ഹർത്താലിൽ കടകളും വാഹനങ്ങളും തകർത്തു; വ്യാപക അക്രമം

pfi-hartal
കണ്ണൂർ വളപട്ടണത്ത് ദേശീയപാതയിൽ ഹർത്താൽ അനുകൂലികൾ ടയർ കൂട്ടിയിട്ട് കത്തിച്ചപ്പോൾ.
SHARE

തിരുവനന്തപുരം ∙ കേരളത്തിൽ ഇന്നലെ പോപ്പുലർഫ്രണ്ട് നടത്തിയ ഹർത്താലിൽ വ്യാപക അക്രമം. കെഎസ്ആർടിസി ബസുകളും ലോറികളും ഉൾപ്പെടെ നൂറുകണക്കിനു വാഹനങ്ങൾക്കു നേരെ കല്ലേറുണ്ടായി. പലയിടത്തും കടകളും സ്ഥാപനങ്ങളും അടിച്ചുതകർത്തു. കെഎസ്ആർടിസിയുടെ 8 ഡ്രൈവർമാർ ഉൾപ്പെടെ 24 പേർക്കു പരുക്കേറ്റു. 

തൃശൂരിൽ രോഗിയുമായി പോയ ആംബുലൻസിനു നേരെയും കോഴിക്കോട് താമരശേരിയിൽ ഡയാലിസിസിനു രോഗിയെ കൊണ്ടുപോയ വാഹനത്തിനു നേരെയും കല്ലേറുണ്ടായി. കൊല്ലത്ത് പൊലീസുകാരെ ബൈക്കിടിച്ചുവീഴ്ത്തി. തൃശൂർ പാവറട്ടി വാക സെന്ററിൽ കള്ളുഷ‍ാപ്പുകൾക്കു മുന്നിൽ ഊരിപ്പിടിച്ച വാളുകളുമായി ഹർത്താലനുകൂലികളെത്തി. കണ്ണൂർ മട്ടന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിനു നേരെ പെട്രോൾ ബോംബേറുണ്ടായി; കല്യാശേരിയിൽ പൊലീസിനു നേരെ മണ്ണെണ്ണ ബോംബ് എറിഞ്ഞു. കണ്ണൂർ വിമാനത്താവളത്തിൽ നിന്നു ജോലി കഴിഞ്ഞു മടങ്ങിയയാളുടെ ബൈക്കിനു നേരെ പെട്രോൾ ബോംബെറിഞ്ഞു. പയ്യന്നൂരിൽ നിർബന്ധിച്ച് കട അടപ്പിക്കാൻ ശ്രമിച്ചവരെ നാട്ടുകാർ കൈകാര്യം ചെയ്തു.

പോപ്പുലർ ഫ്രണ്ട് ഓഫിസുകളിൽ എൻഐഎ രാജ്യവ്യാപകമായി റെയ്ഡ് നടത്തുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു ഹർത്താൽ. അക്രമങ്ങളുമായി ബന്ധപ്പെട്ട് 157 കേസുകൾ റജിസ്റ്റർ ചെയ്തു. 170 പേർ അറസ്റ്റിലായി. 368 പേരെ കരുതൽ തടങ്കലിലാക്കി. ഏറ്റവും കൂടുതൽ കേസ് കണ്ണൂരിലും (30) അറസ്റ്റ് കോട്ടയത്തും (87) കരുതൽ തടങ്കൽ മലപ്പുറത്തുമാണ് (118). 

കെഎസ്ആർടിസിയുടെ 70 ബസുകൾ തകർത്തെന്നും 42 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നും അധികൃതർ ഹൈക്കോടതിയിൽ അറിയിച്ചു. എന്നാൽ, ബസുകൾ തകർത്തതുമൂലം ഷെഡ്യൂളുകൾ മുടങ്ങില്ലേയെന്നു ചോദിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നഷ്ടം കോടികളാവില്ലേയെന്നും ചോദിച്ചു. ബസുകൾ തകർത്തവരിൽ നിന്നു നഷ്ടം ഈടാക്കണമെന്നും കോടതി പറഞ്ഞു. 

പൊലീസുകാരെ ബൈക്കിടിച്ചു വീഴ്ത്തി; ഗുരുതര പരുക്ക്

കൊല്ലം ∙ ദേശീയപാതയിൽ കൊല്ലൂർവിള പള്ളിമുക്കിൽ ബൈക്കിൽ പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാരെ ഹർത്താൽ അനുകൂലികൾ ബൈക്കിടിച്ചു വീഴ്ത്തി. ഇരവിപുരം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ആന്റണി, കൊല്ലം എആർ ക്യാംപിൽ നിന്നു ഡ്യൂട്ടിക്കെത്തിയ നിഖിൽ എന്നിവർക്കു ഗുരുതര പരുക്കേറ്റു. ബൈക്കിലെത്തി യാത്രക്കാരെ അസഭ്യം വിളിച്ച ഹർത്താൽ അനുകൂലികളെ തടയാൻ ശ്രമിച്ചപ്പോഴായിരുന്നു അതിക്രമം. പൊലീസിന്റെ ബൈക്കിലേക്ക് ഇവരുടെ ബൈക്ക് ഇടിച്ചുകയറ്റുകയായിരുന്നു. കണ്ണിനു താഴെ എല്ലിനു പൊട്ടലുണ്ടായ ആന്റണിയെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. 

English Summary: PFI hartal turns violent 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}