ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ സ്കൂളുകളിൽ പഠനസമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയാക്കാൻ, സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണത്തെക്കുറിച്ചു പഠിച്ച ഡോ. എം.എ.ഖാദർ കമ്മിറ്റി അന്തിമ റിപ്പോർട്ടിൽ ശുപാർശ ചെയ്തു. 5 മുതൽ 12 വരെ ക്ലാസുകൾക്ക് ഉച്ചയ്ക്കുശേഷം 2 മുതൽ 4 വരെ പഠന അനുബന്ധ പ്രവർത്തനങ്ങൾക്കും കലാ–കായിക പരിശീലനത്തിനുമായി ഉപയോഗിക്കാം. 

ക്ലാസുകളിലെന്ന പോലെ സ്കൂളുകളിലും ആകെ വിദ്യാർഥികളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും കമ്മിറ്റി ശുപാർശ ചെയ്യുന്നു. മറ്റ് പ്രധാന ശുപാർശകൾ:

∙ എഴുത്തുപരീക്ഷാരീതി കാലോചിതമായി പരിഷ്കരിക്കുകയും പൊതുപരീക്ഷാദിനങ്ങൾ കുറയ്ക്കുകയും വേണം. ഇതിനായി എസ്എസ്എൽസി, ഹയർ സെക്കൻഡറി കുട്ടികളെ ഇടകലർത്തിയിരുത്തി ദിവസവും 2 പരീക്ഷകൾ നടത്താം. ഏപ്രിലിൽ തന്നെ പൊതുപരീക്ഷകൾ നടത്തുന്നതാണ് ഉചിതം.

∙ എസ്എസ്എൽസിക്കും ഹയർ സെക്കൻഡറിക്കും ഗ്രേസ് മാർക്ക് കൊണ്ടു നേടാവുന്ന ഉയർന്ന സ്കോർ ഒരു വിഷയത്തിൽ പരമാവധി 79 % ആയി (ബി പ്ലസ്) പരിമിതപ്പെടുത്തണം. നിലവിൽ എസ്എസ്എൽസിക്കു 90% മാർക്ക് വരെയും ഹയർ സെക്കൻഡറിക്കു 100% മാർക്കും ഗ്രേസ് മാർക്കിലൂടെ നേടാം.

∙ അധ്യാപക നിയമനത്തിനായി പ്രത്യേക റിക്രൂട്മെന്റ് ബോർഡ് രൂപീകരിക്കണം. അധ്യാപക നിയമന–സ്ഥാനക്കയറ്റ രീതി പരിഷ്കരിക്കണം. സ്കൂൾ അധികാരിയായുള്ള സ്ഥാനക്കയറ്റം സീനിയോറിറ്റി മാത്രം നോക്കാതെ മറ്റു മികവുകൾ കൂടി പരിഗണിച്ചാകണം.

∙ എയ്ഡഡ് സ്കൂൾ തസ്തിക അംഗീകാര വ്യവസ്ഥ പരിഷ്കരിക്കണം. വിദ്യാഭ്യാസ അധികാരി വിജ്ഞാപനം ചെയ്യുന്ന തസ്തികകളിൽ മാത്രമേ മാനേജർ നിയമനം നടത്താൻ പാടുള്ളൂ. എയ്ഡഡ് സ്കൂൾ നിയമനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ‘സമന്വയ’ പോർട്ടൽ വഴിയാകണം.

∙ സൗജന്യ ഉച്ചഭക്ഷണം 12–ാം ക്ലാസ് വരെ നൽകണം. നിലവിൽ 8–ാം ക്ലാസ് വരെയാണ്.

നാലര വർഷത്തിലേറെയായി പ്രവർത്തിക്കുന്ന കമ്മിറ്റിയുടെ കാലാവധി ഈ മാസം 30ന് അവസാനിക്കാനിരിക്കെയാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് അന്തിമ റിപ്പോർട്ട് കൈമാറിയത്.

മന്ത്രി വി.ശിവൻകുട്ടി, കമ്മിറ്റി അംഗങ്ങളായ ജി. ജ്യോതിചൂഡൻ, ഡോ. സി.രാമകൃഷ്ണൻ, പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു എന്നിവർ സംബന്ധിച്ചു.

English summary: Khader committee recommends 8 am to 1 pm schedule for schools

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com