ADVERTISEMENT

തിരുവനന്തപുരം∙ പാർട്ടിക്കുള്ളിലെ വടംവലി പരസ്യമായ അസാധാരണ സാഹചര്യത്തിൽ സംസ്ഥാന സമ്മേളനത്തിലേക്ക് സിപിഐ. നാളെ വൈകിട്ട് പുത്തരിക്കണ്ടം മൈതാനത്ത് മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ പതാക ഉയർത്തുന്നതോടെ തുടക്കം. തുടർന്നു പൊതു സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 

ശനിയാഴ്ച 10ന് ജനറൽ സെക്രട്ടറി ഡി.രാജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. നിരീക്ഷകർ അടക്കം 563 പേർ പങ്കെടുക്കും. 3 ദിവസത്തെ ചർച്ചകൾക്കു ശേഷം തിങ്കളാഴ്ച പുതിയ സംസ്ഥാന കൗൺസിലിനെയും സെക്രട്ടറിയെയും പാർട്ടി കോൺഗ്രസ് പ്രതിനിധികളെയും തിരഞ്ഞെടുത്തു പിരിയും. 

75 എന്ന പ്രായപരിധി സംസ്ഥാന കൗൺസിൽ അംഗങ്ങൾക്കു ബാധകമാക്കുന്നതിനെതിരെ 75 പിന്നിട്ട നേതാക്കളായ കെ.ഇ.ഇസ്മായിലും സി.ദിവാകരനും എതിർപ്പു പരസ്യമാക്കിയതിനാൽ പ്രതിനിധി സമ്മേളനത്തിലും അതു പ്രതിഫലിക്കും. പ്രായപരിധിക്കു ഭരണഘടനാ സാധുത പാർട്ടി കോൺഗ്രസിൽ ഉറപ്പാക്കുന്നതിനു മു‍ൻപു സംസ്ഥാനത്തു നടപ്പാക്കരുതെന്ന പ്രമേയം കൊണ്ടുവരാനും വോട്ടെടുപ്പ് ആവശ്യപ്പെടാനുമാണ് ഇസ്മായിൽ പക്ഷത്തിന്റെ നീക്കം. എന്നാൽ പ്രമേയത്തിനു പ്രസീഡിയം അനുമതി ആവശ്യമാണ്. 

ദേശീയ കൗൺസിലിന്റെ മാർഗരേഖ നിരാകരിക്കാൻ പാർട്ടി കോൺഗ്രസിന് അധികാരമുണ്ടെങ്കിലും സംസ്ഥാന സമ്മേളനത്തിന് അതിന് അവകാശമില്ലെന്നു കാനം വിഭാഗം ചൂണ്ടിക്കാട്ടുന്നു. ജില്ലകളിൽ എതിർപ്പില്ലാതെ നടപ്പാക്കിയ മാർഗരേഖ ചോദ്യം ചെയ്യപ്പെട്ടാലും സമ്മേളനം അതു തള്ളിക്കളയുമെന്ന ആത്മവിശ്വാസത്തിലാണ് അവർ. ദേശീയ കൗൺസിലിന്റെ മാർഗരേഖ നടപ്പാക്കുന്നതിൽ കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയും ഉറപ്പാക്കുന്നു. 

സെക്രട്ടറി സ്ഥാനത്തേക്കു സർവസമ്മതനായി കാനം രാജേന്ദ്രനെ മൂന്നാമതും തിരഞ്ഞെടുക്കാൻ അനുവദിക്കില്ലെന്ന വാശിയിലാണ് ഇസ്മായിൽ പക്ഷം. പുതിയ 100 അംഗ കൗൺസിലിൽ 50–55 പേരുടെ പിന്തുണയാണ് അവർ അവകാശപ്പെടുന്നത്. പ്രായപരിധിക്കെതിരെ ആ വിഭാഗം നടത്തുന്ന നീക്കത്തിന്റെ ഭാവി ഇപ്പോൾ ആടിക്കളിക്കുന്നവരെ സ്വാധീനിച്ചേക്കാം.

പ്രായപരിധി നടപ്പിലായില്ലെങ്കിൽ ഇസ്മായിൽ കാനത്തിനെതിരെ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ചേക്കും. ഇസ്മായിൽ കൗൺസിലിൽനിന്ന് ഒഴിവാക്കപ്പെട്ടാൽ അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബുവിനെ മത്സരിപ്പിക്കണം എന്ന ആലോചനയാണു മുറുകുന്നത്. പ്രകാശ് ബാബു മനസ്സു തുറന്നിട്ടില്ല. ശക്തമായ ജില്ലകളുടെ നിയന്ത്രണം കയ്യാളുന്ന കാനം പക്ഷം സമ്മേളന വേദിയിൽ മറുവിഭാഗത്തിന്റെ എല്ലാ നീക്കങ്ങളും പൊളിയുമെന്ന ആത്മവിശ്വാസത്തിലാണ്. 

English Summary: CPI State Conference 2022 from tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com