ADVERTISEMENT

തിരുവനന്തപുരം ∙ ഗവർണറെ ഒഴിവാക്കി ഓരോ സർവകലാശാലയ്ക്കും സെനറ്റ് തീരുമാനിക്കുന്ന ചാൻസലർമാരെ നിയമിക്കുക എന്നതടക്കമുള്ള ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മിഷൻ ശുപാർശകളിൽ സിപിഎം അഭിപ്രായ രൂപീകരണം നടത്തുന്നു. 

അധ്യാപക–വിദ്യാർഥി സംഘടനാ നേതാക്കളും സംഘടനാ ചുമതലകളുള്ള പാർട്ടി നേതാക്കളും മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന ശിൽപശാല നാളെയും മറ്റന്നാളുമായി തിരുവനന്തപുരം ഇഎംഎസ് അക്കാദമിയിൽ നടക്കും. ചാൻസലർ പദവി വഹിക്കുന്ന ഗവർണറും സർക്കാരുമായി പോര് തുടരുന്നതിനിടെയാണ് കമ്മിഷൻ റിപ്പോർട്ട് കൂടി ആയുധമാക്കി പ്രതിരോധത്തിനു പാർട്ടി വഴി തേടുന്നത്. 

റിപ്പോർട്ടിലെ ശുപാർശകൾ എങ്ങനെ നടപ്പാക്കണമെന്നതാണു പാർട്ടി ചർച്ച ചെയ്യുന്നത്. പല ശുപാർശകളിലും ഇടതു കേന്ദ്രങ്ങൾ തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സ്വയംഭരണ കോളജുകൾക്ക് കൽപിത പദവി നൽകണമെന്നതാണ് ഇതിൽ പ്രധാനം. ഇടതുപക്ഷ കോളജ് അധ്യാപക സംഘടനയായ എകെപിസിടിഎ, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവ ഇതിനോട് എതിരഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. സ്വകാര്യ സർവകലാശാലകൾ അനുവദിക്കുന്നതിന് ബിൽ കൊണ്ടുവരണമെന്ന ശുപാർശയും ഇടതുനയ വ്യതിയാനമാണെന്ന വിമർശനമുണ്ട്.

ഇടതുപക്ഷ സംഘടനകളുമായും അനുഭാവികളുമായും ചർച്ച ചെയ്തു നയം രൂപീകരിച്ച് സർക്കാരിനെക്കൊണ്ട് നടപ്പാക്കുകയാണു സിപിഎമ്മിന്റെ ലക്ഷ്യം. 

 

ശുപാർശകൾ ഇങ്ങനെ:

∙ എല്ലാ പൊതു സർവകലാശാലകളിലും മുഖ്യമന്ത്രിക്കു ‘വിസിറ്റർ’ പദവി. ഉന്നത വിദ്യാഭ്യാസ മന്ത്രി സ്വകാര്യ, ഡീംഡ് സർവകലാശാലകളിൽ വിസിറ്ററാകണം

∙ വൈസ് ചാൻസലറുടെ കാലാവധി 5 വർഷം. 70 വയസ്സ് കഴിഞ്ഞവർക്കും രണ്ടാം ഊഴം നൽകാം. 

∙ കോളജുകളുടെ സർവകലാശാലാ അഫിലിയേഷൻ 10 വർഷത്തിനുള്ളിൽ അവസാനിപ്പിക്കണം. പകരം സർക്കാർ, എയ്ഡഡ്, സ്വകാര്യ മേഖലയിൽ കോൺസ്റ്റിറ്റ്യുവന്റ് കോളജ് പദവി നൽകണം. ആദ്യഘട്ടത്തിൽ മികച്ച 20 സർക്കാർ കോളജുകളെ കോൺസ്റ്റിറ്റ്യുവന്റ് കോളജുകളാക്കി ഉയർത്തണം. 5 വർഷത്തേക്കു പ്രത്യേക ധനസഹായം നൽകണം. അടുത്ത ഘട്ടത്തിൽ സ്വകാര്യ, എയ്ഡഡ് കോളജുകൾക്കും ഈ പദവി നൽകണം. കോൺസ്റ്റിറ്റ്യുവന്റ് കോളജുകളിലെ നിയമനങ്ങൾ പിഎസ്‍സിയോ സമാനമായ മറ്റൊരു സംവിധാനമോ വഴി കോളജുകൾക്കു നടത്താം. അധ്യാപകർക്കു സ്ഥലം മാറ്റമുണ്ടാകില്ല.  

∙ ബജറ്റും നയപരമായ നിർദേശങ്ങളും അംഗീകരിക്കുന്ന സമിതി മാത്രമാക്കി സിൻഡിക്കറ്റിന്റെ അധികാരം പരിമിതപ്പെടുത്തണം. സെനറ്റ് അംഗങ്ങളുടെ എണ്ണം കുറയ്ക്കണം, പേര് ബോർഡ് ഓഫ് റീജന്റസ് എന്നാക്കണം. ധികാരം പരിമിതപ്പെടുത്തണം. സെനറ്റ് അംഗങ്ങളുടെ എണ്ണം കുറയ്ക്കണം, പേര് ബോർഡ് ഓഫ് റീജന്റസ് എന്നാക്കണം

 

English Summary: CPM mulls over university VC appointment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com