ADVERTISEMENT

തിരുവനന്തപുരം ∙ വെള്ളപ്പൊക്കം തടയാൻ ഡച്ച് മാതൃകയിൽ കേരളത്തിൽ നടപ്പാക്കുന്ന ‘റൂം ഫോർ റിവർ’ പദ്ധതി തുടങ്ങി 2 വർഷത്തിനുള്ളിൽ തന്നെ കാര്യമായ മുന്നേറ്റം ഉണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെടുമ്പോൾ പല ജില്ലകളിലും പദ്ധതി ഇപ്പോഴും പാതിവഴിയിൽ.

വെള്ളത്തിന് ഒഴുകിപ്പോകാനുള്ള സ്ഥലം നൽകുന്നതാണ് ‘റൂം ഫോർ റിവർ’ പദ്ധതി. കുട്ടനാട് പോലെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ ഇത് ഏറെഫലപ്രദമാണെന്നു മനസ്സിലായതിന്റെ അടിസ്ഥാനത്തിലാണു കേരളത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിച്ചതെന്നു മുഖ്യമന്ത്രി പറയുന്നു. എന്നാൽ കുട്ടനാട്ടിൽ പോലും പദ്ധതി ഇഴയുകയാണ്. 

പമ്പയാറും അച്ചൻകോവിലാറും സംഗമിച്ചു കടലിലേക്ക് ഒഴുകുന്ന ഭാഗത്തു വീതി വളരെ കുറവാണെന്നതു പരിഗണിച്ച് ഈ ഭാഗത്തി‍ന്റെ വീതി കൂട്ടിയെന്നാണു വെള്ളിയാഴ്ച പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി  വ്യക്തമാക്കിയത്. വീതി 80 മീറ്ററിൽ നിന്ന് 400 മീറ്ററായി ഉയർത്തി, പമ്പയിൽ നിന്ന് 75000 ക്യുബിക് മീറ്റർ എക്കലും ചെളിയും നീക്കം ചെയ്ത് ആഴം കൂട്ടി, അതോടെ നദീജലത്തി‍ന്റെ ഒഴുക്ക് സുഗമമായി– മുഖ്യമന്ത്രി പറഞ്ഞു. 

എന്നാൽ പമ്പയാറും അച്ചൻകോവിലാറും സംഗമിക്കുന്ന കടൽഭാഗത്ത്  ഇതുവരെ വീതി കൂട്ടിയിട്ടില്ല. ജനങ്ങളെ മാറ്റിപ്പാർപ്പിച്ചാൽ മാത്രമേ ഇവിടെ വീതി കൂട്ടാൻ കഴിയൂ. ഇതിനു കാലതാമസം നേരിടും. പമ്പയിൽ നിന്നു എക്കലും ചെളിയും നീക്കി ആഴം കൂട്ടുന്ന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. 

പമ്പ, അച്ചൻകോവിൽ, മണിമല എന്നീ നദികളിലെ ജലമാണു പ്രളയത്തി‍ന്റെ പ്രധാന കാരണമെന്നും കടലിലേക്കു ജലമൊഴുക്കാൻ തോട്ടപ്പള്ളി സ്പിൽവേയിൽ 360 മീറ്റർ വീതിയിൽ പൊഴിമുറിച്ച് ആഴം വർധിപ്പിച്ചതു പ്രളയതീവ്രത കുറച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പക്ഷേ, തോട്ടപ്പള്ളി സ്പിൽവേയിൽ 2 വർഷമായി പൊഴിമുറിഞ്ഞു കിടക്കുകയാണ്. 40 ഷട്ടറുകളിൽ ഏഴാം നമ്പർ ഷട്ടർ 2 വർഷമായി നിലംപൊത്തിയ അവസ്ഥയിലാണ്.. 

മണ്ണും എക്കലും ലേലം പിടിക്കാൻ ആളില്ല, മണൽക്കൊള്ള

സംസ്ഥാനത്തെ 44 നദികളിലും കനാലുകളിലും മറ്റുമായി അടിഞ്ഞു കൂടിയിട്ടുള്ളത് 3 കോടി ഘനമീറ്റർ മണ്ണും എക്കലും ചെളിയും ആണെന്നാണു ജലസേചന വകുപ്പിന്റെ റിപ്പോർട്ട്.  ഇതിൽ 1 കോടി ഘന മീറ്റർ മണ്ണും എക്കലും മറ്റും മാത്രമാണ് ഇതു വരെ നീക്കം ചെയ്തത്. പലയിടത്തും നീക്കിയ മണ്ണും എക്കലും ലേലം പിടിക്കാൻ പോലും ആളില്ലാത്ത സ്ഥിതിയാണ്. ചെളി നീക്കലിന്റെ മറവിൽ മണൽക്കൊള്ള നടക്കുന്നതായി പത്തനംതിട്ട ഉൾപ്പെടെയുള്ള ജില്ലകളിൽ ആരോപണമുണ്ട്. മണിമലയാർ, പുല്ലകയാർ എന്നിവിടങ്ങളിൽ പ്രളയത്തിൽ വന്നടിഞ്ഞ മണ്ണും മണലും ചെളിയും കല്ലുകളും നീക്കം ചെയ്തതിനാൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ ആറുകൾ കരകവിഞ്ഞില്ലെന്ന് അധികൃതർ പറയുന്നു.

ആറ്റിൽനിന്നു വാരിയ മണലും എക്കലും മുണ്ടക്കയം പഞ്ചായത്ത് സ്റ്റേഡിയത്തിലും, കൂട്ടിക്കലിൽ സെന്റ് ജോർജ് സ്കൂളിലും, കൊക്കയാർ പഞ്ചായത്തിൽ സ്വകാര്യ എസ്റ്റേറ്റിലുമാണ് നിക്ഷേപിച്ചത്. ഇതു ലേലം ചെയ്യാനുള്ള നടപടികൾ എങ്ങുമെത്തിയില്ല. ലേലം ചെയ്ത് നൽകുന്ന തുക 70 % പഞ്ചായത്തിനും, 30% റവന്യു വകുപ്പിനും നൽകണം. എന്നാൽ രണ്ടു ലേലങ്ങൾ നടത്തിയിട്ടും ആരും ലേലം പിടിക്കാൻ വന്നില്ലത്രെ. അടുത്ത മഴയിൽ ഈ മണ്ണ് നദിയിലേക്കു തന്നെ പോകാം. 

പ്രളയഭീഷണി ഒഴിയാതെ...?

ഇതേ സമയം നദികളിൽ നിന്നും മണ്ണും എക്കലും നീക്കുന്നതു പല ജില്ലകളിലും കടലാസിൽ മാത്രമേയുള്ളൂ. കോട്ടയത്തെ എരുമേലി പഞ്ചായത്തിൽ പമ്പയാറിന്റെ 10 കിലോമീറ്റർ വരുന്ന ഭാഗത്ത് പ്രളയം നേരിടുന്നതിന് ഒരു നടപടിയും ഉണ്ടായിട്ടില്ല. 2018 ലെ പ്രളയത്തിൽ വൻതോതിൽ ചെളിയും മണലും ഒഴുകിവന്ന് അടിഞ്ഞ് ആറിന്റെ ആഴം കുറഞ്ഞതോടെ വർഷത്തിൽ പല തവണ പമ്പയാറിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നുണ്ട്. വരട്ടാർ പുനരുജ്ജീവനം പ്രഹസനമായി തുടരുന്നു. വീണ്ടെടുത്തെന്നു പറയുന്ന നദിയിൽ വെള്ളപ്പൊക്കത്തിൽ മാത്രമേ നീരൊഴുക്കുള്ളൂ. അതാകട്ടെ വീണ്ടെടുപ്പിനു മുൻപും ഉണ്ടായിരുന്നു. പലേടത്തും നദി ഇപ്പോഴും കൃഷിഭൂമി തന്നെ. പ്രതീക്ഷിച്ച ജോലിയുടെ 10% മാത്രമാണ് ഇതുവരെ പൂർത്തീകരിക്കാനായത്.

കണ്ണൂർ ജില്ലയിൽ പദ്ധതിയുടെ ഭാഗമായി പുഴകളുടെ ശുദ്ധീകരണമോ ആഴം കൂട്ടലോ നടപ്പാക്കിയിട്ടില്ല. പ്രളയശേഷം ബാവലിപ്പുഴയിലും വളപട്ടണം പുഴയുടെ ഇരിക്കൂർ മേഖലയിലും അടിഞ്ഞുകൂടിയ മണലും അവശിഷ്ടങ്ങളും 2019 ൽ നീക്കം ചെയ്തിരുന്നെങ്കിലും കോവിഡ് മൂലം തുടർനടപടികളുണ്ടായില്ല. കോഴിക്കോട്ട് ചാലിയാറിലും കടലുണ്ടിപ്പുഴയിലും അടിഞ്ഞു കൂടിയ മാലിന്യങ്ങളും മറ്റും നീക്കം ചെയ്യുന്ന നടപടികൾ പുരോഗമിക്കുന്നുണ്ട്. 

അപൂർണം ‘ഓപ്പറേഷൻ വാഹിനി’

തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പുഴകളിൽനിന്നു ചെളിനീക്കുന്ന ‘ഓപ്പറേഷൻ വാഹിനി’ പദ്ധതി എറണാകുളം ജില്ലയിൽ പൂർത്തിയാക്കിയിട്ടില്ല. എന്നാൽ പാലക്കാട് ജില്ലയിൽ സ്ഥിതി ഭേദമാണ്. പ്രളയ നിയന്ത്രണത്തിന്റെ ഭാഗമായി പുഴകളിലെ തടസ്സങ്ങളെല്ലാം അപ്പപ്പോൾ നീക്കുന്നുണ്ട്. പ്രളയ സമയത്ത് വലിയ നാശനഷ്ടങ്ങൾക്കിട വരുത്തിയ ചാലക്കുടിപ്പുഴയിൽ പദ്ധതിയുടെ ആഴംകൂട്ടലും എക്കൽ നീക്കലും ഏറെക്കുറെ പൂർത്തിയായി. 

തൃശൂർ ജില്ലയിലെ ചാലക്കുടിപ്പുഴയ്ക്കു പുറമേ ഭാരതപ്പുഴ, കേച്ചേരിപ്പുഴ, കരുവന്നൂർപ്പുഴ, മണലിപ്പുഴ, പുഴയ്ക്കൽ പുഴ എന്നിവിടങ്ങളിലാണു പദ്ധതിയുടെ ഭാഗമായി മണ്ണും ചെളിയും എക്കലും നീക്കാനുള്ള പദ്ധതികൾ നടന്നത്. 2019ൽ മലപ്പുറത്തു പ്രളയത്തിനു പ്രധാന കാരണമായ ചാലിയാർ പുഴയിൽ ‘റൂം ഫോർ റിവർ’ പ്രവർത്തനങ്ങൾ മുക്കാൽ ഭാഗം പൂർത്തിയായതായി മേജർ ഇറിഗേഷൻ വിഭാഗം പറയുന്നു. ഭാരതപ്പുഴയിൽ ചെറുതുരുത്തി ഭാഗത്തു നേരിയ തോതിൽ എക്കൽ നീക്കിയിരുന്നു. മറ്റിടങ്ങളിലെ നിർമാണ പുരോഗതി സംബന്ധിച്ചു വിവരങ്ങൾ ലഭ്യമല്ല. കാസർകോട് ജില്ലയിലെ 8 പുഴകളിലെയും മണലും ചെളിയും നീക്കം ചെയ്യൽ പൂർത്തിയായിട്ടില്ല. കൊല്ലം, ഇടുക്കി ജില്ലകളിൽ ആകട്ടെ പദ്ധതി പ്രവർത്തനങ്ങൾ ഇതു വരെ ആരംഭിച്ചിട്ടുപോലുമില്ല. 

തുക നൽകാതെ സർക്കാർ

പമ്പാനദിയിൽ ജലസേചന വകുപ്പ് ഇതുവരെ 4 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും സർക്കാർ ഇതുവരെ 53 ലക്ഷം രൂപ മാത്രമാണ് നൽകിയത്. ആവശ്യത്തിന് മണ്ണുമാന്തി യന്ത്രങ്ങളും ഡംപിങ് യാർഡുകളും ഇല്ല. പ്രവൃത്തികളുടെ ബില്ലും മാറിക്കൊടുക്കുന്നില്ല. 

∙ ‘മണ്ണും എക്കലും നീക്കാൻ ഓരോ നദികളുടെയും ചുമതല എക്സിക്യൂട്ടീവ് എൻജിനീയർക്ക് നൽകിയിട്ടുണ്ട്. പമ്പ, അച്ചൻകോവിൽ, മണിമലയാർ എന്നിവയ്ക്കു മാത്രമായി പ്രത്യേക പദ്ധതി നടപ്പാക്കും.’ – മന്ത്രി റോഷി അഗസ്റ്റിൻ

English Summary: Room for river project still not reached half way mark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com