ADVERTISEMENT

തിരുവനന്തപുരം ∙ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ പാർട്ടി നേതാക്കൾ അനാവശ്യമായി കയറിയിറങ്ങരുതെന്ന് സിപിഎം നിർദേശം. സർക്കാരിനു സംസ്ഥാന കമ്മിറ്റി നൽകിയ മാർഗരേഖയിലാണിത്. വിവിധ ആവശ്യങ്ങൾക്കായി ചില നേതാക്കൾ സ്ഥിരമായി സെക്രട്ടേറിയറ്റിൽ എത്തുന്നുണ്ടെന്നാണു പാർട്ടിയുടെ നിരീക്ഷണം. ഈ പ്രവണത അവസാനിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന്, രണ്ടാം പിണറായി സർക്കാരിന്റെ ഒരു വർഷത്തെ പ്രവർത്തനം വിലയിരുത്തി സംസ്ഥാന കമ്മിറ്റി തയാറാക്കിയ അവലോകന രേഖ ആവശ്യപ്പെടുന്നു.

ദൈനംദിന ഭരണത്തിൽ പാർട്ടി ഇടപെടരുത് എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണു വിലക്ക്. അതേസമയം, ജനങ്ങൾ ഓരോ ആവശ്യത്തിനായി മന്ത്രിമാരുടെ ഓഫിസുകളിൽ എത്തുമ്പോൾ തടസ്സവാദങ്ങൾ ഗവേഷണം നടത്തി കണ്ടെത്താനല്ല ശ്രമിക്കേണ്ടതെന്നും വ്യക്തമാക്കി. എന്തെങ്കിലും തടസ്സമുണ്ടെങ്കിൽ അതു നീക്കുകയാണു മന്ത്രിമാരുടെ ഉത്തരവാദിത്തം.

സ്വയം അധികാരകേന്ദ്രങ്ങളായി മാറുന്നതിൽ ആഹ്ലാദം കണ്ടെത്തുന്ന അപൂർവം സഖാക്കൾ ഉണ്ടെന്നു നേരത്തേ തന്നെ സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാണിച്ചതാണെന്നു രേഖ ഓർമിപ്പിക്കുന്നു. എന്നാൽ ‘അപൂർവം’ എന്നു വിശേഷിപ്പിച്ച പ്രവണത വർധിച്ചുവരുന്നു. ഇത്തരം പ്രവർത്തനങ്ങൾ മുളയിൽ തന്നെ നുള്ളണമെന്നു വിവിധ ഘടകങ്ങളോടു സിപിഎം ആവശ്യപ്പെട്ടു. തെറ്റായ പ്രവണതകൾ സർക്കാരിൽ പ്രത്യക്ഷപ്പെടുമ്പോൾ പാർട്ടി ഇടപെട്ടു തിരുത്തണം. അതേസമയം അനാവശ്യമായി ഭരണത്തിൽ ഇടപെടരുത്. ‘സെൽ ഭരണം’ എന്ന പ്രചാരണത്തിന് ഇട വയ്ക്കുന്ന ഒരു നടപടിയും പാടില്ല.

മന്ത്രിമാർക്കും ഭരണതലത്തിൽ നിയോഗിക്കപ്പെട്ട മറ്റു പാർട്ടി നേതാക്കൾക്കും വീഴ്ച സംഭവിച്ചാൽ പാർട്ടി കർശനമായി ഇടപെടുമെന്നും രേഖ മുന്നറിയിപ്പു നൽകി. ‘ഭരണരംഗത്തുള്ളവരുടെ പ്രവർത്തനങ്ങൾ പരിശോധിക്കുകയും തിരുത്തലുകൾ വേണ്ട ഘട്ടത്തിൽ സർക്കാരിനെക്കൊണ്ടു തിരുത്തിക്കുന്ന തരത്തിൽ ഇടപെടാൻ കഴിയുകയും വേണം’. പാർട്ടി നേതൃത്വം നൽകുന്ന തദ്ദേശ സ്ഥാപനങ്ങളെയും മറ്റു ചില സ്ഥാപനങ്ങളെയും പറ്റി അഴിമതി ആരോപണങ്ങൾ ഉയർന്നു വരുന്നു. ഇത് അതതു ഘട്ടത്തിൽ തിരുത്തണം.

സിഐടിയുവിന് ഒളിയമ്പ്

സർക്കാരിന്റെ വികസന നീക്കങ്ങൾക്കു പാർട്ടിയുടെ തന്നെ ചില കേന്ദ്രങ്ങളുടെ ഭാഗത്തു നിന്നു തടസ്സം ഉയരുന്നതായ സൂചനയും സിപിഎമ്മിന്റെ റിപ്പോർട്ടിലുണ്ട്. ‘തങ്ങളുടെ സ്ഥാപിത താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി പാർട്ടിയുടെ കൊടി നാട്ടി തടസ്സവാദങ്ങൾ ഉന്നയിക്കുന്നു’ എന്നാണു വാചകം. ഈ ഒളിയമ്പ് സിഐടിയുവിനു നേർക്കാണെന്നാണു നിഗമനം.

English Summary: CPM instructs party members not to interfere in government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com