പാവങ്ങൾക്കുള്ള അരലക്ഷത്തിന്റെ ചികിത്സാസഹായം നിർത്തി; ‘കാസ്പി’ൽ ലയിപ്പിച്ചെന്ന് വിശദീകരണം

medical-representational-image
പ്രതീകാത്മക ചിത്രം
SHARE

കോഴിക്കോട്∙ മൂന്നു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള  രോഗികൾക്ക് അര ലക്ഷം വരെ ചികിത്സാസഹായം ലഭ്യമാക്കിയിരുന്ന ‘സൊസൈറ്റി ഫോർ മെഡിക്കൽ അസിസ്റ്റൻസ് ടു ദ് പുവർ’ പദ്ധതി സർക്കാർ നിർത്തലാക്കി. സ്വാതന്ത്ര്യ സുവർണ ജൂബിലിയോടനുബന്ധിച്ച് 1998 ൽ ആവിഷ്കരിച്ച പദ്ധതിയിൽ കാൻസർ, ഹൃദയശസ്ത്രക്രിയ തുടങ്ങി പതിനാറ് ഇനങ്ങൾക്ക് ധനസഹായം ലഭിച്ചിരുന്നു. ഇത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) ലയിപ്പിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വിശദീകരിക്കുന്നുണ്ടെങ്കിലും  ഈ ആനുകൂല്യങ്ങൾ നൽകുന്നതിനു കാസ്പ് ചട്ടങ്ങൾ തടസ്സമാകും. 

പദ്ധതിയുടെ ചെലവിന്റെ പകുതി വീതം സംസ്ഥാനവും കേന്ദ്രവുമാണു വഹിച്ചിരുന്നത്. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, റീജനൽ കാൻസർ സെന്റർ എന്നിവയടക്കം 15 ആശുപത്രികൾ ആദ്യഘട്ടത്തിൽ പദ്ധതിയിലുണ്ടായിരുന്നു.  2016 ൽ ജില്ലാ ആശുപത്രികളും സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികളും ആയുർവേദ ആശുപത്രികളും അടക്കം 51 ചികിത്സാകേന്ദ്രങ്ങൾ കൂടി ഉൾപ്പെടുത്തി.

മസ്തിഷ്ക ശസ്ത്രക്രിയ, ഹൃദയം തുറന്നുള്ള ചികിത്സ, വൃക്ക– കരൾ മാറ്റിവയ്ക്കൽ, പേസ്‌മേക്കർ സ്ഥാപിക്കൽ, ഡയാലിസിസ്, കാൽമുട്ട്–ഇടുപ്പ് മാറ്റിവയ്ക്കൽ എന്നിവയ്ക്കും, കാൻസർ, ഗില്ലൻബാരി സിൻഡ്രം, വന്ധ്യത തുടങ്ങിയവയുടെ ചികിത്സയ്ക്കുമായിരുന്നു ധനസഹായം. സർക്കാരിൽ നിന്നുള്ള മറ്റ് ആനുകൂല്യങ്ങൾക്കു പുറമേ ചികിത്സയ്ക്കായി രോഗി  ചെലവാക്കുന്ന തുകയുടെ അടിസ്ഥാനത്തിലാണു സഹായം കണക്കാക്കിയിരുന്നത്. അപേക്ഷ സമർപ്പിച്ച ശേഷം രോഗി മരിച്ചാൽ അർഹതയുടെ അടിസ്ഥാനത്തിൽ അനന്തരാവകാശിക്കും തുക അനുവദിച്ചിരുന്നു. 

പദ്ധതി ലയിപ്പിച്ചെന്നു പറയുന്ന കാസ്പിൽ നിന്നു കിടത്തിച്ചികിത്സയ്ക്കുള്ള തുക മാത്രമേ നൽകൂ. പിന്നീടു മരുന്നുകൾ വാങ്ങാനുള്ള ചെലവുകളോ, അനന്തരാവകാശിക്കു തുക നൽകുന്നതോ കാസ്പിന്റെ പരിധിയിൽ വരില്ല.

English Summary: Government of Kerala merges Society for medical assistance to the poor project with Karunya Health Security Project

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}