ADVERTISEMENT

തിരുവനന്തപുരം ∙ വായ്പ തിരിച്ചടവു മുടങ്ങിയ‍തിന്റെ പേരിൽ സ്വകാര്യ പണമിടപാടു സ്ഥാപനത്തിലെ ജീവനക്കാർ ശല്യപ്പെടുത്തുക‍യാണെന്ന പരാതി മുഖ്യമന്ത്രിയെ നേരിൽ കണ്ടു പറയാൻ കുറ്റ്യാടി സ്വദേശി പ്ലസ്‍വൺ വിദ്യാർഥി വീട്ടിൽ നിന്ന് ഒളിച്ചോടി തലസ്ഥാനത്തെത്തി. 

വിവരം അറിയാനിട‍യായ മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാർഥി‍യെയും പിതാവിനെയും ചേംബറിൽ വിളിച്ചുവരുത്തി സംസാരിച്ചു. വീട്ടുകാരോട് പറയാതെ എവിടെയും പോകരുതെന്ന്  ഉപദേശിച്ച ശേഷമാണ് വിദ്യാർഥിയെ മടക്കി അയച്ചത്. വായ്പ വിഷയമെല്ലാം ക്ഷമയോടെ കേട്ട മുഖ്യമന്ത്രി, ഇ‍തേക്കുറിച്ച് സർക്കാരിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നു പരിശോധിക്കാനും നിർദേശിച്ചു.  

കുറ്റ്യാടി കാക്കു‍നി സ്വദേശി ദേവനന്ദൻ (16) ശനിയാഴ്ച രാവിലെയാണു വടകരയിൽ നിന്നു ഏറനാട് എക്സ്പ്രസിൽ കയറിയത്.  രാത്രി ഒൻപതോടെ തിരുവനന്തപുരത്ത് എത്തി. തമ്പാനൂരിൽ നിന്നു ഓട്ടോയിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നിലെത്തിയ ശേഷം, ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രിയെ കാണണമെന്നു ദേവനന്ദൻ ആവശ്യപ്പെട്ടു. 

സംശയം തോന്നിയ പൊലീസുകാർ വിദ്യാർഥിയെ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു, രാത്രി ഭക്ഷണവും വാങ്ങി നൽകി. ദേവനന്ദൻ സുരക്ഷിത‍നാണെന്നു പിതാവ് ത‍റക്കണ്ടി രാജീവനെ പൊലീസ് ഫോണിൽ അറിയിച്ചു. 

മകനെ കാണാത്തതിനാൽ പരിഭ്രാന്തരാ‍യിരുന്ന രാജീവനും ഭാര്യ സജിനയ്ക്കും പൊലീസിന്റെ സന്ദേശം ആശ്വാസമായി. ഇന്നലെ രാവിലെ രാജീവൻ മ്യൂസിയം സ്റ്റേഷനിലെത്തി. മുഖ്യമന്ത്രിയെ കാണാനാണ് മകൻ തലസ്ഥാനത്ത് എത്തിയതെന്നു രാജീവൻ പറഞ്ഞതോടെ പൊലീസുദ്യോഗസ്ഥർ ഇക്കാര്യം ഉന്നതരെ അറിയിച്ചു. തുടർന്നാണ് മുഖ്യമന്ത്രി ഇരുവരെയും  ചേംബറിലേക്കു വിളിപ്പിച്ചത്. യാത്രയുടെ ഉദ്ദേശ്യം സഫലീ‍കരിച്ചതിന്റെ സന്തോഷത്തിലാണ് ആവള ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ  ദേവനന്ദൻ.

English Summary: Student left home to meet Pinarayi Vijayan

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com