പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ രാജ്യവ്യാപക റെയ്ഡ്; 106 അറസ്റ്റ്

PTI09_22_2022_000289A
കോഴിക്കോട്ടു നിന്ന് അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് മുൻ ചെയർമാൻ ഇ.അബൂബക്കറിനെ എൻഐഎ ഉദ്യോഗസ്ഥർ പട്യാല കോടതിയിൽ ഹാജരാക്കിയപ്പോൾ. ചിത്രം:പിടിഐ
SHARE

ന്യൂഡൽഹി ∙ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) ഓഫിസുകളിലും നേതാക്കളുടെ വസതികളിലും രാജ്യവ്യാപകമായി എൻഐഎ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. കേരളമടക്കം 15 സംസ്ഥാനങ്ങളിലെ 93 കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ 106 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 45 പേരെ എൻഐഎയും മറ്റുള്ളവരെ സംസ്ഥാന പൊലീസുമാണ് അറസ്റ്റ് ചെയ്തത്. ആയുധങ്ങളും ‍ഡിജിറ്റൽ രേഖകളും പണവും പിടിച്ചെടുത്തതായി എൻഐഎ അറിയിച്ചു. 18 പേരെ ഡൽഹി കോടതി റിമാൻഡ് ചെയ്തു. 

രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ റെയ്ഡ് ആണിതെന്ന് അന്വേഷണ ഏജൻസികൾ അറിയിച്ചു. 300 എൻഐഎ ഉദ്യോഗസ്ഥർ പങ്കെടുത്തു. തീവ്രവാദ പ്രവർത്തനങ്ങൾക്കു പണം നൽകിയതും പരിശീലന ക്യാംപുകൾ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട 5 കേസുകളിലാണു റെയ്ഡ് നടത്തിയതെന്ന് എൻഐഎ വ്യക്തമാക്കി. കേരളത്തിൽ നിന്നാണ് ഏറ്റവുമധികം പേരെ അറസ്റ്റ് ചെയ്തത് – 19. കർണാടക, മഹാരാഷ്ട്ര, തെലങ്കാന, ഗോവ, ബംഗാൾ, മണിപ്പുർ, ബിഹാർ, തമിഴ്നാട്, അസം, യുപി, ആന്ധ്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലും റെയ്ഡ് നടന്നു. 

റെയ്ഡുകളുടെ പശ്ചാത്തലത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, എൻഐഎ ഡയറക്ടർ ദിൻകർ ഗുപ്ത എന്നിവരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തി. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് എൻഐഎ റെയ്ഡ് നടത്തുന്നത്. തെലങ്കാനയിലും ആന്ധ്രയിലുമുള്ള പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വസതികളിൽ ഈ മാസം 18ന് റെയ്ഡ് നടത്തിയിരുന്നു. 

കേരളത്തിൽ അൻപതോളം കേന്ദ്രങ്ങളിൽ പുലർച്ചെയായിരുന്നു റെയ്ഡ്. സംസ്ഥാന പൊലീസിനെ അറിയിച്ചിരുന്നെങ്കിലും സിആർപിഎഫ് സംഘത്തിനായിരുന്നു സുരക്ഷാ ചുമതല. സംഭവത്തിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകടനവും റോഡ് ഉപരോധവും നടത്തി. 

സ്ഥാപക നേതാവും മുൻ ചെയർമാനുമായ ഇ.അബൂബക്കർ, ദേശീയ ചെയർമാൻ ഒ.എം.എ.സലാം, ദേശീയ സെക്രട്ടറി നാസറുദ്ദീൻ എളമരം, ദേശീയ സമിതി അംഗം പ്രഫ.പി.കോയ, സംസ്ഥാന പ്രസിഡന്റ് സി.പി.മുഹമ്മദ് ബഷീർ, വൈസ് പ്രസിഡന്റ് കെ.മുഹമ്മദലി, സംസ്ഥാന കമ്മിറ്റി അംഗം യഹിയ തങ്ങൾ, എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഉസ്മാൻ എന്നിവർ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. 

pfi
ഒ.എം.എ. സലാം, നാസറുദ്ദീൻ എളമരം, പ്രഫ.പി. കോയ, സി.പി.മുഹമ്മദ് ബഷീർ, കെ. മുഹമ്മദലി, യഹിയ തങ്ങൾ, പി.കെ. ഉസ്മാൻ

ഭയപ്പെടുത്താൻ ശ്രമം: പിഎഫ്ഐ

ദേശീയ, സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്യുക വഴി ഭയത്തിന്റെ അന്തരീക്ഷമുണ്ടാക്കാനാണ് എൻഐഎ ശ്രമമെന്നും ജനാധിപത്യമൂല്യങ്ങൾ സംരക്ഷിച്ചു പോരാട്ടം തുടരുമെന്നും പോപ്പുലർ ഫ്രണ്ട് ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ അറിയിച്ചു. ദേശീയ, സംസ്ഥാന നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നു പിഎഫ്ഐ സംസ്ഥാന ജന.സെക്രട്ടറി എ.അബ്ദുൽ സത്താർ ആരോപിച്ചു. കഴിഞ്ഞ 3 പതിറ്റാണ്ടായി നിയമപരമായി പ്രവർത്തിക്കുന്ന സംഘടനയാണ്. ഇതുവരെ ഒരു വിധ്വംസക പ്രവർത്തനവും തെളിയിക്കാൻ അന്വേഷണ ഏജൻസികൾക്കു കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് ഹർത്താൽ

റെയ്ഡിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ കേരളത്തിൽ ഹർത്താൽ നടത്തുമെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അറിയിച്ചു. കെഎസ്ആർടിസി സാധാരണ പോലെ സർവീസ് നടത്തുമെന്ന് സിഎംഡി അറിയിച്ചു.

പരീക്ഷകൾ മാറ്റി

∙ കേരള, കണ്ണൂർ, കാലിക്കറ്റ്, എംജി സർവകലാശാലകൾ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

∙ ഇന്നു  നടത്താനിരുന്ന പത്താംതരം തുല്യതാ പരീക്ഷ നാളത്തേക്കു മാറ്റി. സമയക്രമത്തിൽ മാറ്റമില്ല.

കുസാറ്റ്, പിഎസ്‌സി മാറ്റമില്ല

ഇന്നു നടത്താൻ നിശ്ചയിച്ച പിഎസ്‌സി, കുസാറ്റ് പരീക്ഷകൾക്കു മാറ്റമില്ല.

English Summary: NIA raids at PFI offices

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}