ADVERTISEMENT

നെടുമ്പാശേരി ∙ പ്രമുഖ കഥകളി നടൻ ഫാക്ട് ജയദേവ വർമ (66) അരങ്ങൊഴിഞ്ഞു. വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ ദേശം കുന്നുംപുറത്ത് അജ്ഞാത വാഹനം ഇടിച്ചാണ് പരുക്കേറ്റത്. 

അക്ഷരശ്ലോക വിദ്വാൻ തൃശൂർ അഞ്ചേരി കിഴക്കേ ചങ്കരംപാട്ട് കെ.സി.രാമ വർമയുടെയും കാഞ്ഞൂർ ചൊവ്വര കോയിക്കൽ മഠത്തിൽ നന്ദിനി വർമയുടെയും മകനാണ്. സംസ്കാരം നടത്തി. ഭാര്യ: പത്മജ തമ്പുരാട്ടി (പന്തളം പാർവതി പുരം കൊട്ടാരം). മക്കൾ: രാം കശ്യപ് വർമ (ഇൻഫോ പാർക്ക്, കാക്കനാട്), ഗോകുൽ കൃഷ്ണ രാജ (എംഎസ്‌സി, പ്രയാഗ്‌രാജ്, അലഹബാദ്). മരുമകൾ : വിദ്യ രാം (എയർ ഇന്ത്യ, കൊച്ചി).

സ്കൂൾ പഠനത്തിനു ശേഷം ഫാക്ട് ഉദ്യോഗമണ്ഡൽ കഥകളി വിദ്യാലയത്തിൽ കലാമണ്ഡലം വൈക്കം കരുണാകരൻ നായർ, കുടമാളൂർ കരുണാകരൻ നായർ, ഫാക്ട് ഭാസ്കരൻ എന്നിവരുടെ ശിക്ഷണത്തിൽ കഥകളി വേഷം പഠിച്ചു. തുടർന്ന് കോട്ടയ്ക്കൽ പിഎസ് വി നാട്യ സംഘത്തിൽ കോട്ടയ്ക്കൽ കൃഷ്ണൻകുട്ടി നായരുടെയും കോട്ടയ്ക്കൽ ചന്ദ്രശേഖര വാരിയരുടെയും ശിക്ഷണത്തിൽ തുടർ പഠനം. തിരുവനന്തപുരം മാർഗിയിൽ കലാമണ്ഡലം കൃഷ്ണൻ നായർ, ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള എന്നിവരുടെ ശിക്ഷണത്തിലും  അഭ്യസിച്ചു.

തിരുവനന്തപുരത്ത് താണ്ഡവ കഥകളി തിയറ്ററിന്റെ പ്രാരംഭം മുതൽ നടനായും അധ്യാപകനായും പ്രവർത്തിച്ചു.  പച്ച, കത്തി, മിനുക്ക്, കരി, വെള്ളത്താടി വേഷങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച ജയദേവ വർമ കേരളത്തിന് അകത്തും പുറത്തും ഒട്ടേറെ വേദികളിൽ കഥകളി അവതരിപ്പിച്ചു. സ്പിക് മാകെ പാനലിലും കൊച്ചി അമൃത സ്കൂളിലും അധ്യാപകനായി പ്രവർത്തിച്ചു വരികയായിരുന്നു. 2012ൽ എം.കെ.കെ.നായർ അവാർഡ് നേടി. 

സംവിധായകൻ രാജസേനനോടൊപ്പം 6 സിനിമകളിൽ അസോഷ്യേറ്റ് ആയി പ്രവർത്തിച്ചു. ബാലചന്ദ്രമേനോൻ, വിജി തമ്പി എന്നിവരോടൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. ദൂരദർശനിൽ സംപ്രേഷണം ചെയ്ത, പുറപ്പാട് സീരിയലിൽ കഥകളി നടനായി അഭിനയിച്ചിട്ടുണ്ട്.  

English Summary: Kathakali artist Jayadeva Varma passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com