സ്വയം വളർന്ന വൻമരം

Aryadan Mohammed
2011ൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ആര്യാടൻ മുഹമ്മദ്.
SHARE

നിയമസഭയിൽ ആര്യാടൻ മുഹമ്മദ് എഴുന്നേൽക്കുമ്പോൾ സഭയാകെ ആ ഒറ്റയാളിലേക്കു ചുരുങ്ങും. എന്തോ സംഭവിക്കാൻ പോകുന്നുവെന്ന പ്രതീതി. ഓരോ തവണ ആര്യാടൻ എഴുന്നേൽക്കുമ്പോഴും എന്തോ ഒന്നു വരുന്നുവെന്ന് അദ്ദേഹം തോന്നിപ്പിക്കും.

ആര്യാടന്റെ കയ്യിൽ ഒരു കുറിപ്പടിപോലും കാണില്ല. പക്ഷേ, നാവിൽനിന്നു വരുന്നതു മുഴുവൻ കണക്കാണ്. ‘ഡേറ്റ’ ആയിരുന്നു ആര്യാടന്റെ ശക്തി. വിവരാവകാശ നിയമപ്രകാരം രേഖകളൊന്നും അദ്ദേഹത്തിനു സംഘടിപ്പിക്കേണ്ടി വന്നില്ല. നിയമസഭാ ഹോസ്റ്റലിലെ മുറിയിൽ അതു കെട്ടുകണക്കിന് ഉണ്ടായിരുന്നു.

നാളെ ഉപയോഗമുണ്ട് എന്നു തോന്നിക്കുന്ന ഒരു കടലാസും ആര്യാടൻ കളയുമായിരുന്നില്ല. ആ മുറിയിൽ എത്തുന്ന സഹപ്രവർത്തകർക്കു മഷി പുരളാത്ത ഒരു പത്രം പോലും കിട്ടില്ല. ഓരോ പേജിലും ചില വാർത്തകൾക്കു താഴെ ആര്യാടന്റെ വര ഉണ്ടാകും. എന്നുവച്ചാൽ അതു വെട്ടിവയ്ക്കണം എന്നാണ്. അതിനു മാത്രമായി അദ്ദേഹത്തിന് ഒരു സഹായി ഉണ്ടായിരുന്നു. ‘സാമ്പത്തികം, ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം തുടങ്ങി വിദേശകാര്യത്തിനു വരെ അങ്ങനെ പ്രത്യേക ഫയൽ ഉണ്ടായി.

ആ ഡേറ്റയുംകൊണ്ട് ആര്യാടൻ സഭയിൽ എഴുന്നേറ്റു നിന്നാൽപിന്നെ ശങ്കിക്കാതെ എങ്ങനെ. തോമസ് ഐസക് ധനകാര്യമന്ത്രി ആയിരുന്നപ്പോൾ ധനകാര്യ വിഷയങ്ങൾ വന്നാൽ പിന്നെ ആര്യാടൻ– ഐസക് സംവാദമാണ്. 

ഐസക്കിന്റെ പാണ്ഡിത്യത്തെ ആര്യാടനും ആര്യാടന്റെ ബുദ്ധിശക്തിയെ ഐസക്കും തിരിച്ചറിഞ്ഞിട്ടുള്ളതിനാൽ രണ്ടു കൂട്ടർക്കും പ്രശ്നമില്ല.

സ്കൂൾ വിദ്യാഭ്യാസം മാത്രം സിദ്ധിച്ച ആര്യാടൻ എക്കാലത്തും ഒരു സ്വയാർജിത മനുഷ്യനായിരുന്നു. പാർലമെന്ററി പ്രവർത്തനത്തിന്റെ ആധികാരിക ഗ്രന്ഥങ്ങളിൽ ഒന്നായ ശാക്ധർ ആൻഡ് കൗൾ ആര്യാടൻ അമ്മാനമാടി. ജി.വി.മാവ്‌ലങ്കറിന്റെ ഉദ്ധരണികൾ എയ്തുവിട്ടുകൊണ്ടേയിരുന്നു, നിയമസഭാ ചട്ടങ്ങൾ കാണാപ്പാഠമായി എതിരാളികളുടെ മുന്നിലേക്ക് എടുത്തടിച്ചു.

ക്രമപ്രശ്നം ആയിരുന്നു ആര്യാടൻ മുഹമ്മദിന്റെ തുറുപ്പുചീട്ട്. അതുമായി അദ്ദേഹം എഴുന്നേറ്റാൽ ഏതു കൊമ്പൻ സ്പീക്കറും ഒന്നു പരുങ്ങും. അതിൽ ഒരു പോയിന്റ് ഉണ്ടെന്ന് എതിരാളികൾക്കും സമ്മതിക്കേണ്ടി വരും. ആര്യാടനെക്കൂടി ഉൾക്കൊണ്ടുള്ള റൂളിങ്ങിനേ സാധാരണ സ്പീക്കർമാർക്കു കഴിയൂ. അല്ലെങ്കിൽ പിന്നെ ‘സേർ..’ എന്ന വിളിയോടെ അടുത്ത പോയിന്റ് വൈകാതെ വരും. സ്പീക്കറുടെ റൂളിങ്ങിനെ ചോദ്യം ചെയ്യാൻ അവകാശമില്ലെങ്കിലും തന്റെ പോയിന്റ് പറഞ്ഞു സ്ഥാപിക്കാനുള്ള കൗശലം ആര്യാടന് എന്നും കൈമുതലായിരുന്നു.

ബജറ്റിൽ അദ്വിതീയനായിരുന്നു ആര്യാടൻ. രണ്ടു മണിക്കൂറോളം എടുത്ത് ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റിനെ പ്രതിപക്ഷത്താണെങ്കിൽ രണ്ടോ മൂന്നോ മിനിറ്റിൽ ആര്യാടൻ വലിച്ചുകീറിയിരിക്കും. നിയമസഭാ സെക്രട്ടേറിയറ്റിലെ ചില ഉദ്യോഗസ്ഥരുടെ ഫോൺ രാത്രി 11 മണി കഴിഞ്ഞു മുഴങ്ങിയാൽ അപ്പുറത്ത് ആര്യാടൻ ആണെന്ന് അവർ ഉറപ്പിക്കും. എംഎൽഎ ഹോസ്റ്റലിലെ ഒത്തുചേരലുകൾക്കു ശേഷവും ആര്യാടൻ ജാഗരൂകനായിരുന്നു.

എംഎൽഎ അല്ലാതിരുന്ന ഇക്കഴിഞ്ഞ വർഷങ്ങളിലും അതിനു മുടക്കം ഉണ്ടായില്ല. രമേശ് ചെന്നിത്തലയും ഇപ്പോൾ വി.ഡി.സതീശനും പ്രതിപക്ഷ നേതാവ് ആയിരിക്കെ നിയമസഭാ സമ്മേളന ദിനങ്ങളിലാണ് ആര്യാടന്റെ വിളി വരിക. 

ടിവിയിൽ സഭാചർച്ചയുടെ വാർത്ത കണ്ടശേഷം പ്രതിപക്ഷം വിട്ടുപോയ പോയിന്റ് ഓർമിപ്പിക്കാനാണ് ആ വിളി.

നിയമനിർമാണ ചർച്ചകൾ ആര്യാടന് ഒരു ഹരം തന്നെ ആയിരുന്നു. ഭരണപക്ഷം കൊണ്ടുവരുന്ന ഒരു ബിൽ എന്തുകൊണ്ട് സഭയിൽ അവതരിപ്പിക്കപ്പെടരുതെന്നു തടസ്സവാദം ഉന്നയിച്ച് ആര്യാടൻ സമർഥിക്കുമ്പോൾ ബില്ലുമായി വന്ന മന്ത്രിയും ആശയക്കുഴപ്പത്തിലാകും. ‘ധനകാര്യ മെമ്മോറാണ്ടം എവിടെ സേർ’ എന്ന് ആ ഏറനാടൻ ശൈലിയിൽ ആര്യാടൻ ചോദിക്കുക കൂടി ചെയ്താൽ പുതിയ മന്ത്രി ആണെങ്കിൽ കിടുങ്ങി എന്നുറപ്പ്. സിപിഎമ്മിനെ നേരിടാൻ അവരുടെ ആവനാഴിയിൽ നിന്നു തന്നെ അമ്പു കണ്ടെടുക്കാൻ ആര്യാടന് പ്രത്യേക വൈഭവം ഉണ്ടായിരുന്നു. ചൈനയിൽ നിന്നുള്ള  പ്രസിദ്ധീകരണങ്ങൾ ആര്യാടനെപ്പോലെ സ്ഥിരമായി വായിക്കുന്ന സിപിഎം നേതാക്കൾ പോലും ഉണ്ടാകില്ല.

ചിലപ്പോൾ കയ്യിൽ ഒരു കടലാസ് എടുത്ത് അൽപം കൂടുതൽ ഗൗരവം നടിക്കും ആര്യാടൻ. അതിൽ നിന്നുള്ള ഡേറ്റ ആണെന്ന ആധികാരിക ഭാവത്തോടെ അവതരിപ്പിക്കുകയാണു ലക്ഷ്യം. തൊട്ടടുത്തിരിക്കുന്നവർ അതുകണ്ട് ഊറിച്ചിരിക്കും. കടലാസിൽ ഒറ്റ അക്ഷരം പോലും ഇല്ലെന്ന് അവർക്കല്ലേ അറിയൂ. തന്റെ നിയമസഭാ പ്രസംഗങ്ങൾ പുസ്തക രൂപത്തിൽ ഇറങ്ങണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് പക്ഷേ ആര്യാടൻ വിടവാങ്ങിയത്.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അടക്കമുള്ള പുതുനിര നേതാക്കളിൽ ഏറിയ പങ്കിനും ആര്യാടൻ നിയമസഭയിലെ ഗുരു തന്നെ ആയിരുന്നു. മലപ്പുറത്തു മികച്ച രാഷ്ട്രീയ നേതാവിനുള്ള പുരസ്കാരം ഏതാനും മാസം മുൻപ് സമർപ്പിച്ചു കൊണ്ട് സതീശൻ അദ്ദേഹത്തിന്റെ സംഭാവനകളെ ഉള്ളിൽ തട്ടി പ്രകീർത്തിച്ചു. അതു കേട്ടിരുന്ന ആര്യാടൻ ഇങ്ങനെ മറുപടി പറഞ്ഞു തുടങ്ങി: ‘എനിക്കു സന്തോഷമായി. ഞാൻ മരിച്ചു കഴിഞ്ഞാൽ കേരളത്തിലെ പ്രതിപക്ഷ നേതാവ് നടത്തുന്ന പ്രസംഗം ജീവിച്ചിരിക്കെത്തന്നെ കേൾക്കാനുള്ള ഭാഗ്യം ഉണ്ടായി !’

English Summary: Aryadan Muhammed as legislator

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}