എകെജി സെന്ററിനു നേരെ പടക്കമെറിഞ്ഞ കേസ്; ആശ്വാസത്തിൽ സിപിഎം; തിരക്കഥയെന്ന് കോൺഗ്രസ്

AKG Centre Attack Jithin | Photo: RINKU RAJ MATTANCHERIYIL
എകെജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ കേസിൽ പെ‍ാലീസ് അറസ്റ്റു ചെയ്ത ജിതിൻ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
SHARE

തിരുവനന്തപുരം ∙ രണ്ടര മാസത്തെ അന്വേഷണത്തിനു ശേഷം പ്രതിയുമായി പൊലീസ് രംഗത്തെത്തിയതോടെ വീണ്ടും കൊഴുത്ത് എകെജി സെന്റർ ആക്രമണ വിവാദം. യൂത്ത് കോൺഗ്രസുകാരനെ പ്രതിയാക്കിയതു പൊലീസിന്റെയും സിപിഎമ്മിന്റെയും തിരക്കഥയാണെന്ന ആരോപണമാണു കോൺഗ്രസിന്റേത്. പാർട്ടി ആസ്ഥാനം ആക്രമിച്ച കേസിലെ പ്രതിയെ പിടിക്കാൻ വൈകിയതിന്റെ ജാള്യം മാറ്റാനായെന്ന ആശ്വാസം സിപിഎമ്മിനുണ്ട്. 

ആക്രമണത്തിന്റെ പേരിൽ പാർട്ടിക്കെതിരെയും ആരോപണമുയർന്നിരുന്നു. വയനാട്ടിൽ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച എംപി ഓഫിസ് രാഹുൽ ഗാന്ധി സന്ദർശിക്കാനെത്തിയതിന്റെ തലേന്നായിരുന്നു എകെജി സെന്ററിനു നേർക്കു പടക്കമെറിഞ്ഞത്. ഈ കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിലായത് രാഹുൽ ഗാന്ധി വീണ്ടും കേരളത്തിലെത്തിയപ്പോഴാണെന്ന പ്രത്യേകതയുമുണ്ട്.

എറിഞ്ഞതാര് എന്നതിനൊപ്പം തർക്കവിഷയമായിരുന്നു എറിഞ്ഞത് എന്ത് എന്നതും. സ്ഫോടനം നടന്നു മിനിറ്റുകൾക്കുള്ളിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ സംഭവസ്ഥലത്തെത്തിയതിലും പ്രതിപക്ഷം സംശയമുന്നയിച്ചു. ആഴ്ചകൾ കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാനാവാത്തതിന്റെ തലവേദന ഭരണപക്ഷം നിയമസഭയിലും അനുഭവിച്ചു. 

‘പ്രതിയെ കിട്ടിയോ’ എന്ന പേരിൽ കോൺഗ്രസുകാർ സമൂഹമാധ്യമങ്ങളിൽ ട്രോൾ പ്രചാരണവും നടത്തിയിരുന്നു. ഇതിനെല്ലാമൊടുവിലാണ് അറസ്റ്റ്.

ജിതിൻ നിരപരാധി; വിട്ടയയ്ക്കണം

എകെജി സെന്ററിലേക്ക് ഓലപ്പടക്കം എറിഞ്ഞുവെന്നാരോപിച്ചു പൊലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനെ വിട്ടയച്ചില്ലെങ്കിൽ പൊലീസ് സ്റ്റേഷനിലേക്കു പ്രതിഷേധ മാർച്ച് നടത്തും. ജിതിൻ നിരപരാധിയാണ്. ജിതിൻ കുറ്റം സമ്മതിച്ചുവെന്നു പൊലീസ് പറയുന്നത് അസംബന്ധമാണ്. ജിതിനെ മയക്കുമരുന്ന് കലർത്തിയ ചോക്ലേറ്റ് നൽകിയാണു ചോദ്യം ചെയ്യുന്നതെന്നാണു വിവരം.

കെ.സുധാകരൻ, കെപിസിസി പ്രസിഡന്റ്

ഒരു പ്രതിയിൽ ഒതുങ്ങില്ല

എകെജി സെന്റർ ആക്രമണം ഒരു പ്രതിയിൽ ഒതുങ്ങുന്നതല്ല. പ്രതിയെ ഇതുവരെ പിടികൂടിയില്ലെന്നാണ് ഇത്രയും നാൾ പ്രതിപക്ഷം പറഞ്ഞത്. ഒടുവിൽ പ്രതിയെ പിടികൂടിയപ്പോൾ ഭാരത് ജോഡോ യാത്രയുടെ ശോഭ കെടുത്താനാണ് അറസ്റ്റെന്നാണ് ആരോപണം.  

എം.വി.ഗോവിന്ദൻ, സിപിഎം സംസ്ഥാന സെക്രട്ടറി

സിപിഎം അജൻഡ

രാഹുൽ ഗാന്ധിയുടെ പദയാത്രയ്ക്കു കേരളം നൽകുന്ന സ്വീകരണം സിപിഎമ്മിനുണ്ടാക്കുന്ന അസ്വസ്ഥതയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി കാണിക്കുന്നത്. എങ്ങനെയും ഒരു കോൺഗ്രസുകാരനെ പ്രതിയാക്കണമെന്ന സിപിഎം അജൻഡയാണു പൊലീസ് നടപ്പാക്കിയത്. 

ഷാഫി പറമ്പിൽ എംഎൽഎ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്

English Summary: AKG center attack arrest; response

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}