റെയ്ഡിന് എത്തിയത് വ്യോമസേനാ വിമാനത്തിൽ; മൊബൈല്‍ ജാമറടക്കം കൊണ്ടുവന്നു

popular-front-nia
കസ്റ്റഡിയിലെടുത്ത പോപ്പുലർ ഫ്രണ്ട് നേതാക്കളെയും പ്രവർത്തകരെയും കൊച്ചി കലൂരിലെ എൻഐഎ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ. ചിത്രം: മനോരമ
SHARE

പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്താനായി എൻഐഎ, ഇഡി ഉദ്യോഗസ്ഥ സംഘം കോഴിക്കോട് വിമാനത്താവളത്തിലെത്തിയത് വ്യോമസേനയുടെ ഗജരാജ വിമാനത്തിൽ. മൊബൈൽ ജാമറുൾപ്പെടെയുള്ള സംവിധാനങ്ങളുമായി ബുധനാഴ്ച രാത്രി 7 മണിയോടെയാണ് സംഘം വിമാനത്താവളത്തിലെത്തിയത്.

ലോക്കൽ പൊലീസിനെ റെയ്ഡ് വിവരം അറിയിച്ചിരുന്നെങ്കിലും വിശദ വിവരങ്ങൾ കൈമാറിയിരുന്നില്ല. സിആർപിഎഫിനായിരുന്നു മുഖ്യസുരക്ഷാ ചുമതല. വൻ പൊലീസ് സന്നാഹം റെയ്ഡ് നടന്നയിടങ്ങളിലെല്ലാം നിലയുറപ്പിച്ചിരുന്നു.മലപ്പുറം ജില്ലയിൽ ദേശീയ നേതാക്കൾ ഉൾപ്പെടെ 5 പേരുടെ വീടുകളിലും ദേശീയപാതയിൽ പുത്തനത്താണിക്കു സമീപമുള്ള പോപ്പുലർ ഫ്രണ്ട് ഓഫിസിലുമാണ് റെയ്ഡ് നടന്നത്. കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസിലും 2 നേതാക്കളുടെ വീടുകളിലും റെയ്ഡ് നടന്നു.

പോപ്പുലർ ഫ്രണ്ട് കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റി ഓഫിസിലും കാസർകോട് ജില്ലാ കമ്മിറ്റി ഓഫിസിലും റെയ്ഡ് നടത്തി. കാസർകോട് ജില്ലാ പ്രസിഡന്റ് സി.ടി.സുലൈമാന്റെ വീട്ടിൽ റെയ്ഡ് നടത്തിയെങ്കിലും അദ്ദേഹം ഉണ്ടായിരുന്നില്ല. സുലൈമാനെ പിന്നീട് പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് കസ്റ്റഡിയിലെടുത്തു. പാലക്കാട് ജില്ലയിൽ പോപ്പുലർ ഫ്രണ്ട് പട്ടാമ്പി ഓഫിസിലും സംസ്ഥാന സെക്രട്ടറി സി.എ.റൗഫിന്റെ കരിമ്പുള്ളിയിലെ വീട്ടി‍ലും പരിശോധന നടത്തി. റൗഫ് വീട്ടിലുണ്ടായിരുന്നില്ല.

pfi-door
പോപ്പുലർ ഫ്രണ്ട് നേതാവ് എം.എം.മുജീബിന്റെ വീടിന്റെ പിൻവശത്തെ വാതിൽ തകർന്ന നിലയിൽ. എൻഐഎ ഉദ്യോഗസ്ഥരാണ് വാതിൽ തകർത്തതെന്ന് എസ്ഡിപിഐ നേതൃത്വം ആരോപിച്ചു.

തൃശൂർ ജില്ലയിൽ ചാവക്കാട്ടെ ജില്ലാ ഓഫിസിലും 2 നേതാക്കളുടെ വസതിയിലുമായിരുന്നു റെയ്ഡ്.തിരുവനന്തപുരത്ത് രണ്ടിടത്തായിരുന്നു റെയ്ഡ്. സംസ്ഥാന നേതാവ് അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും ട്രിവാൻഡ്രം എജ്യുക്കേഷനൽ സർവീസ് ട്രസ്റ്റ് ചെയർമാൻ അബ്ദുൽ റഷീദിന്റെ മണക്കാട്ടെ വീട്ടിലുമായിരുന്നു പരിശോധന.

കൊല്ലം കരുനാഗപ്പള്ളി പുതിയകാവിലെ എസ്ഡിപിഐ ദക്ഷിണ കേരള ഓഫിസിലും പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുൽ സത്താറിന്റെ വീട്ടിലും റെയ്ഡ് നടന്നു. ഒരു വർഷം മുൻപ് എൻഐഎ അറസ്റ്റ് ചെയ്ത ക്യാംപസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റൗഫ് ഷെറീഫിന്റെ വീട്ടിലും റെയ്ഡ് നടന്നു. മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഉൾപ്പെട്ട കേസിലാണു റൗഫ് അറസ്റ്റിലായത്.

പത്തനംതിട്ടയിൽ പോപ്പുലർ ഫ്രണ്ടിന്റെ അടൂർ പറക്കോടുള്ള ഓഫിസിലും ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദിന്റെ വീട്ടിലും റെയ്ഡ് നടത്തി. ഉദ്യോഗസ്ഥരെ കണ്ട് ഇറങ്ങിയോടിയ സാദിഖിനെ തൊട്ടടുത്ത കെട്ടിടത്തിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്.കോട്ടയം ജില്ലയിൽ മുണ്ടക്കയം, ഈരാറ്റുപേട്ട എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. ജില്ലാ സെക്രട്ടറി താവളത്തിൽ സൈനുദ്ദീനെ ഇടുക്കി പെരുവന്താനത്തെ വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്. റെയ്ഡ് മൊബൈൽ ഫോണിൽ ചിത്രീകരിച്ച സൈനുദ്ദീന്റെ മകനെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീടു വിട്ടയച്ചു. തൊടുപുഴയിലെ ഇടുക്കി ജില്ലാ കമ്മിറ്റി ഓഫിസിലും റെയ്ഡ് നടന്നു.

പോപ്പുലർ ഫ്രണ്ട് കർണാടക പ്രസിഡന്റ് മുഹമ്മദ് ഷക്കീബ്, സംസ്ഥാന സെക്രട്ടറി അഫ്സർ പാഷ, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് നസീർ പാഷ എന്നിവരുടെ ബെംഗളൂരുവിലെ വീടുകളിൽ റെയ്ഡ് നടന്നു. 7 പേരെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിൽ 11 ഇടത്ത് റെയ്ഡ് നടന്നു. തമിഴ്നാട്ടിൽ 5 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്.

കേരളത്തിൽ അറസ്റ്റിലായവർ

പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഒ.എം.എ.സലാം, ദേശീയ സെക്രട്ടറി നാസറുദ്ദീൻ എളമരം, സംസ്ഥാന പ്രസിഡന്റ് സി.പി.മുഹമ്മദ് ബഷീർ, വൈസ് പ്രസിഡന്റ് കെ.മുഹമ്മദലി, കെ.പി.ജംഷീദ്, സ്ഥാപക നേതാവും മുൻ ചെയർമാനുമായ ഇ.അബൂബക്കർ, ദേശീയ സമിതി അംഗം പ്രഫ.പി.കോയ, കെ.പി.ഷഫീർ, ഇ.എം.അബ്ദുർ റഹ്മാൻ, നജുമുദീൻ മുഹമ്മദ്,

കോട്ടയം ജില്ലാ പ്രസിഡന്റ് ടി.എസ്.സൈനുദ്ദീൻ, സംസ്ഥാന കമ്മിറ്റി അംഗം യഹിയ തങ്ങൾ, കാസർകോട് ജില്ലാ പ്രസിഡന്റ് സി.ടി.സുലൈമാൻ, എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഉസ്മാൻ, കരമന അഷഫറ് മൗലവി, പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദ്, ഷൈഹാസ് ഹുസൈൻ, പി.അൻസാരി, എം.എം.മുജീബ്.

English Summary: PFI raid; NIA arrived in air force flight

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}