ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനങ്ങളിൽ മാധ്യമ പ്രവർത്തകരുടെ രണ്ടോ മൂന്നോ ചോദ്യങ്ങളിൽ കൂടുതൽ അനുവദിക്കാറില്ലെങ്കിലും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എല്ലാ ചോദ്യങ്ങൾക്കും മറുപടി പറ‍ഞ്ഞ ശേഷമേ നിർത്തിയുള്ളൂ. 2 മണിക്കൂറോളം നീണ്ട പത്രസമ്മേളനത്തിൽ ചോദ്യങ്ങൾക്കു മുന്നിൽ പതറാതെ, ചുവടുറപ്പിച്ച നീക്കങ്ങളായിരുന്നു ഗവർണറുടേത്. 

കാർക്കശ്യവും ഗൗരവവും നിറഞ്ഞുനിന്ന വാദപ്രതിവാദങ്ങളിൽ ഇടയ്ക്കു ചിരിച്ചും ചിരിപ്പിച്ചും ഗവർണർ മുന്നേറി. കേന്ദ്രവും കേരളവും രണ്ടു പാർട്ടികൾ ഭരിച്ചപ്പോഴൊന്നും ഉണ്ടാവാത്തവിധം, തെളിവുകളുടെ വിഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് ഗവർണർ രാജ്ഭവനിൽ പത്രസമ്മേളനം വിളിച്ചു സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന രംഗം ചരിത്രത്തിന്റെ ഭാഗമാകുകയും ചെയ്തു.

ദേശീയ മാധ്യമങ്ങളിൽ നിന്നടക്കം മാധ്യമപ്രവർത്തകരുടെ വൻനിരയാണ് എത്തിയത്. സുരക്ഷാ പരിശോധനകൾക്കു ശേഷമാണ് വാഹനങ്ങളടക്കം രാജ്ഭവനിലേക്ക് പ്രവേശിപ്പിച്ചത്. ഇതുമൂലം രാജ്ഭവനു മുന്നിലെ റോഡിൽ ചെറിയ ഗതാഗതക്കുരുക്കുമുണ്ടായി. ‘കേരള രാജ്ഭവൻ, തിരുവനന്തപുരം’ എന്നെഴുതിയ ബാക് ഡ്രോപ്പിനു മുന്നിലിരുന്നാണ് ഗവർണർ മാധ്യമങ്ങളോടു സംസാരിച്ചത്. വിഡിയോ പ്രദർശിപ്പിക്കാൻ ഇരിപ്പിടത്തിന് ഇരുവശത്തുമായി വലിയ ടിവി സ്ക്രീനുകൾ.  

12 മണിക്കു തൊട്ടുമുൻപായി ഗവർണർ എത്തി. മുണ്ടും ജുബ്ബയും വേഷം. കയ്യിൽ മുഖ്യമന്ത്രി പിണറായി വിജയൻ എഴുതിയ കത്തുകളുടെ കോപ്പികളടങ്ങിയ ഫയൽ. ആമുഖമായി ഏതാനും വാക്കുകൾ. പിന്നെ നേരെ വിഡിയോ പ്രദർശനത്തിലേക്ക്. വിഡിയോകളിൽ നിന്ന് ഏത് ആദ്യം ‘പ്ലേ’ ചെയ്യണമെന്ന് നിർദേശം. സാകൂതം അത് കണ്ടിരിക്കുന്നതിനിടയിൽ ഇർഫാൻ ഹബീബും കെ.കെ. രാഗേഷും പ്രത്യക്ഷപ്പെട്ടപ്പോൾ ദൃശ്യം നിശ്ചലമാക്കാൻ നിർദേശം. സ്ക്രീനിൽ കാണുന്ന രംഗങ്ങളെക്കുറിച്ചുള്ള വിശദീകരണം. 

ചോദ്യോത്തര വേളയിൽ, കുരുക്കുമെന്നു കരുതിയ സന്ദർഭങ്ങളിലും പത്രസമ്മേളനത്തിന്റെ സാംഗത്യം ചോദ്യം ചെയ്തവരോടും ക്ഷോഭിക്കാതെ മറുപടി. ‘മൈക്ക് ബലഹീനതയാണെന്ന’ മുഖ്യമന്ത്രിയുടെ വിമർശനത്തിനു മറുപടി നൽകിയതാകട്ടെ ‘കടക്കു പുറത്ത്’ സമീപനം തനിക്കില്ലെന്ന പരിഹാസത്തോടെ. പത്രസമ്മേളനത്തിന്റെ തലേന്ന് ആർഎസ്എസ് നേതാവിനെ കണ്ടതും സ്വതസിദ്ധമായ ശൈലിയിൽ ന്യായീകരിച്ചു.

രാഷ്ട്രീയം, ആദർശം, പദവി എന്നിവയുമായി ബന്ധപ്പെട്ട് വ്യക്തിപരമായി മുറിവേൽപ്പിക്കുന്ന ചോദ്യങ്ങൾ ഉയർന്നപ്പോഴും നിലപാടുകൾ ആവർത്തിച്ചുറപ്പിക്കുന്ന മറുപടി. സാമ്പത്തികാരോപണം ഉന്നയിച്ചപ്പോൾ തെളിവ് ഹാജരാക്കൂ, താൻ മാറി നിൽക്കാമെന്നായി. ഇല്ലെന്നു തെളിഞ്ഞാൽ എന്തു ചെയ്യുമെന്ന മറുചോദ്യവും. ഉച്ചയൂണു വേളയും കടന്നു ചോദ്യോത്തരം നീണ്ടതോടെ അഡീഷനൽ പഴ്സനൽ അസിസ്റ്റന്റ് അടുത്തെത്തി സമയസൂചന നൽകി.

ചീഫ് സെക്രട്ടറി വന്നു; അനുരഞ്ജനമില്ല

തിരുവനന്തപുരം ∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമ പ്രവർത്തകരെ കാണുന്നതിനു തൊട്ടുമുൻപ് ചീഫ് സെക്രട്ടറി വി.പി.ജോയ് അദ്ദേഹത്തെ സന്ദർശിച്ചെങ്കിലും അനുരഞ്ജനം ഉണ്ടായില്ല. ചീഫ് സെക്രട്ടറി തന്നെ സന്ദർശിച്ചതിനു സർക്കാരുമായുള്ള അഭിപ്രായ ഭിന്നതയുമായി ബന്ധമില്ലെന്നു ഗവർണർ പറഞ്ഞു. മകളുടെ വിവാഹം ക്ഷണിക്കാൻ എത്തിയതാണെന്ന് ആയിരുന്നു വിശദീകരണം. എന്നാൽ, സർക്കാരുമായുള്ള പ്രശ്നങ്ങളും ചീഫ് സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായി എന്ന് അറിയുന്നു.

English Summary: Analysis of governor Arif Mohammad Khan press meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com