ഡോ. അലക്സാണ്ടർ കാരയ്ക്കൽ അന്തരിച്ചു

Dr. Alexander Karakkal
ഡോ. അലക്‌സാണ്ടര്‍ കാരയ്ക്കല്‍
SHARE

തിരുവല്ല ∙ കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലറും കോട്ടയം ബസേലിയോസ് കോളജ് മുൻ പ്രിൻസിപ്പലും മലങ്കര അസോസിയേഷൻ മുൻ സെക്രട്ടറിയുമായ കാരയ്ക്കൽ ചക്കുംമൂട്ടിൽ ഡോ. അലക്സാണ്ടർ കാരയ്ക്കൽ (കുഞ്ഞുമോൻ– 81) അന്തരിച്ചു. മൃതദേഹം ഞായറാഴ്ച 4 ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം തിങ്കളാഴ്ച 2ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 3ന് കാരയ്ക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.

രക്തത്തിലെ അണുബാധയെ തുടർന്ന് വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ ബിലീവേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.55ന് ആയിരുന്നു അന്ത്യം. കണ്ണൂർ പ്രോ വിസി ആയിരുന്നിട്ടുണ്ട്. മൂന്നു പതിറ്റാണ്ടോളം പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ ചരിത്ര വിഭാഗം അധ്യാപകനായിരുന്നു. മലങ്കര ഓർത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റിയംഗം, വർക്കിങ് കമ്മിറ്റിയംഗം എന്നീ നിലകളിൽ നാലു പതിറ്റാണ്ടോളം പ്രവർത്തിച്ചു. മികച്ച പ്രഭാഷകനായിരുന്ന അദ്ദേഹം ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ സർവകലാശാലകളിൽ പ്രഭാഷണം നടത്തിയിട്ടുണ്ട്.

ഭാര്യ: തിരുവല്ല കുലത്താക്കൽ തോട്ടത്തിൽ വൽസ അലക്സാണ്ടർ (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: ബിന്ദു റിയ അലക്സ്, ബിഞ്ചു അലക്സാണ്ടർ (സീനിയർ മാനേജർ, നോറാട്ടൽ, യുഎസ്). മരുമക്കൾ: കൊട്ടാരക്കര ടോപ്‌സ് മാനർ ദീപ പണിക്കർ (എൽപിസി, യുഎസ്), തിരുവനന്തപുരം കൊച്ചാലുംമൂട്ടിൽ കോശി കെ.അലക്സ്. (ചീഫ് ആർക്കിടെക്ട്, വാസ്തു ശിൽപാലയ, തിരുവനന്തപുരം).

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ, ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത എന്നിവർ ആശുപത്രിയിലെത്തി പ്രാർഥന നടത്തി. 

നാടിനെ സ്നേഹിച്ച ചരിത്രാധ്യാപകൻ

ചരിത്രത്തെയും നാടിനെയും സ്നേഹിച്ച ചരിത്രാധ്യാപകനായിരുന്നു അന്തരിച്ച ഡോ. അലക്സാണ്ടർ കാരയ്ക്കൽ. മൂന്നു പതിറ്റാണ്ട് നീണ്ട കോളജ് അധ്യാപനത്തിൽ ലോകചരിത്രം തലമുറകൾക്ക് പറഞ്ഞു കൊടുത്തപ്പോഴും പേരിനൊപ്പം സ്വന്തം നാടിനെയും ചേർത്തുവയ്ക്കാൻ മറന്നില്ല.

തിരുവല്ല മാർത്തോമ്മാ കോളജിൽ പഠിക്കുന്ന കാലത്ത് യൂണിയൻ സ്പീക്കറായിരുന്നു. ആ വർഷം മാർത്തോമ്മാ കോളജ് ഇന്റർ കൊളീജിയറ്റ് പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയായിരിക്കുമ്പോൾ പ്രസംഗത്തിന് ഒട്ടേറെ പുരസ്കാരങ്ങൾക്ക് അർഹനായി. ശ്രീനാരായണ സെന്റിനറി ഡിബേറ്റിൽ ഒന്നാം സ്ഥാനം നേടി. അമേരിക്കൻ ഹിസ്റ്റോറിക്കൽ അസോസിയേഷൻ അവാർഡ് യുഎസ് പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റനിൽനിന്ന് ഏറ്റുവാങ്ങാനും കഴിഞ്ഞു. ടഗോർ സെന്റിനറി പുരസ്കാരം പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയാണ് സമ്മാനിച്ചത്.

പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ 28 വർഷം ചരിത്രാധ്യാപകൻ ആയിരുന്നപ്പോൾ പല പ്രമുഖരും ശിഷ്യഗണത്തിലെത്തി. മാർത്തോമ്മാ സഭയിലെ ഡോ. തോമസ് മാർ തീത്തോസും ശിഷ്യഗണത്തിൽപ്പെടും. 5 വർഷം തന്റെ അധ്യാപകനായിരുന്ന അദ്ദേഹം തന്റെ സാമൂഹിക ബന്ധത്തിലേക്കുള്ള വഴികാട്ടികളിൽ ഒരാളായിരുന്നെന്ന് എന്ന് മാർ തീത്തോസ് പറഞ്ഞു.തിരുവല്ലയിൽ നിന്നു പത്തനംതിട്ടയ്ക്കുള്ള ഫാസ്റ്റ് പാസഞ്ചറിൽ ചെറിയ പെട്ടിയുമായി യാത്ര ചെയ്തിരുന്ന കാരയ്ക്കൽ സാറിനെ പലരും ഇപ്പോഴും ഹൃദയത്തിൽ സൂക്ഷിക്കുന്നു. കോട്ടയം ബസേലിയോസ് കോളജ് പ്രിൻസിപ്പലായപ്പോഴും ബസ് യാത്രയുടെ ജനകീയത അദ്ദേഹം കൈവിട്ടിരുന്നില്ല. മുന്നണി വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയ നേതാക്കളുമായി നല്ല ബന്ധം പുലർത്തിയിരുന്നു.ഓർത്തഡോക്സ് സഭയിലെ മാനേജിങ്, വർക്കിങ് കമ്മിറ്റി അംഗമായി നാലു പതിറ്റാണ്ട് പ്രവർത്തിച്ച ഡോ. അലക്സാണ്ടർ കാരയ്ക്കൽ 2002 മുതൽ 2007വരെ മലങ്കര അസോസിയേഷൻ സെക്രട്ടറിയായി. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവാ ‘സഭാ വത്സലൻ’ എന്ന സ്ഥാനപ്പേരു നൽകി കാരയ്ക്കലിനെ ആദരിച്ചു. പരുമലപ്പള്ളി പുതുക്കി പണിതപ്പോഴും കൂദാശാ സമയത്തും മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു.  

English Summary: Dr. Alexander Karakkal passed away 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}