ADVERTISEMENT

ജലന്തർ/ കോഴിക്കോട് ∙ പഞ്ചാബ് ഫഗ്‌വാരയിലെ സ്വകാര്യ യൂണിവേഴ്സിറ്റിയിലെ മലയാളി വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ കോഴിക്കോട് എൻഐടി ഡയറക്ടർക്കെതിരെ പഞ്ചാബ് പൊലീസ് കേസെടുത്തു. ബാച്‌ലർ ഓഫ് ഡിസൈൻ ഒന്നാം വർഷ വിദ്യാർഥി ആലപ്പുഴ പള്ളിപ്പുറം സ്വദേശി ആഗിൻ എസ്. ദിലീപാണ് (ബാലു–22) ഹോസ്റ്റൽ മുറിയിൽ ചൊവ്വാഴ്ച വൈകിട്ടു ജീവനൊടുക്കിയത്.

ആഗിന്റെ ആത്മഹത്യക്കുറിപ്പിൽ കോഴിക്കോട് എൻഐടി ഡയറക്ടർ പ്രഫ. പ്രസാദ് കൃഷ്ണയ്ക്കെതിരെ പരാമർശമുണ്ടായിരുന്നു. ഇതിന്റെയും ആഗിന്റെ പിതാവ് എസ്. ദിലീപ് നൽകിയ പരാതിയുടെയും അടിസ്ഥാനത്തിലാണ് പ്രഫ. പ്രസാദ് കൃഷ്ണയെ പ്രതിചേർത്ത് കേസ് റജിസ്റ്റർ ചെയ്തതെന്നു പഞ്ചാബ് എഡിജിപി അർപിത് ശുക്ല പറഞ്ഞു. ആത്മഹത്യാ പ്രേരണ ചുമത്തിയാണു കേസെടുത്തത്. 

കോഴിക്കോട് എൻഐടിയിലെ വിദ്യാർഥിയായിരുന്ന ആഗിൻ പഠനം പാതിയിൽ ഉപേക്ഷിച്ചാണു പഞ്ചാബിലെ സ്വകാര്യ സർവകലാശാലയിൽ ചേർന്നത്. എൻഐടിയിലെ പഠനം നിർത്തിച്ചുവെന്ന് ആത്മഹത്യക്കുറിപ്പിൽ പരാമർശിച്ചിരുന്നു.സംഭവത്തിൽ പ്രഫ. പ്രസാദ് കൃഷ്ണയുടെ നിർബന്ധിത അവധിയും രാജിയും ആവശ്യപ്പെട്ട് കഴിഞ്ഞദിവസം വൈകിട്ട് കോഴിക്കോട് എൻഐടിക്കു മുന്നിൽ വിദ്യാർഥികൾ തുടങ്ങിയ ഉപരോധം ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് അവസാനിപ്പിച്ചത്. അതിനിടെ പ്രഫ.പ്രസാദ് കൃഷ്ണ അധിക ചുമതലയുള്ള സൂറത്കൽ എൻഐടിയിലേക്കു പോയി. 

നേരത്തേ നിശ്ചയിച്ച പരിപാടികളിൽ പങ്കെടുക്കുന്നതിനും തിങ്കളാഴ്ച ഡൽഹിയിൽ മാനവ വിഭവ ശേഷി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയ്ക്കും വേണ്ടിയാണ് ഡയറക്ടർ അവധിയിൽ പ്രവേശിച്ച് പകരം ഡപ്യൂട്ടി ഡയറക്ടർക്ക് ചുമതല നൽകിയതെന്നും എൻഐടി അധികൃതർ പറഞ്ഞു.

എൻഐടി ചട്ടങ്ങൾ അനുസരിച്ച് പഠനം നിർത്തുകയല്ലാതെ വിദ്യാർഥിക്ക് മറ്റു മാർഗങ്ങൾ ഇല്ലായിരുന്നുവെന്നും ഡിപ്പാർട്മെന്റ് കൺസൽറ്റീവ് കമ്മിറ്റി വിദ്യാർഥിയുടെ അഭ്യർഥന ശുപാർശ ചെയ്യേണ്ടെന്ന് തീരുമാനിച്ചുവെന്നും വിദ്യാർഥിയോടും പിതാവിനോടും കാര്യങ്ങൾ വിശദീകരിച്ചിരുന്നെന്നും എൻഐടി ഡയറക്ടർ പ്രഫ.പ്രസാദ് കൃഷ്ണ നൽകിയ പ്രസ്താവനയിൽ പറയുന്നു.

നാടിന്റെ അന്ത്യാഞ്ജലി

പള്ളിപ്പുറം (ആലപ്പുഴ) ∙ ആഗിന് നാടിന്റെ അന്ത്യാഞ്ജലി. പഞ്ചാബിൽ നിന്ന് ഇന്നലെ ഉച്ചയോടെയാണ് പള്ളിപ്പുറത്തെ വീട്ടിൽ മൃതദേഹം എത്തിച്ചത്. ആഗിൻ മുൻപ് പഠിച്ചിരുന്ന കോഴിക്കോട് എൻഐടിയിലെ സഹപാഠികൾ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. മൃതദേഹം അരൂർ പഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു.

 

English Summary: Case against Kozhikode NIT director

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com