ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഓടുന്ന 30% ആംബുലൻസുകളും യോഗ്യതയില്ലാത്തവയെന്നും പലതും ലഹരി കടത്താനുൾപ്പെടെ ഉപയോഗിക്കുന്നെന്നും മോട്ടർവാഹനവകുപ്പിന്റെ കണ്ടെത്തൽ. സംസ്ഥാനത്ത് 3000 ആംബുലൻസുകൾ ഉണ്ടെന്നാണ് സർക്കാരിന്റെ കണക്ക്. ഇതിൽ 70% മാത്രമേ ചില മാനദണ്ഡങ്ങളെങ്കിലും പാലിക്കുന്നുള്ളു. ബാക്കിയുള്ളവയിൽ ജീവൻരക്ഷയ്ക്കുള്ള ഒരു ഉപകരണവും  ഇല്ല. ചില ആംബുലൻസുകൾ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങൾ കേരളത്തിലെത്തിച്ച് ആംബുലൻസാക്കി ഓടിക്കുന്നുണ്ടെന്നും  കണ്ടെത്തി. 

അത്യാവശ്യഘട്ടങ്ങളിൽ അല്ലാതെ അനാവശ്യമായി ഹോൺ മുഴക്കി ചീറിപ്പായുന്നത് കണ്ടെത്തി കർശനമായി തടയും.  മറ്റ് ആവശ്യങ്ങൾക്കും ആംബുലൻസ് ഉപയോഗിക്കുന്നതായും ഇതിനും സൈറൺ മുഴക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ആംബുലൻസുകളുടെ കാര്യത്തിൽ മോട്ടർവാഹനവകുപ്പ്, പൊലീസ് , ആരോഗ്യവകുപ്പ് എന്നിവയുടെ ഏകോപനത്തിനു നിർദേശം നൽകി.   ജിപിഎസ് കർശനമാക്കും. അമിതകൂലി ഇൗടാക്കുന്നുവെന്ന പരാതി വ്യാപകമായതിനെ തുടർന്ന് ആംബുലൻസുകളുടെ നിരക്ക് നിശ്ചയിക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

നടപടി ഇങ്ങനെ

∙ആംബുലൻസുകളുടെ പുറത്ത് സംഘടനകളുടെ പേരു നൽകുന്നതിനു പുറമേ വലിയ പരസ്യ ചിത്രങ്ങൾ കൊടുക്കുന്നത് തടയും. വാഹനത്തിന്റെ നിറത്തിലും ഏകീകരണം വരും.

∙ഡ്രൈവർമാർക്കു വേണ്ടി മൊബൈൽ ആപ്പ്. ഇതു പൊതുജനങ്ങൾക്കും ഉപയോഗപ്രദമാക്കും

∙വർഷത്തിലൊരിക്കൽ ഡ്രൈവർമാർക്ക് പരിശീലനം.  യൂണിഫോം കർശനം.

∙ ആംബുലൻസുകൾ അപകടസ്ഥലത്തേക്കു പോകുമ്പോൾ തന്നെ ആശുപത്രിയിലും ജാഗ്രതാ നിർദേശം നൽകി തയാറെടുപ്പുകൾ 

 

കർശന നടപടി: മന്ത്രി ആന്റണി രാജു

ആംബുലൻസുകൾ ദുരുപയോഗം ചെയ്യുന്നുവെന്നത് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കർശന പരിശോധനയ്ക്കും നടപടിക്കും നിർദേശം നൽകി . രോഗികളെ കൊണ്ടുപോകുന്നതിനു പകരം കള്ളക്കടത്തു നടത്താനും മറ്റും ആംബുലൻസുകൾ ഉപയോഗിക്കുന്നത് ഞെട്ടിക്കുന്ന വിവരമാണ്. 

English Summary: Ambulance using for drug smuggling in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com