ADVERTISEMENT

കൊച്ചി ∙ മത്സ്യത്തൊഴിലാളിക്കു ബോട്ടിൽ വെടിയേറ്റ സംഭവത്തിൽ അന്വേഷണം സമീപപ്രദേശത്തുണ്ടായിരുന്ന കപ്പലുകളിലേക്കും. നാവികസേനയുടെ ആഭ്യന്തര അന്വേഷണസംഘമാണു കപ്പലുകളിൽ നിന്നു വെടിയുതിർക്കാൻ സാധ്യതയുണ്ടോ എന്നതു പരിശോധിക്കുന്നത്. സംഭവദിവസം കടലിൽ സമീപത്തുണ്ടായിരുന്നതോ കടന്നുപോയതോ ആയ കപ്പലുകളുടെ വിവരശേഖരണം നടക്കുന്നുണ്ട്. ഈ വിവരങ്ങൾ അന്വേഷണത്തിൽ നിർണായകമായിട്ടും പൊലീസ് ഇവ ശേഖരിച്ചിട്ടില്ല.

സംഭവത്തിലെ ദുരൂഹത സംബന്ധിച്ചു രഹസ്യാന്വേഷണ ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെടിയേറ്റ മത്സ്യത്തൊഴിലാളി സഞ്ചരിച്ച ബോട്ടിന്റെ ജിപിഎസ് ഡേറ്റയും നാവികസേന പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വെടിയേൽക്കുന്നതിനു മുൻപ് ഏതെല്ലാം പ്രദേശങ്ങളിൽ ബോട്ട് സഞ്ചരിച്ചിട്ടുണ്ടെന്നു കണ്ടെത്തുകയാണു ലക്ഷ്യം. സംഭവത്തിൽ ചില പൊരുത്തക്കേടുകളും ദുരൂഹതയും ഉണ്ടെന്ന നിഗമനത്തിലാണു നാവികസേനയെന്നറിയുന്നു.

നാവികസേനാ പരിശീലന കേന്ദ്രത്തിൽ നടന്ന വെടിവയ്പു പരിശീലനത്തിനിടെ അബദ്ധത്തിൽ വെടിയുണ്ട പുറത്തു വന്നാകാം അപകടമുണ്ടായത് എന്ന വാദത്തെ പിൻപറ്റിയാണു പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. മത്സ്യത്തൊഴിലാളിക്കു പരുക്കേറ്റ ബോട്ടിൽ കണ്ടെത്തിയ വെടിയുണ്ട ഇൻസാസ് റൈഫിളിൽ ഉപയോഗിക്കുന്നവയോടു സാമ്യമുള്ളവയാണ്. എന്നാൽ പൂർണമായും നാവികസേന ഉപയോഗിക്കുന്ന തരത്തിലുള്ളതല്ല താനും.

5.56x45എംഎം കാട്രിഡ്ജ് ആണ് ഇത്. ഇൻസാസ് റൈഫിളുകൾ നാവികസേന ഉപയോഗിക്കുന്നുണ്ട്. എന്നാൽ വെടിയുതിർത്തു കഴിഞ്ഞാൽ വെടിയുണ്ടയ്ക്കു പോകാനാവുന്ന പരിധി (റേഞ്ച്) കേവലം 400 മീറ്ററാണ്. മത്സ്യത്തൊഴിലാളിക്കു വെടിയേറ്റതു കടലോരത്തുള്ള നാവിക കേന്ദ്രത്തിന്റെ മതിലിൽ നിന്ന് ഏകദേശം ഒരു കിലോമീറ്ററിനും ഒന്നരക്കിലോമീറ്ററിനും ഇടയിലാണെന്നാണു പൊലീസ് കണ്ടെത്തിയത്.

അത്രയും റേഞ്ച് ഇൻസാസ് തോക്കുകൾക്കില്ല എന്നതു ചൂണ്ടിക്കാട്ടിയാണു നാവികസേന പൊലീസ് വാദത്തെ പ്രതിരോധിക്കുന്നത്. ബോട്ടിൽ നിന്നു ലഭിച്ച വെടിയുണ്ട നാവികസേന ഉപയോഗിക്കുന്ന തരത്തിലുള്ളതല്ലെന്ന് ആദ്യ ദിവസം തന്നെ നാവികസേന വെളിപ്പെടുത്തിയിരുന്നു. നാവികസേനയുടെ ബാലിസ്റ്റിക് വിദഗ്ധർ ഈ വെടിയുണ്ട അന്നു തന്നെ പരിശോധിക്കുകയും ചെയ്തു. സ്വർണവർണമുള്ള വെടിയുണ്ടയാണു ബോട്ടിൽ നിന്നു ലഭിച്ചത്. നിലവിൽ സേന ഉപയോഗിക്കുന്നതുമായി പ്രകടമായ വ്യത്യാസം ഇതിനുണ്ട്. മത്സ്യത്തൊഴിലാളി സഞ്ചരിച്ച ബോട്ട് കടലിൽ നിന്ന് അഴിമുഖത്തേക്കു കടക്കുന്നതിനു മുൻപാണു സംഭവം നടന്നത്. ഇതിനു സമീപത്തു കൂടിയാണു കപ്പലുകൾ കടന്നു പോകുന്നതെന്നതാണു ആ വഴിയിലും അന്വേഷണം നടത്താനുള്ള കാരണം.

English Summary: Fisherman Shot inside boat, Follow Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com