ADVERTISEMENT

തിരുവനന്തപുരം ∙ സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനം തുടരുന്നതിനു വിജ്ഞാപനമിറക്കാൻ മുഖ്യമന്ത്രി അനുമതി നൽകി. രണ്ടാഴ്ചയോളം ഫയൽ കയ്യിൽ വച്ചശേഷമാണു തീരുമാനം. കരടുവിജ്ഞാപനം റവന്യു വകുപ്പ് സൂക്ഷ്മപരിശോധനയ്ക്കായി നിയമവകുപ്പിനു കൈമാറി. അഡ്വക്കറ്റ് ജനറലിന്റെ (എജി) അനുകൂല നിയമോപദേശം നേരത്തേ ലഭിച്ച സാഹചര്യത്തിൽ നടപടിക്രമങ്ങളുടെ ഭാഗമായ പരിശോധന മാത്രമേ നിയമവകുപ്പിൽ ബാക്കിയുള്ളൂ. അടുത്തയാഴ്ചയോടെ പുതിയ വിജ്ഞാപനമിറങ്ങും. ഇതോടെ, സാമൂഹികാഘാത പഠനത്തിന്റെ സർവേ പുനരാരംഭിക്കാൻ വഴിയൊരുങ്ങും. കല്ലിടാതെ, ജിയോ ടാഗിങ് രീതിയിലാണ് ഇനി അടയാളപ്പെടുത്തൽ എന്നതിനാൽ സംഘർഷം കുറയുമെന്നാണു സർക്കാരിന്റെ കണക്കുകൂട്ടൽ.

നിലവിലുള്ള ഏജൻസികളെ ഉപയോഗിച്ചു സാമൂഹികാഘാത പഠനം തുടരാമെന്നു റവന്യുവകുപ്പിന് എജി നിയമോപദേശം നൽകിയിരുന്നു. വിജ്ഞാപന പ്രകാരമുള്ള 6 മാസ കാലാവധി പൂർത്തിയായെങ്കിലും പുതിയ ടെൻഡർ വിളിക്കേണ്ടതില്ലെന്നും പഠനം പാതിവഴിയിലെത്തിയ സ്ഥിതിക്ക് നിലവിലുള്ള ഏജൻസികളെ പൂർത്തിയാക്കാൻ അനുവദിക്കുന്നതിൽ തടസ്സമില്ലെന്നുമാണു നിയമോപദേശം. സമരങ്ങളും കോടതി ഇടപെടലുകളുമുള്ളതിനാൽ സർക്കാരിന്റെ നയപരമായ തീരുമാനം കൂടി വേണമെന്നതിനാലാണു റവന്യു വകുപ്പ് ഫയൽ മുഖ്യമന്ത്രിക്ക് അയച്ചത്. ഓണക്കാലമായതിനാൽ ധൃതിപിടിച്ചു തീരുമാനം വേണ്ടെന്നായിരുന്നു സർക്കാരിന്റെ നിലപാട്. പാർട്ടിയുമായി കൂടിയാലോചന നടത്തിയശേഷമാണു മുഖ്യമന്ത്രിയുടെ അനുമതി.

സർവേ നിലച്ചത് 2 മാസം

സാമൂഹികാഘാത പഠനം ആദ്യം തുടങ്ങിയ കണ്ണൂർ ജില്ലയിലെ ഏജൻസിയുടെ കാലാവധി ജൂൺ 29നും അവസാനം തുടങ്ങിയ മലപ്പുറം ജില്ലയിലേതു ജൂലൈ 30നുമാണ് അവസാനിച്ചത്. 2 മാസമായി പഠനവും കല്ലിടലും ഇല്ല. സാമൂഹികാഘാത പഠനത്തിനുള്ള വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് കല്ലിടൽ വിഷയത്തിലുള്ള ഹർജികൾ കഴിഞ്ഞ ദിവസം ഹൈക്കോടതി തീർപ്പാക്കിയത്.

പഠനമോ, കല്ലിടലോ നടക്കാത്ത സാഹചര്യത്തിൽ ഹർജിയിൽ പ്രസക്തിയില്ലെന്നായിരുന്നു നിരീക്ഷണം. എന്നാൽ, സർക്കാർ വീണ്ടും സാമൂഹികാഘാത പഠനത്തിന് ഇറങ്ങുന്നതോടെ കേസുകൾ വീണ്ടും സജീവമാകും. സമരക്കാർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കില്ലെന്നു സർക്കാർ തിങ്കളാഴ്ച ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.

English Summary: Silver Line project survey again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com