ADVERTISEMENT

കോഴിക്കോട് ∙ കേന്ദ്ര മരുന്നു ലാബിന്റെ (സിഡിഎൽ) പരിശോധനാ റിപ്പോർട്ട് ഇല്ലാതെ സംസ്ഥാനത്ത് പേവിഷ വാക്സീൻ എത്തിച്ചത് ആരോഗ്യമന്ത്രിയുടെയും സർക്കാരിന്റെയും അറിവോടെ. വാക്സീൻ എത്തിക്കുന്നതിനു മുൻപ് ജൂലൈ 15ന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ചേംബറിൽ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) അധികൃതർ യോഗം ചേർന്ന് ഇക്കാര്യം ചർച്ച ചെയ്തിരുന്നു.

സിഡിഎൽ റിപ്പോർട്ട് ഇല്ലാതെ വാക്സീൻ എത്തിക്കേണ്ടി വരുമെന്നു ജൂലൈ 12നു സർക്കാരിനെ ധരിപ്പിച്ചിരുന്നുവെന്നും വിവരാവകാശ നിയമപ്രകാരം കെഎംഎസ്‌സിഎലിൽനിന്നു ‘മനോരമ’യ്ക്കു ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു. നിലവാര പരിശോധനയില്ലാതെ വാക്സീൻ എത്തിച്ചിട്ടില്ലെന്നു മന്ത്രിയും ആരോഗ്യവകുപ്പും നിയമസഭയിൽ ഉൾപ്പെടെ അവകാശപ്പെട്ടതിനു വിരുദ്ധമാണ് ഈ രേഖകൾ.

സംസ്ഥാനത്ത് പേവിഷ വാക്സീന് ആവശ്യം കൂടുകയാണെന്നും സ്റ്റോക്ക് മതിയാകില്ലെന്നും ജൂലൈ 11നും 15നും കെഎംഎസ്‌സിഎൽ‌ തയാറാക്കിയ ‘കുറിപ്പ് ഫയലു’കളിൽ പറയുന്നു. ജൂൺ 6ന് ആണ് 2022–23ലേക്കുള്ള ഓർഡർ നൽകിയത്. സർട്ടിഫിക്കറ്റോടെ വാക്സീൻ ലഭ്യമാകാൻ 90 ദിവസമെടുക്കും. 30,000 വയ്ൽ വാക്സീൻ നിർമാണം പൂർത്തിയാക്കിയിട്ടുണ്ടെന്നും അതിന് സിഡിഎൽ സർട്ടിഫിക്കറ്റ് ലഭ്യമായിട്ടില്ലെന്നും കമ്പനി അറിയിച്ചു.

കേന്ദ്ര ലാബ് പരിശോധനയില്ലാതെ വാക്സീൻ എത്തിക്കുന്നതു സംബന്ധിച്ച് കെഎംഎസ്‌സിഎലിലെ ഫയൽ കുറിപ്പുകൾ. ജൂലൈ 12ന് സർക്കാരിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും 15ന് മന്ത്രിതല യോഗത്തിൽ ചർച്ച ചെയ്തിട്ടുണ്ടെന്നും കുറിപ്പിൽ വ്യക്തം.
കേന്ദ്ര ലാബ് പരിശോധനയില്ലാതെ വാക്സീൻ എത്തിക്കുന്നതു സംബന്ധിച്ച് കെഎംഎസ്‌സിഎലിലെ ഫയൽ കുറിപ്പുകൾ. ജൂലൈ 12ന് സർക്കാരിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും 15ന് മന്ത്രിതല യോഗത്തിൽ ചർച്ച ചെയ്തിട്ടുണ്ടെന്നും കുറിപ്പിൽ വ്യക്തം.

ഓഗസ്റ്റ് 15 വരെ പിടിച്ചുനിൽക്കാൻ ഇതിൽ 16,000 വയ്‌ൽ എത്തിക്കാൻ കമ്പനിക്ക് കെഎംഎസ്‌സിഎൽ‌ അനുമതി നൽകി. നടപടികൾക്ക് അംഗീകാരം നൽകണമെന്ന് 12ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ജൂലൈ 15ന് മന്ത്രിയുടെ ചേംബറിൽ ചേർന്ന യോഗത്തിൽ വാക്സീൻ ക്ഷാമം പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കെഎംഎസ്‌സിഎൽ മാനേജിങ് ഡയറക്ടർ ശ്രീറാം വെങ്കട്ടരാമനെചുമതലപ്പെടുത്തിയെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

വാക്സീൻ എത്തിക്കാൻ 14നു കമ്പനിക്കു നിർദേശം നൽകി. 15ന്റെ മന്ത്രിതല യോഗത്തിൽ നടപടികൾ വിശദീകരിച്ച ശേഷം അന്നു രാത്രി 9 മണിയോടെയാണു വാക്സീൻ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കുന്നത്. എറണാകുളം, കോഴിക്കോട് സംഭരണകേന്ദ്രങ്ങളിലേക്ക് 16ന് ഇത് എത്തിക്കുകയും ചെയ്തു.

English Summary: Rabies vaccine was bought with the knowledge of government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com