ADVERTISEMENT

തിരുവനന്തപുരം ∙ സിൽവർലൈൻ വേഗ റെയിൽ പദ്ധതിക്കു ജപ്പാൻ ഇന്റർനാഷനൽ കോ ഓപ്പറേഷൻ ഏജൻസിയുടെ (ജൈക്ക) ധനസഹായം തൽക്കാലം ലഭിക്കില്ല. ജൈക്ക ഫണ്ട് ഉപയോഗിച്ചു പദ്ധതികൾ നടപ്പാക്കാനുള്ള ജൈക്ക റോളിങ് പ്ലാനിൽനിന്ന് പദ്ധതിയെ ഒഴിവാക്കിയതായി വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു കേന്ദ്ര ധനമന്ത്രാലയം മറുപടി നൽകി. ഇതോടെ, പദ്ധതിയുടെ വിദേശ വായ്പ ആരു നൽകുമെന്ന ചോദ്യമുയർന്നു. 

പദ്ധതിച്ചെലവായ 63,941 കോടി രൂപയിൽ 33,000 കോടിയാണു ജൈക്കയിൽനിന്നു വായ്പയെടുക്കാൻ ഉദ്ദേശിച്ചത്. പദ്ധതിയെ ജൈക്ക പ്ലാനിൽ ഉൾപ്പെടുത്തിയതായി കഴിഞ്ഞവർഷം ജനുവരിയിൽ ധനമന്ത്രി നിർമല സീതാരാമൻ സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ, ഇത്രയും തുക വായ്പ നൽകാനാകില്ലെന്നും മറ്റ് ഏജൻസികളെക്കൂടി കണ്ടെത്തണമെന്നും ജൈക്ക നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റു വായ്പാ ഏജൻസികളെക്കൂടി കണ്ടെത്താനുള്ള അപേക്ഷ കെ റെയിൽ, സംസ്ഥാന സർക്കാർ വഴി കേന്ദ്ര ധന മന്ത്രാലയത്തിനു നൽകിയെങ്കിലും പരിഗണിച്ചിട്ടില്ല.

ജൈക്ക പ്ലാനിൽനിന്നു പദ്ധതി പുറത്തായെന്നും മറ്റു വായ്പാ ഏജൻസികളെ കണ്ടെത്താനുള്ള അപേക്ഷ പരിഗണിക്കണമെങ്കിൽ പദ്ധതിയുടെ സാങ്കേതിക– സാമ്പത്തിക സാധ്യത സംബന്ധിച്ചു റെയിൽവേയുടെ റിപ്പോർട്ട് ലഭിക്കണമെന്നുമാണു ധനമന്ത്രാലയത്തിന്റെ ഇപ്പോഴത്തെ നിലപാട്. പദ്ധതിയെക്കുറിച്ച് എന്തെങ്കിലും അഭിപ്രായപ്പെടാവുന്ന സ്ഥിതി ഇപ്പോഴില്ലെന്നാണു ഫെബ്രുവരിയിൽ ധനമന്ത്രാലയത്തെ റെയിൽവേ അറിയിച്ചത്. സിൽവർലൈൻ വിരുദ്ധ സമിതി പ്രവർത്തകൻ കൂടിയായ കോട്ടയം പെരുവ സ്വദേശി എം.ടി.തോമസിനാണു വിവരാവകാശ നിയമപ്രകാരമുള്ള മറുപടി ലഭിച്ചത്. 

അതേസമയം, ജൈക്ക പ്ലാനിൽനിന്നു പദ്ധതിയെ ഒഴിവാക്കിയതു ധന മന്ത്രാലയം ഇതുവരെ അറിയിച്ചിട്ടില്ലെന്നു കെ റെയിൽ എംഡി വി.അജിത്കുമാർ പ്രതികരിച്ചു. മറ്റ് ഏജൻസികളെക്കൂടി കണ്ടെത്താൻ ജൈക്കയുടെ നിർദേശപ്രകാരം നൽകിയ അപേക്ഷ പരിഗണനയിലുള്ളതുകൊണ്ടാകാം പഴയ അപേക്ഷ റോളിങ് പ്ലാനിൽനിന്നു കേന്ദ്രം ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

English Summary: Silverline out of Japan bank loan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com