ADVERTISEMENT

കണ്ണൂർ ∙ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ പരക്കെ പൊലീസ് പരിശോധന. താണയിലെ ഹൈപ്പർ മാർക്കറ്റിൽ നിന്നു ലാപ്ടോപ്പും കംപ്യൂട്ടറും മൊബൈൽ ഫോണും ഫയലുകളും കസ്റ്റഡിയിലെടുത്തു. സംഘടനയുടെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്താനാണു പരിശോധനയെന്നാണു വിവരം.

ഒരേ സമയം ജില്ലകളിലെ വിവിധ സ്റ്റേഷൻ പരിധികളിലെ 10 സ്ഥാപനങ്ങളിൽ ഇന്നലെ വൈകിട്ട് 5ന് ആണ് പരിശോധന തുടങ്ങിയത്. കണ്ണൂർ ടൗൺ, സിറ്റി, വളപട്ടണം, മട്ടന്നൂർ, ചക്കരക്കൽ, ഉളിയിൽ പൊലീസ് സ്റ്റേഷൻ പരിധികളിലും പരിശോധനയുണ്ടായി. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ലഭിച്ച രേഖകൾ പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ പറഞ്ഞു.

അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ സ്ഥാപനങ്ങളിലും പരിശോധനയുണ്ടായി. ഹർത്താൽ ദിനത്തിൽ പെട്രോൾ ബോംബുകൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടതിന്റെ പിന്നിൽ ഉന്നത ഗൂഢാലോചനയുണ്ടെന്ന നിഗമനത്തിലാണു പൊലീസ്.

ലാപ്ടോപ് കസ്റ്റഡിയിലെടുത്ത താണയിലെ സ്ഥാപനം ഒന്നിലധികം പേർ ചേർന്നു നടത്തുന്നതാണ്. ഇതിൽ ചിലർ പോപ്പുലർ ഫ്രണ്ടിനു സാമ്പത്തിക സഹായം ചെയ്യുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്നാണു പൊലീസ് കേന്ദ്രങ്ങൾ പറയുന്നത്.

അതിനിടെ, എസ്ഡിപിഐ പ്രവർത്തകൻ പാറാട് പാറേമ്മലിൽ അജ്മലിന്റെ വീടിനു നേരെ ബോംബെറിഞ്ഞു. ഇന്നലെ പുലർച്ചെ രണ്ടോടെ നടന്ന സ്ഫോടനത്തിൽ വീടിന്റെ വരാന്തയിലേക്കുള്ള ചവിട്ടുപടി തകർന്നു. ആർക്കും പരുക്കില്ല.

മൊകേരി പഞ്ചായത്ത് മുസ്‍ലിം ലീഗ് പ്രസിഡന്റ് തങ്ങൾ പീടികയിൽ അസീസ് കാങ്ങാടന്റെ വീടിനു നേരെയും കഴിഞ്ഞ ദിവസം ബോംബേറുണ്ടായിരുന്നു.

 

പിഎഫ്ഐ അക്രമം: തമിഴ്നാട്ടിൽ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ്

ചെന്നൈ, മുംബൈ ∙ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) പ്രവർത്തകരുടെ വ്യാപക അക്രമങ്ങളെ തുടർന്ന് ഇത്തരം സംഭവങ്ങളിൽ ദേശീയ സുരക്ഷാനിയമപ്രകാരം കേസെടുക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. അക്രമം തടയുന്നതിനായി വ്യക്തികളെ കരുതൽ തടങ്കലിലാക്കാൻ പൊലീസിന് അധികാരം നൽകുന്നതുൾപ്പെടെ നിയമം വ്യവസ്ഥ ചെയ്യുന്നു. പിഎഫ്ഐ ഓഫിസുകളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡ് നടത്തുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തതിനു പിന്നാലെ വ്യാപക അക്രമം നടന്നിരുന്നു. കോയമ്പത്തൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ കാർ പെട്രോൾ ബോംബ് എറിഞ്ഞു കത്തിച്ചു. സേലത്ത് ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിലേക്ക് ഇന്നലെ പുലർച്ചെ പെട്രോൾ ബോംബ് എറിഞ്ഞ കേസിൽ 2 പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്തൊട്ടാകെ 19 പേർ ഇതുവരെ അറസ്റ്റിലായി. കോയമ്പത്തൂർ നഗരത്തിന്റെ ഇന്റലിജൻസ് ചുമതലയുണ്ടായിരുന്ന അസി. ഡപ്യൂട്ടി കമ്മിഷണർ എസ്.മുരുകവേലിനെ സ്ഥലം മാറ്റി. 

അതിനിടെ, പിഎഫ്ഐക്കെതിരെ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണു നടപടിയെന്നും രാജ്യത്ത് അസ്വസ്ഥത വിതയ്ക്കുന്ന സംഘത്തിനെതിരെയുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവരുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.

English Summary: NIA case against PFI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com