ADVERTISEMENT

കണ്ണൂർ ∙ 2019 ഡിസംബർ 28നു കണ്ണൂർ സർവകലാശാലയിൽ ചരിത്ര കോൺഗ്രസ് ഉദ്ഘാടന പ്രസംഗത്തിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയുണ്ടായ പ്രതിഷേധത്തിൽ കേസെടുക്കാൻ മാത്രമൊന്നുമില്ലെന്ന നിലപാട് പൊലീസ് ആവർത്തിച്ചു. ലോയേഴ്സ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ.വി.മനോജ് കുമാർ നൽകിയ പരാതിയിൽ ഉദ്ഘാടന ചടങ്ങിലെ ദൃശ്യങ്ങൾ പൊലീസ് വീണ്ടും പരിശോധിച്ചിരുന്നു. കേസെടുക്കാൻ മാത്രം ഗൗരവമുള്ള സംഭവമല്ലെന്നാണു സിറ്റി പൊലീസിനു ലഭിച്ച നിയമോപദേശം. 

സദസ്സിൽ നിന്ന് പ്രതിഷേധവുമായി ആദ്യം എഴുന്നേറ്റു നിന്നതു 2 വനിതാ പ്രതിനിധികളാണെന്നു പൊലീസ് പറയുന്നു. ഗവർണറുടെ വേദിയിൽ നിന്ന് 30 മീറ്റർ മാറിയായിരുന്നു ഇവരുടെ പ്രതിഷേധം. ഇവരെ വനിതാ പൊലീസ് നീക്കം ചെയ്യാൻ ശ്രമിച്ചപ്പോൾ, ‘ജനാധിപത്യപരമായ പ്രതിഷേധമാണ് അവരുടേതെന്നും പൊലീസ് ഇടപെടരുതെന്നും’ ആണ് ഗവർണർ പ്രതികരിച്ചത്. ഇതിന് പത്രവാർത്തകൾ തെളിവാണെന്നു പൊലീസ് പറയുന്നു. തുടർന്ന് 2 വനിതകളെയും വിട്ടയച്ചു. ഇതിനു ശേഷം, ഡൽഹിയിൽ നിന്നെത്തിയ 4 പേരാണു സദസിന്റെ ഏറ്റവും പിറകിൽ നിന്നു പ്രതിഷേധിച്ചത്. ‘എനിക്കു പറയാനുള്ളതു നിങ്ങൾ കേൾക്കണം, ഇല്ലെങ്കി‍ൽ പുറത്താക്കേണ്ടി വരും’ എന്നാണു ഗവർണർ അവരോടു പറഞ്ഞതെന്നും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഇതനുസരിച്ച്, 4 പേരെയും പൊലീസ് കസ്റ്റഡിയിലെടുത്ത്, ടൗൺ സ്റ്റേഷനിലെത്തിച്ചു. ഡൽഹിയിൽ നിന്നെത്തിയ പ്രതിനിധികളാണെന്നും കോളജ് പ്രഫസർമാരാണെന്നും അവർ വിശദീകരിച്ചതോടെ, അവരെയും വിട്ടയച്ചു. കേസെടുക്കാൻ മാത്രം ഗൗരവമുള്ളതൊന്നും സദസ്സിലെ പ്രതിഷേധത്തിലുണ്ടായിരുന്നില്ലെന്നതിന് 22 ചാനലുകൾ സംപ്രേഷണം ചെയ്ത ദൃശ്യങ്ങൾ തെളിവാണെന്നും പൊലീസ് പറയുന്നു. 

വേദിയിൽ, പ്രമുഖ ചരിത്രകാരൻ ഇർഫാൻ ഹബീബ് ആണ് എഴുന്നേറ്റു നിന്നു പ്രതിഷേധിച്ചത്. ഇവർക്കിടയിൽ, ഗവർണറുടെ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥനുണ്ടായിരുന്നു. ചരിത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷയ്ക്കു മാത്രമായി സർവകലാശാല 8 ലക്ഷം രൂപ അധികം ചെലവിട്ടതായി സംഘാടകസമിതി സെക്രട്ടറിയായിരുന്ന ഡോ.പി.മോഹൻദാസ് പറഞ്ഞു.

English Summary: No chance of case in protest against governor Arif Mohammad Khan incident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com