ADVERTISEMENT

കൊച്ചി∙ രാസലഹരിയും മദ്യവും കലർത്തി ഉപയോഗിച്ച 2 യുവാക്കൾ മരിച്ചതായി സുഹൃത്തിന്റെ മൊഴി. മൂന്നാമൻ ഒരാളെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയതായും വെളിപ്പെടുത്തി. കാസർകോട് സ്വദേശിയായ യുവാവ് ഗോവയിൽ ലഹരി പാർട്ടിയിൽ പങ്കെടുക്കുന്നതിനിടയിലാണു ഡാൻസ് ഫ്ലോറിൽ കുഴഞ്ഞുവീണു മരിച്ചത്. കോഴിക്കോടു സ്വദേശിയായ രണ്ടാമൻ ലഹരി കോക്ടെയ്ൽ ഉപയോഗിച്ച ശേഷം പുഴയിലേക്ക് ഇറങ്ങി മുങ്ങിമരിക്കുകയായിരുന്നു. 

‘ബീച്ചിലൂടെ നടന്നിട്ടു വരാമെന്നു’ പറഞ്ഞാണു സുഹൃത്ത് പുഴയിലേക്കു ഇറങ്ങിയതെന്നും ലഹരിമുക്തി ചികിത്സയ്ക്കെത്തിയ യുവാവ് മൊഴി നൽകി. ഇവരുടെ സംഘത്തിലുണ്ടായിരുന്ന കണ്ണൂർ സ്വദേശിയാണ് രാസലഹരി ഉപയോഗിച്ച ശേഷം കാർ മറ്റൊരു വാഹനത്തിലേക്ക് ഇടിച്ചു കയറ്റി അതിലെ ഡ്രൈവറെ കൊലപ്പെടുത്തിയതെന്നും മൊഴിയിലുണ്ട്. പരുക്കേറ്റ് ആശുപത്രിയിലായ യുവാവിനെ കണ്ടപ്പോൾ തന്റെ ‘മൈൻഡ് കുറച്ചു നേരം കട്ടായി’ എന്നാണ് അയാൾ പറഞ്ഞതെന്നും  മൊഴിയിൽ പറയുന്നു.

ഇത്തരം ലഹരിക്ക് അടിമയായ മലയാളി ചലച്ചിത്ര പ്രവർത്തകനെ അടുത്ത സുഹൃത്തുക്കൾ ചേർന്നു മാസങ്ങൾക്കു മുൻപ് ആശുപത്രിയിലാക്കി. അവസാന സിനിമയുടെ വിജയത്തിനു ശേഷമാണ് ഇദ്ദേഹം ഇതിന് അടിമയായത്. പുതിയ സിനിമയുടെ ചർച്ചയ്ക്കു വേണ്ടി താമസ സ്ഥലത്തെത്തിയ സുഹൃത്തുക്കളാണ് അവശനിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ആശുപത്രിയിലാക്കിയത്. തലേന്നു രാത്രി ലഹരി ഉപയോഗിച്ചു മതിഭ്രമമുണ്ടായ യുവാവ് വീടിനു സമീപത്തെ പറമ്പു മുഴുവൻ മൺവെട്ടി ഉപയോഗിച്ചു കുഴിച്ചിരുന്നു. ചികിത്സയോടു സഹകരിച്ചാൽ ഏതാനും മാസങ്ങൾ കൊണ്ടു യുവാവിനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ കഴിയുമെന്നാണു മാനസികാരോഗ്യ വിദഗ്ധരുടെ അഭിപ്രായം.

പ്രചരിപ്പിക്കാൻ പ്രത്യേക സംവിധാനം

സെലിബ്രിറ്റികളെ വീഴ്ത്താൻ പ്രത്യേകം ഏജന്റുമാരെ നിയോഗിച്ചിട്ടുള്ള ‘ലഹരി കാർട്ടൽ’ ആണു കേരളത്തിൽ രാസലഹരി പ്രചരിപ്പിക്കുന്നത്. ഗ്രാമിനു 4000 രൂപ മുതൽ 8000 രൂപ വില ഈടാക്കുന്ന ഇത്തരം ലഹരി മരുന്നുകൾ ഉപയോഗിക്കാനുള്ള സാമ്പത്തിക ശേഷി സാധാരണക്കാർക്കില്ല. സെലിബ്രിറ്റികൾ ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇന്റർനെറ്റ് അധോലോകമായ ഡാർക്ക് വെബിലെ ലഹരി പോർട്ടലുകൾ വഴി കാർട്ടലുകൾ പ്രചരിപ്പിക്കാറുണ്ട്. 

ഇവർക്കു വേണ്ടി മാത്രം പ്രത്യേക സമൂഹമാധ്യമ ഗ്രൂപ്പുകളുണ്ടാക്കി ഓരോ ദിവസവും ഇവരുടെ ലഹരി അനുഭവങ്ങൾ അതിൽ പങ്കുവയ്പ്പിക്കും. ഇത്തരം തുറന്ന അഭിപ്രായപ്രകടനങ്ങൾ നടത്തുന്നതിനു കനത്ത പ്രതിഫലവും സൗജന്യമായി ലഹരി മരുന്നുമാണ് ഇവർക്കു നൽകുക. 

English Summary: Statement that two youth died using drugs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com