ADVERTISEMENT

തിരുവനന്തപുരം∙കേരള കാർഷിക സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസർ (രണ്ടാം ഗ്രേഡ്) മുതൽ  പ്രഫസർ തസ്തികയിലേക്കു വരെ ചട്ടങ്ങൾ ലംഘിച്ച് സ്ഥാനക്കയറ്റം നൽകിയെന്ന ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോർട്ട് ഉന്നത ഇടപെടലിത്തുടർന്ന് കൃഷി വകുപ്പ് പൂഴ്ത്തി.  

 സർക്കാരിലെ തിരുത്തൽ ശക്തിയായി തുടരുമെന്നു പാർട്ടി സമ്മേളനങ്ങളിൽ ആവർത്തിച്ച് പ്രഖ്യാപിച്ച പാർട്ടിയിലെ ചില നേതാക്കൾ സ്വന്തം വകുപ്പിൽ നടക്കുന്ന ക്രമക്കേടുകളെ നിസ്സാരവൽക്കരിക്കുകയാണെന്നും പരാതി. 

 സർവകലാശാലയിലെ അനധികൃത സ്ഥാനക്കയറ്റങ്ങ‍ളെക്കുറിച്ച് കൃഷി വകുപ്പിന്റെ ധനകാര്യ പരിശോധനാ വിഭാഗം 2019 ജൂലൈയിലാണ് സർക്കാരിനു റിപ്പോർട്ട് നൽകിയത്. 

വൻ ക്രമക്കേടുകൾ കണ്ടെത്തിയിട്ടും മൂന്നു വർഷമായി തുടർനടപടിയുണ്ടായിട്ടില്ല.  2014ൽ 244 അധ്യാപകർക്കു കൂട്ടപ്രമോഷൻ നൽകിയതിനെത്തുടർന്നാണ് ധനകാര്യ പരിശോധനാ വിഭാഗം പരിശോധിച്ചത്. 

 കരിയർ അഡ്വാൻസ്മെന്റ് സ്കീം പ്രകാരം നടന്ന സ്ഥാനക്കയറ്റങ്ങ‍ളിലാണ് യുജിസിയുടെ 2010ലെ നിർദേശങ്ങൾ പൂർണമായി ലംഘിച്ചതായി കണ്ടെത്തിയത്. യുജിസി നിഷ്കർഷിച്ച കുറഞ്ഞ സ്കോർ, എല്ലാ വിഭാഗത്തിലും നേടാത്ത 12 അധ്യാപകർക്കാണ് സർവകലാശാല സ്ഥാനക്കയറ്റം നൽകിയതെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

 സ്ഥാനക്കയറ്റത്തിന് അടിസ്ഥാനമായ കുറഞ്ഞ സ്കോറും പരമാവധി സ്കോറും ഓരോ വിഭാഗത്തിലും ആവശ്യമായ കുറഞ്ഞ സ്കോറും യുജിസി കൃത്യമായി നിർണയിച്ചിട്ടുണ്ട്. ഇതു മാറ്റാൻ ആർക്കും അധികാരമില്ല.  എന്നാൽ, ഉന്നത ഇടപെടലുകളെത്തുടർന്ന് യുജിസി നിർദേശം അട്ടിമറിക്കുകയായിരുന്നു എന്നാണു ആരോപണം.

 

പരമാവധി സ്കോറിനെ‍ക്കാൾ പത്തിരട്ടി ‘അടി‍ച്ചെടുത്തു’

കാറ്റഗറി ഒന്നിൽ അനുവദിക്കാവുന്ന പരമാവധി സ്കോറായ 125നെക്കാൾ പത്തിര‍ട്ടിയിലധികം സ്കോർ നേടിയ 14 അധ്യാപകർ കാർഷിക സർവകലാശാലയിൽ ഉണ്ടെന്നും ധനകാര്യ പരിശോധന വിഭാഗം കണ്ടെത്തി.  ഒരു അധ്യാപികയുടെ പരമാവധി സ്കോർ 11875 എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്.  സ്കോർ നിർണയം അട്ടിമറിച്ചത് അനർഹർക്കു സ്ഥാനക്കയറ്റം നൽകാനാണെന്നും ധനകാര്യ പരിശോധന വിഭാഗം സംശയിക്കുന്നു.  

 ക്രമരഹിതമായ സ്ഥാനക്കയറ്റം വിദഗ്ധസമിതി അന്വേഷിക്കുക, അധ്യാപകരിൽ ഒരു വിഭാഗം അംഗീകാരമില്ലാത്ത പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ച് സ്ഥാനക്കയറ്റം തരപ്പെടുത്തി‍യത് അന്വേഷിക്കുക,  2014ലും അതിനുശേഷവും നടത്തിയ സ്ഥാനക്കയറ്റങ്ങളുടെ സ്കോർ കാർഡ് സർവകലാശാലയ്ക്ക് പുറത്തുള്ള സ്വതന്ത്രമായ വിദഗ്ധസമിതി പരിശോധിക്കുക തുടങ്ങിയ ശുപാർശകളും ധനകാര്യ പരിശോധന വിഭാഗം നൽകിയിരുന്നു. അനർഹർക്കു നൽകിയ സ്ഥാനക്കയറ്റം റദ്ദാ‍ക്കണണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അതും അട്ടിമറിച്ചെന്നാണു ആരോപണം.

 

English Summary: Kerala agricultural university faculty promotion allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com