ADVERTISEMENT

വർക്കല ( തിരുവനന്തപുരം )∙ സെറിബ്രൽ പാൾസി ബാധിതനായി കിടപ്പിലായിരുന്ന യുവാവ് കുത്തേറ്റു മരിച്ചു. സംഭവത്തിൽ വെറ്ററിനറി ഡോക്ടർ കൂടിയായ ജ്യേഷ്ഠൻ അറസ്റ്റിൽ. ഇന്നലെ പുലർച്ചെ ഒന്നര മണിക്കു വെട്ടൂർ മേൽവെട്ടൂരിലാണ് സംഭവം . വെട്ടൂർ മേൽവെട്ടൂർ കാർത്തികയിൽ പരേതനായ സുഗതന്റെയും സോമലതയുടെയും മകൻ സന്ദീപാണ്(47) കൊല്ലപ്പെട്ടത്. സംഭവത്തിൽ സന്തോഷിനെ(52) പൊലീസ് അറസ്റ്റ് ചെയ്തു. 

   അനുജന്റെ ചികിത്സയ്ക്കു വീട്ടുകാർ കൂടുതൽ തുക ചെലവാക്കുന്നതു തടയാനും സ്വത്ത് സ്വന്തമാക്കാനുമാണ് കൊല നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതി സന്തോഷ് ഇടുക്കി ഉപ്പുതറ പഞ്ചായത്തിലെ വളക്കോട് മൃഗാശുപത്രിയിൽ ജോലി ചെയ്യവേ കഴിഞ്ഞ ജൂലൈ മുതൽ സസ്പെൻഷനിലാണ്. 

സന്ദീപ് 3 വർഷമായി കിടപ്പിലായിരുന്നു. ട്യൂബ് വഴിയാണ് ആഹാരം നൽകിയിരുന്നത്. സംസാരശേഷിയും നഷ്ടപ്പെട്ടിരുന്നു. ശനിയാഴ്ച പുലർച്ചെ സന്തോഷ് ഉൾപ്പെടെ വീട്ടിലുണ്ടായിരുന്നു. വീടിനുള്ളിൽ സന്തോഷും അമ്മ സോമലതയും തമ്മിൽ വാക്കേറ്റം നടന്നു. തുടന്ന് വീടിന്റെ പിറകിൽ സന്ദീപിനായി ഒരുക്കിയ പ്രത്യേക മുറിയിലേക്കു സന്തോഷ് എത്തി. സന്ദീപിന് ഭക്ഷണം നൽകാൻ ക്രമീകരിച്ച ട്യൂബ് ഉൾപ്പെടെ മെഡിക്കൽ ഉപകരണങ്ങൾ സന്തോഷ് വലിച്ചു നീക്കിയെന്ന് മുറിയിലുണ്ടായിരുന്ന ഹോം നഴ്സ് സത്യദാസ് പൊലീസിന് മൊഴി നൽകി. തുടർന്ന് കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് സന്ദീപിന്റെ നെഞ്ചിൽ കുത്തിയിറക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

പേട്ട റെയിൽവേ ആശുപത്രിയിൽ സെക്യൂരിറ്റി വിഭാഗത്തിലായിരുന്നു സന്ദീപ് ജോലി ചെയ്തിരുന്നത്. രോഗം മൂർഛിച്ചതോടെ ഏറെനാളായി റെയിൽവേ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് വീട്ടിലേക്കു മാറ്റി.  വിവാഹമോചനം നേടിയ സന്തോഷിന് രണ്ടു മക്കളുണ്ട്. 

മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദീപിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. പിതാവ് പരേതനായ സുഗതൻ എയർഫോഴ്സിൽ റിട്ട. ഉദ്യോഗസ്ഥനായിരുന്നു.

 

English Summary: Veterinarian murders bedridden younger brother 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com