പ്രതിപക്ഷം യോജിക്കും: രാഹുൽ ഗാന്ധി

rahul-gandhi-bharat
SHARE

കൊച്ചി ∙ ഭാരത് ജോഡോ യാത്രയ്ക്കു ശേഷം ദേശീയതലത്തിൽ‍ പ്രതിപക്ഷം ഒന്നിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രാഹുൽ ഗാന്ധി പറഞ്ഞു. എറണാകുളം ജില്ലയിലെ ഭാരത് ജോഡോ യാത്ര പൂർത്തിയാക്കിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ചു ചോദ്യങ്ങൾ ആവർത്തിക്കുന്നതിലെ നീരസം രാഹുൽ മറച്ചുവച്ചില്ല.

ചോദ്യങ്ങളോടുള്ള രാഹുലിന്റെ പ്രതികരണം:

∙ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമോയെന്ന ആവർത്തിച്ചുള്ള ചോദ്യങ്ങൾ ഭാരത് ജോഡോ യാത്രയിൽനിന്നു ശ്രദ്ധ തിരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. എന്റെ ലക്ഷ്യം ഭാരത് ജോഡോ യാത്രയാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്റെ നിലപാട് പലവട്ടം വ്യക്തമാക്കി. അതിൽ മാറ്റമില്ല. 

ഏതു കോൺഗ്രസ് പ്രവർത്തകനും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമുണ്ട്. മത്സരിക്കാൻ ആഗ്രഹിക്കുന്നവർ ചില കാര്യങ്ങൾ മനസ്സിലാക്കണം. ആ പദവി വെറും സംഘടനാ പദവിയല്ല. അതു ചില മൂല്യങ്ങളെ, ആശയങ്ങളെ, വിശ്വാസങ്ങളെ പ്രതിനിധീകരിക്കുന്ന പദവിയാണ്. ചരിത്രപരമായ പദവിയാണ്. 

∙ ഇടതുപക്ഷം: കേരളത്തിലെ ഇടതു സർക്കാരിന്റെ ഭരണം വിലയിരുത്തേണ്ടത് ഇവിടത്തെ കോൺഗ്രസ് നേതൃത്വമാണ്. ഇടതുപക്ഷ ആശയങ്ങളോട് എനിക്കു രാഷ്ട്രീയമായി വിയോജിപ്പുണ്ട്. കേരളത്തിൽ ഇടതുപക്ഷ പ്രവർത്തകരും യാത്രയ്ക്കു സാക്ഷ്യം വഹിക്കുന്നുണ്ട്. അവരിൽ പലരും എനിക്കു ഹസ്തദാനം നൽകി. അവരെല്ലാം യാത്രാ ലക്ഷ്യങ്ങളോടു യോജിപ്പുള്ളവരാണ്. കമ്യൂണിസ്റ്റ് നേതാക്കൾക്കും യാത്ര ഉയർത്തിപ്പിടിക്കുന്ന ആശയങ്ങളോടു യോജിപ്പുണ്ടാകും.

∙ യാത്രയുടെ റൂട്ട്: എല്ലാ സംസ്ഥാനങ്ങളിലും യാത്ര എത്തുന്നില്ല എന്നതു പ്രശ്നമല്ല. യാത്രയുടെ സ്വാധീനം എല്ലായിടത്തും പ്രകടമാകും. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു വേണ്ടിയാണോ ഇതെന്നു പലരും ചോദിക്കുന്നു. തിരഞ്ഞെടുപ്പല്ല, ഇന്ത്യ നേരിടുന്ന സാഹചര്യമാണ് ഇപ്പോൾ പ്രശ്നം. 

∙ ബിജെപിയും കേന്ദ്രവും: രാജ്യത്തിന്റെ അധികാര സ്ഥാപനങ്ങളെല്ലാം പിടിച്ചെടുത്ത ഒരു യന്ത്രത്തോടാണു നാം യുദ്ധം ചെയ്യുന്നത്. കണക്കില്ലാത്ത സമ്പത്തുള്ള, പരിധികളില്ലാതെ ജനങ്ങളെ സമ്മർദത്തിലാക്കാൻ ശേഷിയുള്ള, ജനങ്ങളെ വിലയ്ക്കെടുക്കാൻ കഴിവുള്ള, ഭീഷണിപ്പെടുത്താൻ മടിയില്ലാത്ത യന്ത്രം. അതിന്റെ ഫലമാണു ഗോവയിലെ കോൺഗ്രസിൽ സംഭവിച്ചത്.

ബിജെപിയും ആർഎസ്എസും സൃഷ്ടിച്ച വെറുപ്പിന്റെ സാഹചര്യം, കടുത്ത വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ മുൻനിർത്തിയാണു യാത്ര. രണ്ടോ മൂന്നോ നാലോ അതിസമ്പന്നർക്കു മാത്രം എന്തും െചയ്യാമെന്ന അവസ്ഥ. ഇതെല്ലാം മൂലമുള്ള പ്രശ്നങ്ങൾ യുവാക്കൾ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്.

English Summary: Rahul Gandhi's press meet at Kochi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}