ADVERTISEMENT

കൊച്ചി ∙ ഭീകരതയിലൂടെ രാജ്യത്തു സമാന്തര നീതിവ്യവസ്ഥ സ്ഥാപിക്കാനുള്ള ശ്രമം രഹസ്യമായി നടത്തുന്നവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. കേരളത്തിൽ അറസ്റ്റിലായ 19 പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ 10 പേരുടെ റിമാൻഡ് റിപ്പോർട്ടാണു കോടതിയിൽ സമർപ്പിച്ചത്. പോപ്പുലർ ഫ്രണ്ട് സംഘടനയാണ് ഒന്നാം പ്രതി. ഒരു പ്രത്യേക സമുദായത്തിന്റെ നേതാക്കളെ ലക്ഷ്യമിട്ടു പ്രതികൾ ‘ഹിറ്റ് ലിസ്റ്റ്’ തയാറാക്കിയതായും റിപ്പോർട്ട് ആരോപിക്കുന്നു. 

റെയ്ഡിൽ പിടിച്ചെടുത്ത തൊണ്ടിസാധനങ്ങളുടെ കൂട്ടത്തിൽ പ്രതികൾ ലക്ഷ്യമിട്ടവരെക്കുറിച്ചുള്ള വിവരമുണ്ട്. ഡിജിറ്റൽ ഉപകരണങ്ങളുടെ ഫൊറൻസിക് പരിശോധന പൂർത്തിയാകുന്നതോടെ ഗൂഢാലോചനയുടെ വ്യക്തമായ വിവരം ലഭിക്കുമെന്നും അന്വേഷണ സംഘം കോടതിയിൽ ബോധിപ്പിച്ചു.

ഒളിവിൽ പോയ മൂന്നാം പ്രതി അബ്ദുൽ സത്താർ, 12–ാം പ്രതി സി.എ.റഊഫ് എന്നിവരാണു ഹർത്താലിന് ആഹ്വാനം നൽകിയതെന്നും റിപ്പോർട്ട് ആരോപിക്കുന്നു. ശേഷിക്കുന്ന 10 പ്രതികൾക്കെതിരായ റിപ്പോർട്ട് അടുത്ത ദിവസം സമർപ്പിക്കും. 

ഭരണകൂട നയങ്ങളെക്കുറിച്ചു തെറ്റിദ്ധാരണ പരത്തി ഭീകരത സൃഷ്ടിക്കാനും ഭീകര സംഘടനകളായ ലഷ്കറെ തയിബ, ഐഎസ്, അൽ ഖായിദ എന്നിവയിലേക്കു യുവാക്കളെ ആകർഷിക്കാനും പ്രതികൾ ശ്രമിച്ചതായി റിപ്പോർട്ട് ആരോപിക്കുന്നു. സമൂഹമാധ്യമങ്ങൾ ദുരുപയോഗിച്ചും രഹസ്യസന്ദേശങ്ങൾ കൈമാറിയുമാണു പ്രതികൾ സ്പർധ വളർത്താൻ ശ്രമിക്കുന്നത്. ജാമ്യം ലഭിച്ചാൽ തെളിവു നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും കോടതിയെ അറിയിച്ചു. കേന്ദ്ര ഏജൻസികൾ ആർഎസ്എസിനു വേണ്ടി വിടുപണി ചെയ്യുകയാണെന്ന് അറസ്റ്റിലായവർ പ്രതികരിച്ചു.

10 പ്രതികൾ റിമാൻഡിൽ

കോടതി റിമാൻഡ് ചെയ്ത 10 പ്രതികളെയും കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് എൻഐഎ കസ്റ്റഡി അപേക്ഷ നൽകും. കാക്കനാട് ജില്ലാ ജയിലിലാണു പ്രതികളെ റിമാൻഡ് ചെയ്തത്. കേസിലെ രണ്ടാം പ്രതി പോപ്പുലർ ഫ്രണ്ട് എജ്യുക്കേഷൻ വിങ് ദേശീയ ഇൻ ചാർജ് കരമന അഷറഫ് മൗലവി, 4 മുതൽ 11 വരെ പ്രതികളായ പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദ്, സോണൽ സെക്രട്ടറി ഷിഹാസ്, നടക്കാവ് ഡിവിഷൻ ജോ. കൺവീനർ പി.അൻസാരി, ഈരാറ്റുപേട്ട നടയ്ക്കൽ ഡിവിഷനൽ കൺവീനർ എം.എം.മുജീബ്, മുണ്ടക്കയം ഡിവിഷനൽ കൺവീനർ നജ്മുദ്ദീൻ, കോട്ടയം ജില്ലാ സെക്രട്ടറി ടി.എസ്.സൈനുദ്ദീൻ, പെരുമ്പിലാവ് സ്വദേശി പി.കെ. ഉസ്മാൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം യഹിയ കോയ തങ്ങൾ എന്നിവരെയും 13-ാം പ്രതി വളാഞ്ചേരി സ്വദേശി കെ. മുഹമ്മദലിയെയുമാണു റിമാൻഡ് ചെയ്തത്.

വ്യാഴാഴ്ച രാവിലെ മുതൽ ചോദ്യം ചെയ്ത ശേഷമാണു രാത്രിയോടെ കോടതിയിൽ ഹാജരാക്കിയത്. ഇവരിൽ ചിലരെ ഡൽഹിയിലേക്കു കൊണ്ടുപോകും.

English Summary: NIA remand report on PFI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com