ADVERTISEMENT

തിരുവനന്തപുരം ∙ നാടിന്റെ പുരോഗതിയോ ജനങ്ങളുടെ ക്ഷേമമോ അല്ല സർക്കാരിന്റെ താൽപര്യം എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു. വിയോജിക്കുന്നവരെ നിശ്ശബ്ദരാക്കുക മാത്രമാണു ലക്ഷ്യം. വിയോജിപ്പുകളെ അടിച്ചമർത്തുകയാണ്. ചരിത്ര കോൺഗ്രസിൽ തന്നെ നേരിടാൻ ശ്രമിച്ച ഇർഫാൻ ഹബീബിന്റേതു ഗുണ്ടായിസം തന്നെയാണ്. ലോട്ടറിയും മദ്യവുമാണ് കേരളത്തിന്റെ പ്രധാന വരുമാനമാർഗം എന്നു പറയുന്നതു നാണക്കേടാണ്.

ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിനെ സന്ദർശിച്ചതു വ്യക്തിപരമായ കാര്യമാണ്, ഔദ്യോഗികം അല്ല. ആർഎസ്എസ് നിരോധിത സംഘടനയല്ല. ആർഎസ്എസുകാർ ഇവിടെ പ്രധാനമന്ത്രി പദവിയിൽ വരെ എത്തിയിട്ടില്ലേ? – ഗവർണർ ചോദിച്ചു.

തനിക്കെതിരെ പരാതിയുണ്ടെങ്കിൽ രാഷ്ട്രപതിയോടു പറയണം. രാജ്ഭവനു നിർദേശം നൽകാനുള്ള അധികാരം രാഷ്ട്രപതിക്കു മാത്രമാണ്. രാജ്ഭവനിൽ മറ്റൊരാൾ വരുമ്പോഴും ഈ പദവിയുടെ അന്തസ്സ് നിലനിൽക്കണം. ഇതിനെക്കാൾ മോശം സാഹചര്യങ്ങൾ നേരിട്ടിട്ടുണ്ട്. ശാരീരിക ആക്രമണങ്ങൾ ഉണ്ടായപ്പോൾ പോലും വഴങ്ങിയിട്ടില്ല.

പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ അന്നത്തെ ഗവർണർ ഗവായിക്കെതിരെ വലിയ പ്രചാരണം തന്നെ നടത്തിയിരുന്നു. സർക്കാരിനു ജനങ്ങൾ ഭൂരിപക്ഷം നൽകുന്നത് നിയമാനുസൃതം ഭരിക്കാനാണ്. ആരോടും പ്രത്യേക താൽപര്യം കാട്ടില്ലെന്നു സത്യപ്രതിജ്ഞ ചെയ്താണ് അധികാരം ഏൽക്കുന്നത്. മറിച്ചു ചെയ്യുന്നത് സത്യപ്രതിജ്ഞാ ലംഘനം ആണ്.

മുഖ്യമന്ത്രിക്ക് പല കാര്യങ്ങളും ചെയ്തു കൊടുത്തുവെന്നു പറഞ്ഞതു വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ല. കേന്ദ്രത്തിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കാനാണ് ഇതൊക്കെ ചെയ്യുന്നതെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തെക്കുറിച്ച് ‘അദ്ദേഹം പറഞ്ഞുകൊള്ളട്ടെ’ എന്നായിരുന്നു ഗവർണറുടെ പ്രതികരണം.

English Summary: Governor Arif Mohammad Khan statement against Chief Minister Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com