ADVERTISEMENT

പാലാ ∙ എംജി സർവകലാശാല പ്രഥമ വൈസ് ചാൻസലർ ഡോ. എ.ടി.ദേവസ്യ (94) അന്തരിച്ചു. ഗാന്ധിയനും പാലാ രൂപത പാസ്റ്ററൽ കൗൺസിൽ ചെയർമാനുമായിരുന്നു. സംസ്കാരം ഒക്ടോബർ ഒന്നിന് ഉച്ചയ്ക്കു രണ്ടിനു പാലാ 12-ാംമൈലിലെ വസതിയിൽ ആരംഭിച്ച് 3ന് അന്ത്യാളം സെന്റ് മാത്യൂസ് പള്ളിയിൽ. മൃതദേഹം നാളെ വൈകിട്ട് 5നു വസതിയിൽ കൊണ്ടുവരും. 

തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ്, മദ്രാസ് ലൊയോള കോളജുകളിൽ നിന്ന് ഉന്നത വിദ്യാഭ്യാസവും അമേരിക്കയിലെ ബോസ്റ്റൺ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡിയും സ്വന്തമാക്കിയ ഡോ. ദേവസ്യ തേവര സേക്രഡ് ഹാർട്ട് കോളജ്, പാലാ സെന്റ് തോമസ് കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. യുഎസിൽ അധ്യാപകനായിരിക്കെ 1984 ജനുവരിയിൽ എംജിയുടെ ആദ്യ വൈസ് ചാൻസലറായി. 1987 വരെ ആ പദവിയിൽ തുടർന്നു. അന്ന് ഗാന്ധിജി സർവകലാശാല എന്നായിരുന്നു പേര്. 1988ൽ മഹാത്മാഗാന്ധി സർവകലാശാല എന്നു പേരു മാറ്റുകയായിരുന്നു. 

ഭാര്യ: പാലാ കൂട്ടിയാനിയിൽ പരേതയായ മറിയക്കുട്ടി. മക്കൾ: മേരി ദേവസ്യ, ടിമ്മി ദേവസ്യ, ഡോ.റസി ദേവസ്യ (മൂവരും യുഎസ്എ). മരുമക്കൾ: ഡോ. സജു ഇൗപ്പൻ കുരിശുംമൂട്ടിൽ (കളമശേരി), സുമിത തേവർകാട്ട് (ചങ്ങനാശേരി), ഡോ. ജഫ് ആൻഡേഴ്സൺ (മൂവരും യുഎസ്എ). 

ഗാന്ധിജിയുടെ കൈപിടിച്ച് എംജിയെ നയിച്ച പ്രതിഭ

കോട്ടയം ∙ എളിയ നിലയിൽ തുടങ്ങിയ സർവകലാശാലയ്ക്ക് എളിമയും ലാളിത്യവും കൈമുതലായ വൈസ് ചാൻസലർ – അതായിരുന്നു എംജി സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ ഡോ. എ.ടി.ദേവസ്യ.

1984 ജനുവരി 18നു ഡോ. ദേവസ്യ ചുമതലയേൽക്കുമ്പോൾ സ്ഥാപനത്തിന്റെ പേര് ഗാന്ധിജി സർവകലാശാലയെന്നാണ്. 1988ലാണു മഹാത്മാഗാന്ധി സർവകലാശാല എന്നു പേരു മാറ്റിയത്. ഒന്നുമില്ലായ്മയിൽ നിന്നുമാണ് ഡോ. ദേവസ്യ പുതിയ സർവകലാശാല കെട്ടിപ്പെടുത്തത്. ബജറ്റിൽ തുക വകയിരുത്തിയിരുന്നില്ല, സ്റ്റാറ്റ്യൂട്ട് നിയമാവലി പോലും ഉണ്ടായിരുന്നില്ല. ആസ്ഥാനത്തിനായി നെട്ടോട്ടം. കോട്ടയം ബേക്കർ സ്കൂളിലെ പഴയ  കെട്ടിടത്തിലായിരുന്നു തുടക്കം. പിന്നീടു കലക്ടറേറ്റിന് എതിർവശത്തുള്ള പടിഞ്ഞാറേക്കര ചേംബേഴ്സിലേക്കു മാറ്റി. 

അതിരമ്പുഴയിൽ സർവകലാശാലയ്ക്കു സ്വന്തമായി സ്ഥലസൗകര്യം ഉണ്ടാകുന്നതുവരെ ചങ്ങനാശേരി എസ്ബി, പാലാ സെന്റ് തോമസ്, കോട്ടയം മെഡിക്കൽ കോളജ്, കോട്ടയം സിഎംഎസ് എന്നീ ക്യാംപസുകളിലായി സർവകലാശാല ‘വ്യാപിച്ചു’ പ്രവർത്തിച്ചു. ആ ക്യാംപസുകളിലായിരുന്നു കോഴ്സ് നടത്തിയത് എന്നർഥം. 90ൽ താഴെ ജീവനക്കാർ മാത്രം.

അതിരമ്പുഴയിൽ ക്യാംപസ് ഉറച്ചതിന്റെ ക്രെഡിറ്റും ഡോ. ദേവസ്യയ്ക്ക് അവകാശപ്പെട്ടതാണ്. പലരും എതിർപ്പുമായെത്തിയെങ്കിലും അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനും വിദ്യാഭ്യാസ മന്ത്രി ടി.എം.ജേക്കബും ക്യാംപസ് അതിരമ്പുഴയിൽത്തന്നെ എന്നു നിലപാടെടുത്ത് ഡോ. ദേവസ്യയ്ക്കു പിന്തുണ നൽകി. 

കോടികൾ ചെലവു വരുന്ന വലിയ കെട്ടിടങ്ങൾ ഉൾപ്പെടുന്ന ഡിസൈനാണ് ആദ്യം കൺസൽറ്റന്റ് നിർദേശിച്ചിരുന്നത്. ആ നിർദേശം ഒഴിവാക്കി ചെലവു കുറഞ്ഞ കെട്ടിടങ്ങൾ നിർമിക്കാൻ പാലാ സ്വദേശിയായ പൊതുമരാമത്ത് എൻജിനീയറെ ഏൽപിച്ചത് ഡോ. ദേവസ്യയാണ്.  നിശ്ചിത സമയത്തിനുള്ളിൽ റിസൽട്ട് പ്രസിദ്ധീകരിച്ചും ആദ്യ വിസി ശ്രദ്ധനേടി. 

1983ലെ ഗാന്ധിജയന്തി ദിനത്തിൽ 64 കോളജുകളുമായി ആരംഭിച്ച ‘ഗാന്ധിജി സർവകലാശാല’ അങ്ങനെ മഹാത്മാഗാന്ധി സർവകലാശാലയായി വളർന്നു. ഇന്ന് 5 ജില്ലകളിലായി ഇരുന്നൂറോളം കോളജുകൾ എംജിക്കുണ്ട്. മൂന്നര ലക്ഷം വിദ്യാർഥികൾ പഠിക്കുന്നു. 

അന്ത്യാളം അറയ്ക്കൽ തൊമ്മന്റെയും മറിയത്തിന്റെയും മകനായി 1928 മാർച്ച് 20നു ജനിച്ചു. തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ്, മദ്രാസ് ലൊയോള കോളജുകളിൽനിന്ന് ഉന്നത വിദ്യാഭ്യാസവും അമേരിക്കയിലെ ബോസ്റ്റൺ സർവകലാശാലയിൽ നിന്ന്  പിഎച്ച്ഡിയും സ്വന്തമാക്കിയ ഡോ. ദേവസ്യ തേവര സേക്രഡ് ഹാർട്ട് കോളജ്, പാലാ സെന്റ് തോമസ് കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. 

 ദേവസ്യ വിദ്യാർഥിയായിരിക്കെ ദേശഭക്തി പ്രസ്ഥാനങ്ങളിൽ ആകൃഷ്ടനായി. പി.ടി.ചാക്കോയുടെ വിശ്വസ്തനായി കെപിസിസി അംഗമായി. വിമോചന സമര കാലത്തു സമരമുഖത്ത് സജീവമായിരുന്നു. സർക്കാർ ഓഫിസ് പിക്കറ്റ് ചെയ്ത് അറസ്റ്റ് വരിച്ചു ജയിലിലായി.

ഫ്രഞ്ച്, റുമേനിയൻ, റഷ്യൻ ഭാഷകളിലും പ്രാഗല്ഭ്യമുണ്ടായിരുന്നു. ഇംഗ്ലിഷിലും മലയാളത്തിലുമായി 7 പുസ്തകങ്ങളുടെ രചയിതാവാണ്. ആർച്ച് ബിഷപ് മാർ ജോസഫ് പൗവത്തിൽ, മുൻ ഡിജിപി എം.കെ.ജോസഫ് തുടങ്ങിയവർ എംഎ പഠനകാലത്ത് സഹപാഠികളായിരുന്നു. 

ഗാന്ധി പീസ് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ, ആർവി ഫൗണ്ടേഷൻ ചെയർമാൻ, കാത്തലിക് ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ഡോ. ദേവസ്യയുടെ പിൻഗാമിയായി എംജിയുടെ വൈസ് ചാൻസലറായത് ഡോ. യു.ആർ അനന്തമൂർത്തിയാണ്.

ഭാര്യ: പാലാ കൂട്ടിയാനിയിൽ പരേതയായ മറിയക്കുട്ടി. മക്കൾ: മേരി ദേവസ്യ, ടിമ്മി ദേവസ്യ, ഡോ. റസി ദേവസ്യ (മൂവരും യുഎസ്എ). മരുമക്കൾ: ഡോ. സജു ഇൗപ്പൻ കുരിശുംമൂട്ടിൽ (കളമശേരി), സുമിത തേവർകാട്ട് (ചങ്ങനാശേരി), ഡോ. ജഫ് ആൻഡേഴ്സൺ (മൂവരും യുഎസ്എ).

English Summary: A.T. Devasia passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com