ജോസേട്ടൻ സൂപ്പറാ; ടിന്റുവും: എൽഎൽബിക്കു ചേരാൻ തുല്യതാ പരീക്ഷാ വിജയികൾ

tintumol
പന്ത്രണ്ടാം ക്ലാസ് തുല്യതാ പരീക്ഷയിൽ ഉന്നത വിജയം നേടിയ സഹപാഠികളായ ടിന്റു മോളും സി.ജോസ് കുമാറും.
SHARE

കോട്ടയം ∙ ‘അങ്ങനെ ആ കടമ്പ കഴിഞ്ഞു, ഇനി വക്കീൽ കുപ്പായം കൂടി ഇടണം’ – പന്ത്രണ്ടാം ക്ലാസ് തുല്യതാ പരീക്ഷാഫലം പരിശോധിച്ച ശേഷം വട്ടക്കണ്ണാടി മെല്ലെ ഉയർത്തി ജോസ് സഹപാഠി ടിന്റുവിനോടു പറഞ്ഞു. ‘ഞാനുമുണ്ട് അച്ചായാ, കട്ടയ്ക്ക് കൂടെ...’ ടിന്റുവിന്റെ മറുപടി.

2020 - 22 പന്ത്രണ്ടാം ക്ലാസ് തുല്യതാ കോഴ്സ് ബാച്ചിലെ സഹപാഠികളാണ് ചാന്നാനിക്കാട് ചിറ്റേട്ട് സി.ജോസ് കുമാറും (70) തറക്കുന്നേൽ വീട്ടിൽ ടിന്റു മോളും (38). രണ്ടുപേർക്കും മികച്ച വിജയം. ഇനി എൽഎൽബിക്കു ചേരണമെന്നാണ് ഇരുവരുടെയും ആഗ്രഹം.

അയൽവാസികളാണു ജോസും ടിന്റുവും. ടിന്റുവിന്റെ പിതാവ് ദേവസ്യയും ജോസ് കുമാറും കോട്ടയം സിഎംഎസ് എൽപി സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ നാലു വരെ ഒരുമിച്ചാണു പഠിച്ചത്. 10–ാം ക്ലാസ് തുല്യതാ കോഴ്സിൽ ജോസ് കുമാറിന്റെ ഇംഗ്ലിഷ് അധ്യാപിക മൂത്ത മകൾ അഞ്ജുവായിരുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും നൽകുന്ന പിന്തുണയാണു വിജയത്തിനു പിന്നിലെന്നു ജോസ് കുമാർ പറയുന്നു. 

ആറാം ക്ലാസിൽ പഠിക്കുന്ന മകനും തന്റെ മാതാപിതാക്കളുമാണു  പിന്തുണയെന്നു ടിന്റുവും പറയുന്നു. സ്വകാര്യ ഡെന്റൽ ക്ലിനിക് ജീവനക്കാരിയാണു ടിന്റു.

അക്ഷരപ്പൊന്നമ്മ! പ്രായമൊരു പ്രശ്നമല്ല, പഠിക്കാനൊരു മനസ്സുണ്ടെങ്കിൽ...

80–ാം വയസ്സിൽ ഡിഗ്രിക്കു ചേരാൻ ഞീഴൂർ സ്വദേശിനി അന്നമ്മ

annamma
പി.സി.അന്നമ്മ

കടുത്തുരുത്തി ∙ പന്ത്രണ്ടാം ക്ലാസ് തുല്യതാ പരീക്ഷയിൽ ഉന്നതവിജയം നേടിയ എൺപതുകാരി ബിരുദപഠനത്തിനു ചേരാൻ തയാറെടുക്കുന്നു. ഞീഴൂർ വാക്കാട് പനച്ചിക്കൽ പരേതനായ പി.സി.മത്തായിയുടെ ഭാര്യ പി.സി.അന്നമ്മയാണു പ്രായത്തെ വെല്ലുവിളിച്ച് പഠനത്തിന് ഒരുങ്ങുന്നത്. 

കടുത്തുരുത്തി സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓഗസ്റ്റിൽ നടന്ന പരീക്ഷയിലാണ് അന്നമ്മ മികച്ച വിജയം നേടിയത്. കടുത്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്തിന്റെ കീഴിലെ പഠിതാവായിരുന്നു. ജില്ലയിൽ തുല്യതാ പരീക്ഷയെഴുതിയവരിൽ ഏറ്റവും പ്രായം കൂടിയ പഠിതാവുമായിരുന്നു.  

അഞ്ചാം ക്ലാസ് വരെയേ സ്കൂളിൽ പഠിച്ചിട്ടുള്ളൂ. പാസ്റ്ററായ മത്തായിയെ 1970ൽ വിവാഹം ചെയ്തു. 3 ആൺമക്കളുണ്ട്. വാക്കാടിൽ ഇപ്പോൾ തനിച്ചാണു താമസം. 2019ൽ പത്താം ക്ലാസ് തുല്യതാ പരീക്ഷ 89% മാർക്കോടെ പാസായിരുന്നു. അന്നമ്മ ക്ലാസിലെ മികച്ച വിദ്യാർഥിയാണെന്നു സെന്റർ കോഓർഡിനേറ്റർ എ.എസ്.ബിന്ദുമോൾ പറയുന്നു. 

വീട്ടിൽ തനിയെ ആയപ്പോൾ 2018ലാണ് അന്നമ്മയ്ക്ക് പഠിക്കണമെന്ന മോഹമുണ്ടായത്. ‘ആരോഗ്യമുള്ളിടത്തോളം കാലം പഠിക്കണം. ഡിഗ്രികൾ സമ്പാദിക്കണം’ – അന്നമ്മ നയം വ്യക്തമാക്കി.

English Summary: 12th Equivalency examination winners story

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA