി റദ്ദാക്കാൻ എസ്എഫ്ഐ സംസ്ഥാനനേതൃത്വം തീരുമാനിക്കുകയായിരുന്നു. 

English Summary: SFI wayanad district committee reinstated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com