ADVERTISEMENT

കൊച്ചി ∙ ഏഴു ദിവസത്തെ മുൻകൂർ നോട്ടിസ് നൽകാതെ പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താൽ നടത്തിയതു നിയമവിരുദ്ധമാണെന്നു വിലയിരുത്തി ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മിന്നൽ ഹർത്താൽ ആഹ്വാനങ്ങളെ ഉരുക്കുമുഷ്ടി കൊണ്ടു നേരിടേണ്ടതാണെന്നു കോടതി പറഞ്ഞു. അക്രമങ്ങളിൽ പൊതു, സ്വകാര്യ സ്വത്തുകളുടെ നഷ്ടം ഉൾപ്പെടുത്തി പൊലീസ് റിപ്പോർട്ട് നൽകണമെന്നു ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. 

മിന്നൽ ഹർത്താൽ വിലക്കി 2019 ജനുവരി 7ന് ഹൈക്കോടതിയുടെ ഉത്തരവു നിലവിലുണ്ട്. പോപ്പുലർ ഫ്രണ്ടിനെയും സംസ്ഥാന ജനറൽ സെക്രട്ടറി എ.അബ്ദുൽ സത്താറിനെയും കേസിൽ കക്ഷി ചേർത്തതിനൊപ്പം കോടതിയലക്ഷ്യത്തിനു പ്രത്യേക നടപടിയാരംഭിക്കുമെന്നും കോടതി വ്യക്തമാക്കി. കോടതി ഉത്തരവു മറികടന്ന് മിന്നൽ ഹർത്താലിനു മുതിർന്നതു പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യമാണെന്നു കോടതി വ്യക്തമാക്കി. ഹർജി 29ലേക്കു മാറ്റി.

 

നിയമവിരുദ്ധ ഹർത്താൽ എന്നു വാർത്ത നൽകണം

ഹർത്താൽ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾ നോട്ടിസ് നൽകാതെയുള്ള മിന്നൽ ഹർത്താൽ നിയമവിരുദ്ധമാണെന്നു കൂടി ജനങ്ങളെ അറിയിക്കണമെന്നു ഹൈക്കോടതി അഭ്യർഥിച്ചു.  ഇത്തരം ഹർത്താലുകൾക്കു വഴങ്ങാതിരിക്കാൻ ജനങ്ങൾക്കും സേവനദാതാക്കൾക്കും അതു സഹായകമാകുമെന്നു കോടതി പറഞ്ഞു. 

 

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ ശുപാർശ ചെയ്തേക്കും

ന്യൂഡൽഹി ∙ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്ഐ) നിരോധിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ശുപാർശ ചെയ്തേക്കും. പിഎഫ്ഐ നേതാക്കളും പ്രവർത്തകരും യുവാക്കളെ ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) പോലുള്ള ഭീകര സംഘടനകളിലേക്കു റിക്രൂട്ട് ചെയ്യാൻ നീക്കം നടത്തിയതായി കോടതിയിൽ എൻഐഎ പറഞ്ഞു. പിഎഫ്ഐ മുൻ ചെയർമാൻ ഇ.അബൂബക്കർ ഉൾപ്പെടെ 18 േപരെ ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയപ്പോഴാണിത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങൾക്കായി സംഘടന വിദേശത്തു നിന്നടക്കം ധനശേഖരണം നടത്തിയെന്നും എൻഐഎ ആരോപിച്ചു. 

 

അക്രമങ്ങളിൽ കർശന നടപടി: ഡിജിപി

കൊച്ചി ∙ ഹർത്താൽ അക്രമങ്ങളിൽ കർശന നടപടിയെടുക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. ആവശ്യമെങ്കിൽ കൂടുതൽ സേനയെ വിന്യസിക്കും. 

 

English Summary: Kerala High Court Takes Suo Motu Case Against PFI hartal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com