ADVERTISEMENT

കൊച്ചി ∙ പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്താനുള്ള തീരുമാനം ആഭ്യന്തര വകുപ്പിന്റെ ഉന്നതതലത്തിലുണ്ടായത് 2 മാസം മുൻപാണ്. അതിനുള്ള മുന്നൊരുക്കങ്ങൾക്കായി ഓരോ സംസ്ഥാനങ്ങളിലും  പ്രത്യേക സംഘത്തെ നിയോഗിച്ചു. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), ഇന്റലിജൻസ് ബ്യൂറോ (ഐബി), സംസ്ഥാന പൊലീസ് എടിഎസ് എന്നിവയുടെ കൂട്ടായ വിവരശേഖരണത്തിലൂടെയാണു പരിശോധന നടത്തേണ്ട സ്ഥലങ്ങൾ തീരുമാനിച്ചത്. നേതാക്കളുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും വിവരശേഖരണം നടത്തിയിരുന്നു.

സ്ഥലങ്ങളുടെ ഡിജിറ്റൽ മാപ്പിങ് നടത്തി ലൊക്കേഷൻ ഐബിയുടെ നേതൃത്വത്തിൽ 3 ആഴ്ച നിരീക്ഷിച്ച ശേഷമാണ് ഇന്നലെ പുലർച്ചെയോടെ പരിശോധന തുടങ്ങിയത്. സംസ്ഥാന പൊലീസിനെ ഒഴിവാക്കി സിആർപിഎഫ് സംഘത്തെയാണു സുരക്ഷാ ചുമതല ഏൽപിച്ചത്.

സിആർപിഎഫിന്റെ റാഞ്ചി കേഡറിലെ 10 ബറ്റാലിയനുകളിലെ 750 ഭടന്മാരെയാണ് കേരളത്തിലേക്കു വിട്ടത്. 18 മുതൽ പല ദിവസങ്ങളിലായി ഇവർ കേരളത്തിലെത്തി. ബുധനാഴ്ച രാത്രി വൈകിയാണ് ദൗത്യം അറിയിച്ചത്. കൊച്ചി എൻഐഎ ഓഫിസ് കേന്ദ്രീകരിച്ചായിരുന്നു ആസൂത്രണം. 3 ദിവസം മുൻപ് എൻഐഎ പ്രത്യേക കോടതികളെ വിവരം അറിയിച്ചു. കോടതികൾക്കും എൻഐഎ ഓഫിസിനും പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. ഒരു മാസത്തിനിടെ പോപ്പുലർ ഫ്രണ്ടിനെതിരെ 3 തവണ എൻഐഎ ചെറിയ തോതിലുള്ള റെയ്ഡുകൾ നടത്തിയിരുന്നു. 

കേരളത്തിൽ 50 കേന്ദ്രങ്ങളിലാണ് ഇന്നലെ പരിശോധന നടത്തിയത്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ സ്ഥലങ്ങളിലേക്കു പരിശോധന വ്യാപിക്കും. റെയ്ഡ് നടന്ന 12 ഇടങ്ങളിൽ ശക്തമായ പ്രതിഷേധം എൻഐഎ കണക്കുകൂട്ടിയിരുന്നു. ഈ സ്ഥലങ്ങളിലെ ജില്ലാ പൊലീസ് മേധാവികളെ ബുധനാഴ്ച രാത്രി വിവരം ധരിപ്പിച്ചു. കേരള പൊലീസിന്റെ ഉന്നത തലത്തിലും 2 ദിവസം മുൻപു വിവരം ലഭിച്ചിരുന്നു. അവധി ദിവസമായ 21നാണു പരിശോധന നടത്താൻ ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും അന്നു കേരളത്തിൽ പൊതു അവധിയായിരുന്നതിനാൽ ഒരു ദിവസം വൈകിപ്പിച്ചു.

കസ്റ്റഡിയിലുള്ളവരുടെ ചോദ്യം ചെയ്യൽ നടക്കുന്ന എൻഐഎ കൊച്ചി യൂണിറ്റ് ഓഫിസിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. ന്യൂഡൽഹിയിലും കേരളത്തിലും പോപ്പുലർ ഫ്രണ്ട് പ്രതിസ്ഥാനത്തുള്ള കേസുകളുടെ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളും മറ്റ് ഏജൻസികൾ കൈമാറിയ രഹസ്യവിവരങ്ങളും ക്രോഡീകരിച്ച ശേഷമാണു ശക്തമായ നടപടിക്കു കേന്ദ്ര ആഭ്യന്തര വകുപ്പ് നിർദേശം നൽകിയത്. എന്നാ‍ൽ, രഹസ്യവിവരങ്ങൾ റിമാൻഡ് റിപ്പോർട്ടുകളിൽ പോലും ഉൾപ്പെടുത്തരുതെന്നു നിർദേശമുണ്ട്.

കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ 15 നേതാക്കളെയാണ് അന്വേഷണ സംഘം ലക്ഷ്യമിട്ടിരിക്കുന്നത്. ഇവരുടെ പ്രവർത്തനരീതികൾ മാസങ്ങളായി നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം തെലങ്കാനയിലും ആന്ധ്രപ്രദേശിലും പിടിക്കപ്പെട്ടവരുടെ മൊഴികളും പെട്ടെന്നുള്ള പരിശോധനയ്ക്ക് പ്രേരണയായി.

English Summary: PFI raid planned in advance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com