ADVERTISEMENT

തിരുവനന്തപുരം∙ രാഷ്ട്രീയ തന്ത്രത്തിൽ മികവുപുലർത്തുന്ന പ്രകാശ് ജാവഡേക്കറെ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയായി നിയമിച്ചതിലൂടെ 2024 ലെ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തും ചില പരീക്ഷണങ്ങൾക്കു ബിജെപി കേന്ദ്രനേതൃത്വം ലക്ഷ്യമിടുന്നു. വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രതീക്ഷയായ കേരളത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്നതാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ താൽപര്യം.

എതിരാളികൾ ശക്തരായ മണ്ഡലങ്ങളിൽ ദേശീയ നേതാക്കളെത്തന്നെ എത്തിച്ച് ഇപ്പോഴേ പ്രവർത്തനം തുടങ്ങി പ്രതിരോധിക്കണമെന്നാണു ഹൈദരാബാദിലെ ദേശീയ എക്സിക്യൂട്ടീവിൽ പാർട്ടിയെടുത്ത ഒരു തീരുമാനം. ഇത്തരത്തിൽ കടുത്ത മത്സരം നടത്തേണ്ടത് ഉൾപ്പെടെ 420 മണ്ഡലങ്ങളിലാവും ശ്രദ്ധ. 303 സീറ്റാണു കഴിഞ്ഞ തവണ ലഭിച്ചത്. ജാവഡേക്കർക്കൊപ്പം ഉത്തർപ്രദേശിൽ നിന്നുള്ള നേതാവ് ഡോ.രാധാ മോഹൻ ദാസ് അഗർവാളാണ് സഹപ്രഭാരി.

ഡിസംബറിൽ കെ.സുരേന്ദ്രന്റെ പ്രസിഡന്റ് കാലാവധി തീരും. സ്ഥാനമാറ്റം വന്നാൽ പുതിയ പ്രസിഡന്റിനെ കണ്ടെത്തുകയെന്ന ചുമതലയും പ്രഭാരിക്കാണ്. ദേശീയ പ്രസിഡന്റ് പദത്തിൽ ജെ.പി.നഡ്ഡയും ഡിസംബറിൽ കാലാവധി പൂർത്തിയാക്കും. കേന്ദ്രമന്ത്രിസഭാ പുന:സംഘടനയിൽ അദ്ദേഹം മന്ത്രിയാകുമെന്നു സൂചനകളുണ്ട്. ദേശീയ പ്രസിഡന്റ് മാറുകയാണെങ്കിൽ ഒപ്പം കാലാവധി തീരുന്ന സംസ്ഥാന പ്രസിഡന്റുമാരും മാറുന്നതാണ് ബിജെപി രീതി. കോവിഡ് മൂലം 2 വർഷം പ്രവർത്തിക്കാനായില്ലെന്ന പേരിൽ നഡ്ഡ തുടരാൻ തീരുമാനിച്ചാൽ കെ.സുരേന്ദ്രനും തുടരും. നഡ്ഡയും ജാവഡേക്കറും 25നും 26നും കേരളത്തിലുണ്ട്.

കേരളത്തിൽ ബിജെപിക്കു മുന്നേറ്റമില്ലെന്ന നിരാശയുള്ളതിനാൽ മാറ്റങ്ങൾക്കു മടിക്കേണ്ടെന്ന സന്ദേശമാണ് ആർഎസ്എസ് നേതൃത്വം നൽകുന്നത്. 2025 ൽ ശതാബ്ദി ആഘോഷിക്കുന്ന ആർഎസ്എസ് പ്രധാന ലക്ഷ്യമായി പ്രഖ്യാപിച്ചത് ബിജെപി ഉൾപ്പെടെ പരിവാർ സംഘടനകളുടെ പൂർണവിജയം ആണ്. കേരളത്തിലും ഇതിനായി ആർഎസ്എസ് സ്വന്തം നിലയിൽ ഒരുക്കങ്ങൾ തുടങ്ങി. സർ സംഘചാലക് മോഹൻ ഭാഗവത് ഇതിന്റെ ഭാഗമായ നേതൃ കൂടിയാലോചനകൾ നടത്തുന്നുണ്ട്.

ദക്ഷിണേന്ത്യയിൽ കൂടുതൽ സീറ്റുകൾ, ഒപ്പം കോൺഗ്രസിന്റെയും ഘടകകക്ഷികളുടെയും ശക്തി ചോർത്തുക. ഇതാണു ബിജെപിയുടെ ലക്ഷ്യം. കോൺഗ്രസിന്റെ പ്രധാന നേതാക്കൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ ബിജെപിയുടെ ദുർബല ബൂത്തുകളിൽ ശ്രദ്ധിക്കാനാണ് നിർദേശം. കേന്ദ്രമന്ത്രിമാരും നേതാക്കളും ഇനിയെത്തുക ഇൗ ബൂത്തുകളിലേക്കാണ്. ഇവിടെ വോട്ടർപട്ടികയുടെ ഓരോ പേജിലെയും വോട്ടർമാരെ ശ്രദ്ധിക്കാൻ 10 പേരുടെ കമ്മിറ്റിയുണ്ടാക്കും. മുൻപ് ഒരു പേജിന് ഒരു പേജ് പ്രമുഖ് ആയിരുന്നു. ക്രൈസ്തവ സഭകളുമായി അടുത്ത സൗഹൃദത്തിന് കേന്ദ്രനേതൃത്വം നിരന്തരം ശ്രമിക്കുന്നുണ്ട്. കോൺഗ്രസിനെ ലക്ഷ്യം വയ്ക്കുമ്പോൾ അതു പരോക്ഷമായി ഇടതു മുന്നണിയെ സഹായിക്കുന്നതാവില്ലേ എന്ന ചോദ്യം ബിജെപിക്കു നേരിടേണ്ടി വരും.

English Summary: BJP to experiment in kerala with Prakash Javadekar as incharge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com