ADVERTISEMENT

തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും ആധാറുമായി ബന്ധിപ്പിക്കാൻ വീടുകളിലെത്തി ബൂത്ത് ലവൽ ഓഫിസർമാർ (ബിഎൽഒ) നിർബന്ധിക്കുന്നതായി വ്യാപക പരാതി. ബന്ധിപ്പിക്കൽ ഇതുവരെ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർബന്ധമാക്കിയിട്ടില്ല. ബന്ധിപ്പിക്കാത്തവരുടെ പേരുകൾ വോട്ടർപട്ടികയിൽനിന്നു നീക്കാൻ തീരുമാനിച്ചിട്ടുമില്ല. എന്നാൽ, ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ വോട്ടർപട്ടികയിൽ നിന്നു നീക്കുമെന്നും നിയമനടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പു നൽകിയാണ് പല ബിഎൽഒമാരും വീടുകളിലെത്തി ബന്ധിപ്പിക്കൽ നടത്തുന്നത്. പരമാവധി തിരിച്ചറിയൽ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന മേലുദ്യോഗസ്ഥരുടെ കർശന നിർദേശമാണ് തങ്ങളെ സമ്മർദ്ദത്തിലാക്കുന്നതെന്നു ചില ബിഎൽഒമാരും കുറ്റപ്പെടുത്തുന്നു. 

2021ലെ വോട്ടെടുപ്പ് നിയമഭേദഗതിയുടെ അടിസ്ഥാനത്തിലാണ് രാജ്യവ്യാപകമായി തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും ആധാറും ബന്ധിപ്പിക്കുന്നത്. ഇതിനായി അവസാന തീയതി തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചിട്ടില്ല. വോട്ടർപട്ടികയിലെ പേരുകൾ യഥാർഥത്തിലുള്ളവ തന്നെയാണെന്ന് ഉറപ്പിക്കുക, ഇവരുടെ തിരിച്ചറിയൽ ഉറപ്പാക്കുക, രാജ്യത്ത് എവിടെയെങ്കിലും ഒന്നിലേറെ തവണ വോട്ടർപട്ടികയിൽ പേരുണ്ടെങ്കിൽ കണ്ടെത്തി നീക്കം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആധാറുമായി ബന്ധിപ്പിക്കുന്നത്. 

പുതുതായി അപേക്ഷിക്കുന്നവരിൽനിന്നും നിലവിൽ വോട്ടർ പട്ടികയിൽ പേരുള്ളവരിൽനിന്നും ആധാർ നമ്പർ ആവശ്യപ്പെടാൻ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നതായിരുന്നു 2021ലെ നിയമഭേദഗതി. എന്നാൽ, ആധാർ നമ്പർ ഹാജരാക്കാൻ കഴിയാത്തതിന് കൃത്യമായ കാരണം വോട്ടർ ചൂണ്ടിക്കാണിക്കുകയാണെങ്കിൽ മറ്റ് തിരിച്ചറിയൽ രേഖകൾ സ്വീകരിക്കണമെന്നും നിയമഭേദഗതിയിലുണ്ട്. ഇതു കാരണമാണ് ആധാർ ബന്ധിപ്പിക്കൽ കർശനമായി നടപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനു കഴിയാത്തത്. അതേസമയം, ഇൗ ഇളവു ആയുധമാക്കി, ഒന്നിലേറെ തവണ വോട്ടർ പട്ടികയിൽ പേരുള്ള ഒട്ടേറെ പേർ ആധാർ നൽകാൻ വിസമ്മതിക്കുകയാണെന്നു ബിഎൽഒമാർ ചൂണ്ടിക്കാട്ടുന്നു. വോട്ടർപട്ടികയുമായി  ആധാർ നമ്പർ ബന്ധിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ www.nvsp.in  വെബ്സൈറ്റ് മുഖേനയോ വോട്ടർ ഹെൽപ്‌ലൈൻ ആപ് (VHA) മുഖേനയോ സാധിക്കും.

 

English summary: Voter card Aadhaar linking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com