ADVERTISEMENT

കണക്കാണ് ബിഷപ് ഡോ.മലയിൽ സാബു കോശിചെറിയാന്റെ ഇഷ്ട വിഷയം. ശിഷ്ടം എപ്പോഴും സന്തോഷമാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമവും. (സഭയിലെ ആദ്യത്തെയും അവസാനത്തെയും തിരഞ്ഞെടുക്കപ്പെട്ട ട്രഷററാണ് അദ്ദേഹം). 

ഒന്നും ഒന്നും ചേർന്നാൽ ഇമ്മിണി ബല്യ ഒന്ന് എന്ന ബഷീറിയൻ തത്വമാണ് സിഎസ്ഐ സഭയിലേതെന്നും നാല് ഒന്നുകൾ ചേർന്ന് വലിയ ഒന്നായതാണ് സഭയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പ്രസ്ബിറ്റേറിയൻ, ആംഗ്ലിക്കൻ, മെഥഡിസ്റ്റ്, കോൺഗ്രിഗേഷനൽ എന്നീ സഭകൾ ഒന്നു ചേർന്ന് രൂപപ്പെട്ടതാണ് സിഎസ്ഐ സഭ. ഒന്നായാൽ നന്നാവാം എന്ന കുഞ്ഞുണ്ണിക്കവിതയാണ് ശരിയെന്ന് അദ്ദേഹം ബോധ്യപ്പെടുത്തുന്നു. 

കൃഷിയാണ് ബിഷപ്പിന്റെ മറ്റൊരു പ്രിയ മേഖല. ദിവസവും കുറച്ചു സമയമെങ്കിലും കൃഷിയിടത്തിൽ അധ്വാനിക്കും. സഭാ കാര്യങ്ങളുമായി സെക്രട്ടറി അച്ചൻ പലപ്പോഴും പോകുന്നതും ബിഷപ് ഹൗസിലെ കൃഷിയിടത്തിലേക്കാണ്. പയർവള്ളി കെട്ടിക്കയറ്റുന്ന അതേ ശ്രദ്ധയോടെ സഭയെ വളർച്ചയിലേക്ക് നയിക്കുകയാണ് ബിഷപ്. പത്തനംതിട്ട പുന്നയ്ക്കാട്ട് സഭ ആരംഭിച്ച സിഎസ്ഐ കോളജ് ഫോർ അഡ്വാൻസ് സ്റ്റഡീസ് കോളജ്, സിഎംസി വെല്ലൂരുമായി ബന്ധപ്പെട്ട് കണികാപുരത്ത് നാലു കോടി ചെലവിൽ ആരംഭിക്കുന്ന പദ്ധതി, സന്നദ്ധ സുവിശേഷ സംഘത്തിന്റെ പുനരുജ്ജീവനം, നേത്രദാന പരിപാടി... നീളുകയാണ് പട്ടിക. 

കുപ്പായം സ്വയം ഇസ്തിരിയിടണമെന്ന നിഷ്ഠക്കാരനാണ് അദ്ദേഹം. വെടിപ്പാക്കി ഇസ്തിരിയിട്ടു നേരെയാക്കിയതു പോലെയാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും. ആത്മീയ ശോഷണത്തെപ്പറ്റി, സഭാതർക്കങ്ങളെക്കുറിച്ച്, സ്വന്തം വീട്ടിലുണ്ടായ പ്രശ്നങ്ങളെപ്പറ്റി, സർക്കാരിന്റെ അനാവശ്യ ഇടപെടലുകളെക്കുറിച്ച്... അദ്ദേഹം തുറന്നു പറയുന്നു. 

കോവിഡ് കാലത്ത് ഓൺലൈൻ ആരാധനകളായിരുന്നല്ലോ കൂടുതൽ, ഇപ്പോൾ ആളുകൾ ദേവാലയങ്ങളിലേക്ക് കൂടുതലായി എത്തുന്നുണ്ടോ? 

ജോലിയുള്ളവരും ചെറുപ്പക്കാരായ ദമ്പതികളുമാണ് ഓൺലൈൻ തന്നെയാണ് നല്ലതെന്ന നിലപാടിലുള്ളത്. കുട്ടികൾക്കും പ്രായമുള്ളവർക്കും ദേവാലയത്തിൽ വരണമെന്ന് ആഗ്രഹമുണ്ട്. ദേവാലയ കേന്ദ്രീകൃതമായി കൂടുതൽ പരിപാടികൾ നടത്തുന്നതിൽ ശ്രദ്ധിക്കുന്നു. ആരാധനയെന്നു പറയുന്നതു കൂട്ടായ്മയാണ്. ഒറ്റയ്ക്കു നിന്നാൽ കൂട്ടായ്മ ഉണ്ടാകില്ല. ആദിമ സഭയുടെ പ്രത്യേകതയും ഈ കൂട്ടായ്മയായിരുന്നു. 

ദൈവവിശ്വാസം ഇല്ലാത്ത രാജ്യങ്ങളിൽ അഴിമതി തീരെയില്ലെന്നും ഒരു പ്രചാരണമുണ്ട്.  മതങ്ങൾ വളരുന്നതിനൊപ്പം നമ്മുടെ നാട്ടിൽ അഴിമതിയും അക്രമവും പെരുകുകയാണല്ലോ?

മതബോധം മാത്രമാണ് വളരുന്നത്. ആത്മീയത വളരുന്നില്ല. ആത്മീയതയും മതവും രണ്ടു രീതിയിൽ പോകുന്നതാണ് പ്രശ്നം. പള്ളി വെറും  സോഷ്യലൈസിങ് സെന്ററായി മാറുകയാണ്. ദൈവവുമായുള്ള ബന്ധത്തിലേക്ക് തിരിച്ചുവരണം. അപ്പോഴേ ആത്മീയത ശക്തമാകൂ.  പീ‍‍ഡിതർക്കൊപ്പം ചേർന്നാലേ സഭ സഭയാകൂ.   

വിശ്വാസികളെ ഇക്കാര്യത്തിൽ എങ്ങനെ പ്രചോദിപ്പിക്കാനാകും?

സഭയെ ശുദ്ധീകരിക്കാനുള്ള ഉത്തരവാദിത്തവും സഭാ മക്കൾക്കുണ്ട്. അടുത്തിടെ മദ്യവർജന പരിപാടിയിൽ പങ്കെടുത്തപ്പോൾ അവരോടു പറഞ്ഞതും സർക്കാരിനെതിരെയല്ല സമരം ചെയ്യേണ്ടത് എന്നാണ്.  സഭാ വിശ്വാസികളെ ബോധവൽക്കരിച്ച് മദ്യപാനത്തിൽ നിന്നു പിന്മാറ്റിയാൽ മദ്യപാനം പകുതിയാകും. എന്നാൽ അതു സംഭവിക്കുന്നില്ല.

വിദേശത്തേക്ക് കുടിയേറുന്ന കുട്ടികളുടെയും യുവാക്കളുടെയും എണ്ണം കൂടുകയാണല്ലോ?

ശ്രദ്ധിക്കേണ്ട മേഖലയാണത്. മസ്തിഷ്ക ശോഷണമാണ് സംഭവിക്കുന്നത്. ഇതു തുടർന്നാൽ ശേഷിക്കുന്നത് രണ്ടാംനിര പൗരന്മാർ മാത്രമാകും. ബുദ്ധിയുള്ളവരെല്ലാം വെളിയിലേക്കു പോകും. ഇപ്പോൾ പണം ഒക്കെ കിട്ടി നന്നാകാം എന്നു മാതാപിതാക്കളും വിചാരിക്കും. അടുത്ത തലമുറയെപ്പറ്റി ആരും ചിന്തിക്കുന്നില്ല. 

സമ്മർദ ഗ്രൂപ്പുകളായി സഭയും സമുദായവുമെല്ലാം നിൽക്കുന്നത് ശരിയാണോ?

സഭ നേരിട്ട് രാഷ്ട്രീയത്തിൽ ഇടപെടുകയല്ല വേണ്ടത്. പ്രശ്നങ്ങളിൽ ഇടപെടാം. സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടിയാണല്ലോ രാഷ്ട്രീയം. വിഴിഞ്ഞം പ്രശ്നം പോലുള്ളവയിൽ സഭ ഇടപെടണം. മുക്കുവർക്കു വേണ്ടി മാത്രമല്ല ആ സമരം. സമൂഹത്തിന് മുഴുവനും വേണ്ടിയുള്ള സമരമാണത്. 

സഭാ വിശ്വാസികൾ രാഷ്ട്രീയത്തിൽ വരുന്നതിനെ എങ്ങനെ കാണുന്നു? 

നല്ല രാഷ്ട്രീയക്കാർ സഭയിൽ നിന്ന് ഉണ്ടാകണം. നോട്ടിസ് ഒട്ടിക്കുന്ന തലം വരെയേ എന്റെ സഭയിൽ നിന്ന് രാഷ്ട്രീയക്കാർ ഉണ്ടാകുന്നുള്ളൂ എന്ന് പറയാറുണ്ട്. അതു മാറണം. 

കെ റെയിലിനെ പിന്തുണയ്ക്കുന്നുണ്ടോ?

പ്രയോജനത്തെക്കാൾ കൂടുതൽ ദോഷങ്ങളാണ് കെ റെയിൽ ഉണ്ടാകുന്നത്. വേഗത്തെക്കുറിച്ചാണ് അനുകൂലിക്കുന്നവർ പറയുന്നത്. വേഗത്തിലെത്താൻ മറ്റു വഴികളുണ്ട്. എന്നാൽ ഇരകളാക്കപ്പെടുന്നവർ കൂടുതലാണ്. പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കും. വികസന വിരോധിയാണെന്ന് കരുതരുത്. റോഡ് ഉണ്ടാകണം. പക്ഷേ വെള്ളം ഒഴുകാനുള്ള ഓടയും വേണം. 

ചാരിതാർഥ്യം തോന്നിയ നിമിഷങ്ങൾ

കോവിഡിന്റെ സമയത്ത് നല്ല പ്രവർത്തനം കാഴ്ചവച്ചു. 15 ലക്ഷം ഡോസ് കോവിഡ് പ്രതിരോധ ഹോമിയോ മരുന്നുകളാണ് കൊടുത്തത്. എല്ലാ മൂന്നു മാസം കൂടുമ്പോൾ ആലപ്പുഴയിൽ നിന്ന് മരുന്നു വാങ്ങി കൊണ്ടുവരുമായിരുന്നു. ബിഷപ്പിന്റെ ഭാര്യ ഹോമിയോ ഡോക്ടറായതു കൊണ്ട് ഹോമിയോ മരുന്നു കുടിച്ചു. ആയുർവേദ ഡോക്ടറായിരുന്നെങ്കിൽ കഷായം കുടിച്ചു വലഞ്ഞേനെ എന്നു ട്രോളിയവരുമുണ്ട്. 

പ്ലാറ്റിനം ജൂബിലിയിൽ ഏറ്റവും അർഥവത്തായി തോന്നുന്ന ആഘോഷം ഏതാണ്?

ദീപശിഖാ പ്രയാണങ്ങളോടും പ്രധാനവേദിയിലെ ദീപം തെളിക്കലിനോടും അനുബന്ധമായുള്ള സന്ദേശം വളരെ അർഥപൂർണമാണ്. സഭയുടെ 12 മേഖലകളെ നാലായി തിരിച്ച് നാലു ദീപശിഖകളാണ് ശാസ്ത്രി റോഡിലെ റൗണ്ടിൽ സ്വീകരിച്ചത്. ഇത് സിഎസ്ഐ സഭയിലേക്ക് എത്തിയ നാലു സഭകളുടെ പ്രതീകമാണ്. ഇന്നലെ വരെ നാലായിരുന്നത് ഒന്നായി എന്ന സന്ദേശം. പ്രധാനവേദിയിൽ 24 പേർ കൊണ്ടുവരുന്ന ദീപങ്ങളിൽ നിന്ന് പ്രധാന ദീപത്തിലേക്ക് അഗ്നിപകരും. സഭയുടെ വൈജാത്യങ്ങൾ ഒന്നാകുന്നതിന്റെ സന്ദേശമാണ് അത്. 

കൃഷി ഇഷ്ടപ്പെടുമ്പോഴും കർഷകരുടെ കാര്യം കഷ്ടത്തിലല്ലേ ?

അതു കൊണ്ടാണ് ഡൽഹിയിലെ കർഷക സമരത്തെ ശക്തമായി പിന്തുണച്ചത്. കാർഷിക ഉൽപന്നങ്ങൾക്ക് ഓൺലൈൻ വിപണിയെക്കുറിച്ച് സഭ ഗൗരവമായി ആലോചിക്കുന്നുണ്ട്. പള്ളികളെ കുറേക്കൂടി കൃഷിയിലേക്ക് ഇറക്കുകയാണ്. 

സ്വാതന്ത്ര്യദിനത്തിലും വേറിട്ട ആഘോഷമായിരുന്നല്ലോ?

145 തെരുവുമക്കളെ കണ്ടെത്തി. ആഹാരവും വസ്ത്രവും നൽകി. പതാക ഉയർത്തിയത് അവർക്കൊപ്പമാണ്. 

മറ്റു നിഷ്ഠകൾ 

ട്രഷറർ ആകുന്നതു വരെ മൂന്നു കുപ്പായം കൊണ്ടാണ് ഞാൻ ജീവിച്ചത്. കുപ്പായം അലക്കുന്നതും ഞാനായിരുന്നു. ട്രഷറർ ആയതോടെ അഞ്ചായി. ഇപ്പോഴും സ്വന്തമായിട്ടാണ്  ഇസ്തിരിയിടുന്നത്. 

സഭാ വിശ്വാസികൾക്ക് നൽകാനുള്ള സന്ദേശം?

ഐക്യവും അന്യരിലെ നന്മ കണ്ടെത്തുന്നതുമാണ് പ്രധാനം. ഭിന്നിച്ചു നിൽക്കുന്നതല്ല വളർച്ച. നാല് വ്യത്യസ്ത സഭകളായിരുന്നത് ഒന്നായി ചേർന്നു കാണിച്ച മാതൃകയാണ് ഞങ്ങളുടേത്. 1879ലാണ് ആംഗ്ലിക്കൻ സഭയുടെ ട്രാവൻകൂർ-കൊച്ചിൻ രൂപത ഉണ്ടായത്. 1816ൽ സിഎംഎസ് മിഷണറിമാർ വന്നു. അതിന്റെ തുടർച്ചപോലെ ഉണ്ടായ സഭയാണിത്. സിഎസ്ഐ എന്ന് പുതുനാമകരണം നൽകി എന്നേയുള്ളൂ. വിഘടിക്കുകയല്ല. ഐക്യപ്പെടുകയാണ് വേണ്ടത്. 

ഡോ. ജസി സാറാ കോശിയാണ് ഭാര്യ. മക്കൾ: സിബു (അയർലണ്ട്), സാം (മാക്സിലോ ഫേഷ്യൽ സർജറി എംഡിഎസ് വിദ്യാർഥി, ചെന്നൈ)

English Summary: Bishop Dr.Malayil Sabu Koshy Cherian speaking during CSI Platinum Jubilee Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com