ADVERTISEMENT

കണ്ണൂർ ∙ ജയിൽ ഉദ്യോഗസ്ഥരെ നോക്കുകുത്തിയാക്കി കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരുടെ വിളയാട്ടം. 3 കിലോഗ്രാം ക‍ഞ്ചാവുമായി ഗുഡ്സ് ഓട്ടോറിക്ഷ സെൻട്രൽ ജയിലിനകത്തെത്തിയ ഞെട്ടിക്കുന്ന സംഭവം കഴിഞ്ഞ ദിവസമുണ്ടായി. ഗുരുതരമായ സുരക്ഷാ വീഴ്ചയ്ക്കു തെളിവാണിത്. സിപിഎമ്മുകാരായ തടവുകാരും കാപ പ്രകാരം തടവിലാക്കപ്പെട്ട ഗുണ്ടകളുമാണിപ്പോൾ സെൻട്രൽ ജയിൽ ഭരിക്കുന്നതെന്നാണു സൂചന.

കഞ്ചാവും മദ്യവും മൊബൈൽ ഫോണും ജയിലിൽ സുലഭമാണെന്നാണു വിവരം. പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച 3 കിലോഗ്രാം കഞ്ചാവുമായി ഗുഡ്സ് ഓട്ടോ ജയിലിനകത്തെ അടുക്കളയിലെത്തിയത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്.  തലേന്നു കൊണ്ടു വന്ന പച്ചക്കറിയിൽ കുറവുണ്ടായിരുന്നു എന്നും ബാക്കിയാണ് പിറ്റേന്ന് എത്തിച്ചതെന്നുമാണ് കവാടത്തിൽ കാവലുണ്ടായിരുന്ന പൊലീസുകാരോടു പറഞ്ഞത്. 

സംശയം തോന്നി ചില ഉദ്യോഗസ്ഥർ പച്ചക്കറി പരിശോധിച്ചപ്പോഴാണു കഞ്ചാവ് കണ്ടെത്തിയത്. എന്നാൽ, പൊലീസ് കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല. 

ജയിലിലെ പശുവളർത്തൽ കേന്ദ്രത്തിലേക്കുള്ള പുല്ലിന്റെ കെട്ടുകൾക്കിടയിലും കഞ്ചാവ് ഒളിപ്പിച്ചു കടത്തുന്നുണ്ട്. 2 മാസത്തിലധികമായി ജയിലിലെ സെല്ലുകളിൽ ഉദ്യോഗസ്ഥരുടെ പരിശോധന നടക്കാറില്ല. ഒരിക്കൽ പരിശോധനയ്ക്കു ചെന്ന ഉയർന്ന ഉദ്യോഗസ്ഥരെ സിപിഎംകാരായ ചില പ്രതികൾ തടയുകയും ചീത്ത വിളിച്ച് തിരിച്ചയക്കുകയും ചെയ്തതായും വിവരമുണ്ട്. സ്മാർട് ഫോണുകൾ ജയിലിൽ സുലഭമാണെന്നും സ്മാർട് ടിവിയിൽ നിന്നാണ് ഇവ ചാർജ് ചെയ്യുന്നതെന്നും വ്യക്തമായിട്ടുണ്ട്. ഫോൺ വിളിക്കാനും ലഹരി ഉപയോഗിക്കാനുമുള്ള മറയ്ക്കായി സെല്ലിനകത്ത് കൊതുകുവല കെട്ടുകയും അതിനു മീതെ തുണിയിടുകയും ചെയ്യുന്നതായും വിവരമുണ്ട്. 

English Summary: Ganja reached Kannur Central Prison hidden in vegetables

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com