ADVERTISEMENT

യുഡിഎഫും കോൺഗ്രസും കലങ്ങിമറിഞ്ഞപ്പോഴൊക്കെ ആര്യാടൻ മറുമരുന്ന്  കണ്ടെത്തി; അതെല്ലാം ഫലിക്കുകയും ചെയ്തു

ആര്യാടൻ മുഹമ്മദ് എനിക്ക് എന്റെ പാർട്ടിയുടെ നേതാവ് മാത്രമായിരുന്നില്ല. സുഹൃത്തും ജ്യേഷ്ഠ സഹോദരനും സഹപ്രവർത്തകനുമൊക്കെയായിരുന്നു. അദ്ദേഹവുമായി അരനൂറ്റാണ്ടിലധികം നീണ്ട ബന്ധമാണുള്ളത്. എത്രയോ പ്രതിസന്ധിഘട്ടങ്ങളെ ഞങ്ങൾ നേരിട്ടു. പോരാട്ടങ്ങൾ നടത്തി, തീരുമാനങ്ങൾ എടുത്തു. പ്രതിസന്ധികളിൽ നിലമ്പൂർ തേക്കിന്റെ കരുത്താണ് ആര്യാടന്. 

മന്ത്രിസഭ ആടിയുലഞ്ഞപ്പോഴും കോൺഗ്രസും യുഡിഎഫും കലങ്ങി മറിഞ്ഞപ്പോഴുമൊക്കെ എത്രയോ തവണ അദ്ദേഹം മറുമരുന്ന് കണ്ടെത്തി. 2014ൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണി സെക്രട്ടേറിയറ്റ് വളഞ്ഞപ്പോൾ സർക്കാർ പ്രതിസന്ധിയിലായി. ആ സമരം പൊളിച്ചടുക്കാൻ കൃത്യമായ തന്ത്രങ്ങൾ മെനഞ്ഞത് ആര്യാടനായിരുന്നു. അദ്ദേഹത്തിന്റെ ചാണക്യതന്ത്രങ്ങൾ പാർട്ടിയെയും സർക്കാരിനെയും എത്രയോ തവണ രക്ഷിച്ചു. നിയമസഭയുടെ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും വകുപ്പുകളുമെല്ലാം ഹൃദിസ്ഥം. ഓർമയുടെ ആവനാഴിയിൽനിന്ന് ആവശ്യത്തിന് അതെടുത്തു പ്രയോഗിക്കുന്നത് അതിശയത്തോടെ നോക്കിയിരുന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ വാദങ്ങളിൽ ആരെങ്കിലും സംശയം പ്രകടിപ്പിച്ചാൽ പേജ് നമ്പർ സഹിതമായിരിക്കും മറുപടി. 

ഒരു തീരുമാനവും അടിച്ചേൽപിക്കാത്ത, മറ്റുള്ളവരുടെ അഭിപ്രായത്തിനു വില നൽകി അതാണ് തന്റെയും അഭിപ്രായം എന്ന മട്ടിൽ അദ്ദേഹം അവതരിപ്പിക്കുമായിരുന്നു. ആരെയും വിഷമിപ്പിക്കാതെ തീരുമാനമെടുക്കാനുള്ള ആര്യാടന്റെ കഴിവ് എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണവാർത്ത അറിഞ്ഞപ്പോൾ ഓർമകൾ പഴയ കെഎസ്‌യു കാലത്തേക്കു പോയി. കെഎസ്‌യുവിന്റെ ദശവത്സരാഘോഷം കോഴിക്കോട്ടു നടക്കുന്നു. അന്നു കോഴിക്കോട് ഡിസിസി സെക്രട്ടറിയാണ് ആര്യാടൻ മുഹമ്മദ്. അവിഭക്ത കോഴിക്കോട് ജില്ലയാണ് അന്ന്. മലപ്പുറവും വയനാടും ചേർന്ന കോഴിക്കോട് ജില്ലയുടെ ശക്തനായ നേതാവാണ് ആര്യാടൻ. സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതു യുപിയിലും ഛത്തീസ്ഗഡിലും മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമൊക്കെയായി പിന്നീടു മാറിയ എൻ.ഡി. തിവാരിയെന്ന നാരായൻ ദത്ത് തിവാരി. 

കോഴിക്കോട് സമ്മേളനം കഴിഞ്ഞു തിവാരിയെ തിരിച്ചു യാത്രയാക്കേണ്ട ചുമതല എനിക്കാണ്. ബെംഗളൂരുവിലേക്കാണു അദ്ദേഹത്തിനു പോകേണ്ടത്. ബസ് സ്റ്റേഷനിൽ വിളിച്ചന്വേഷിച്ചപ്പോൾ 45 മിനിറ്റിനകം ഒരു ബസ് അവിടേക്കു പുറപ്പെടുന്നുണ്ടെന്നറിഞ്ഞു. ബസ് സ്റ്റേഷനിലേക്കു തിവാരിയുമായി പുറപ്പെടാൻ ഒരുങ്ങിയപ്പോഴാണ് വണ്ടിക്കൂലിയില്ലെന്ന കാര്യം അദ്ദേഹം പറഞ്ഞത്. എന്റെ കയ്യിലും പണമില്ല. ടിക്കറ്റ് ചാർജ് അന്വേഷിച്ചപ്പോൾ 22 രൂപ. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചുപോയി. തിവാരിയുമായി നേരെ ഡിസിസി ഓഫിസിലേക്കു പോയി. ആര്യാടൻ മുഹമ്മദ് ഓഫിസിലെ അദ്ദേഹത്തിന്റെ സ്വകാര്യ മുറിയിൽ കുപ്പായമൊക്കെ ഊരിയിട്ടു വിശ്രമിക്കുകയാണ്. മുറിയിലേക്ക് എങ്ങനെ കയറിച്ചെന്നു പണം ചോദിക്കുമെന്ന ആശങ്ക. 

ഒടുവിൽ രണ്ടുംകൽപിച്ച് തിവാരിയുമായി മുറിക്കകത്തേക്കു കയറി. തിവാരിക്കു മടങ്ങാൻ വണ്ടിക്കൂലിയില്ലാത്ത കാര്യം അറിയിച്ചു. ഒന്നും മിണ്ടാതെ കീശയിൽനിന്ന് 25 രൂപയെടുത്തു തിവാരിക്കു നൽകി. മൂന്നു രൂപ വഴിച്ചെലവിനുള്ളതാണ്. ആര്യാടൻ പണം നൽകിയില്ലായിരുന്നെങ്കിൽ എന്തു ചെയ്യുമെന്നറിയില്ലായിരുന്നു. ഏറെ ആശ്വാസത്തോടെ തിവാരിയെ യാത്രയാക്കി. 

പിന്നീട് തിവാരി കേന്ദ്ര തൊഴിൽ മന്ത്രിയായ കാലത്ത് ആര്യാടൻ കേരളത്തിന്റെ തൊഴിൽ മന്ത്രിയായിരുന്നു. തൊഴിൽ മന്ത്രിമാരുടെ സമ്മേളനത്തിൽ ആര്യാടനെ കണ്ട തിവാരി ആ പഴയ 25 രൂപയുടെ കഥ ഓർമിപ്പിച്ചു. അന്ന് 25 രൂപ നൽകിയത് ഉമ്മൻ ചാണ്ടിയെ രക്ഷിക്കാനായിരുന്നു എന്നാണ് ആര്യാടൻ ചിരിച്ചുകൊണ്ടു പറഞ്ഞത്. 

ഏതു പ്രതിസന്ധിയെയും മറികടക്കാൻ അദ്ദേഹത്തിന്റെ ഉപദേശങ്ങൾക്കു കഴിഞ്ഞിരുന്നു. പാർട്ടിയിലോ സർക്കാരിലോ എന്തെങ്കിലും പ്രശ്നം വന്നാൽ ആശ്രയിക്കാവുന്ന സഹപ്രവർത്തകനായിരുന്നു അദ്ദേഹം. കൊച്ചി മെട്രോയുടെ തുടക്കകാലത്ത് ഞാൻ മുഖ്യമന്ത്രിയാണ്. ആര്യാടനാണു റെയിൽവേയുടെ ചുമതലയുള്ള മന്ത്രി. മെട്രോ യാഥാർഥ്യമാക്കാൻ കേന്ദ്ര അനുമതി നേടിയെടുക്കുന്നതിലും അതിന്റെ നടപടിക്രമങ്ങളിലും ഫലപ്രദമായ ഇടപെടലുണ്ടായി. അദ്ദേഹം തൊഴിൽ മന്ത്രിയായിരുന്ന കാലത്ത് ഒട്ടേറെ തൊഴിൽ തർക്കങ്ങളുണ്ടായിരുന്നു. തൊഴിലാളിയെയും തൊഴിലുടമയെയും ക്ഷമയോടെ കേട്ടു തർക്കങ്ങൾ പരിഹരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. 

ഒരു ഉപതിരഞ്ഞെടുപ്പു കാലം. തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് സ്വരൂപിക്കേണ്ട ചുമതല എ.കെ. ആന്റണിക്കും ആര്യാടൻ മുഹമ്മദിനും എനിക്കുമായിരുന്നു. ഫണ്ട് പിരിവിനായി ഒരഭ്യുദയകാംക്ഷിയെ കണ്ടു. സംഭാവന എത്ര തരണമെന്ന് അദ്ദേഹം ചോദിച്ചു. എനിക്കു തുക പറയാൻ ഒരു മടി. ഞാൻ ആര്യാടന്റെ മുഖത്തേക്കു നോക്കി. അദ്ദേഹം തികഞ്ഞ ഗൗരവത്തിലിരിക്കുകയാണ്. തുക എത്ര വേണമെന്ന് ആര്യാടൻ ഒറ്റയടിക്കു പറഞ്ഞു. ഇദ്ദേഹം ഇടയ്ക്കു പാർട്ടിയെ സഹായിക്കുന്ന ആളാണ്, അതിനാൽ തുക അൽപം കുറയ്ക്കാമെന്നു ഞാൻ അഭിപ്രായം പറഞ്ഞതോടെ ആര്യാടൻ ദേഷ്യപ്പെട്ട് പോകാനായി എഴുന്നേറ്റു. 

അതോടെ, ആര്യാടൻ ആവശ്യപ്പെട്ട തുക തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് അഭ്യുദയകാംക്ഷി നൽകുകയും ചെയ്തു. മികച്ച ഭരണാധികാരി, രാഷ്ട്രീയ തന്ത്രജ്ഞൻ, ട്രേഡ് യൂണിയൻ നേതാവ് തുടങ്ങിയ നിലകളിലെല്ലാം പ്രതിഭ തെളിയിച്ച നേതാവാണ് അദ്ദേഹം. ശക്തമായ നിലപാടുകൾകൊണ്ടും അദ്ദേഹം സ്വയം അടയാളപ്പെടുത്തി. 2004ൽ യുഡിഎഫ് മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരിക്കെ മലയോരങ്ങളിലും ആദിവാസികോളനികളിലുമൊക്കെ വൈദ്യുതി എത്തിച്ച അദ്ദേഹത്തിന്റെ പ്രവർത്തനം ശ്രദ്ധേയമായിരുന്നു. മലബാറിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനും മുൻകയ്യെടുത്തു. കോൺഗ്രസിനും മതനിരപേക്ഷ കേരളത്തിനും തീരാനഷ്ടമാണ് ആര്യാടന്റെ വിയോഗം.

English Summary: Oommen Chandy remembering Aryadan Muhammed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com