ADVERTISEMENT

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച വിജ്ഞാപനത്തിൽ കേരളത്തിലെ 4 കൊലപാതകങ്ങളും കൈവെട്ട് കേസും നാറാത്ത് കേസും ഐഎസ് റിക്രൂട്ട്മെന്റും കേന്ദ്രം പരാമർശിക്കുന്നുണ്ട്.

അഭിമന്യു ∙ ‘വർഗീയത തുലയട്ടെ’ എന്നു ചുവരെഴുതിയ മഹാരാജാസ് കോളജ് വിദ്യാർഥി എം.അഭിമന്യുവിനെ 2018 ജൂലൈ ഒന്നിന് കോളജ് ഹോസ്റ്റലിനകത്താണ് കുത്തിക്കൊലപ്പെടുത്തിയത്. 16 പ്രതികൾക്കെതിരെ കേരള പൊലീസ് കുറ്റപത്രം നൽകി. വിചാരണ തുടങ്ങിയിട്ടില്ല. 

സഞ്ജിത് ∙ 2021 നവംബർ 15ന് പാലക്കാട് കിണാശ്ശേരി മമ്പ്രത്ത് ആർഎസ്എസ് നേതാവ് എലപ്പുള്ളി എടുപ്പുകുളം സഞ്ജിത്തിനെ ഭാര്യയുടെ മുന്നിൽ വച്ചാണു വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ പോപ്പുലർ ഫ്രണ്ട് ഏരിയ, ഡിവിഷൻ ഭാരവാഹികൾ അറസ്റ്റിലായിരുന്നു. ഇതുവരെ 12 പ്രതികൾ അറസ്റ്റിലായി. 10 പ്രതികൾക്കെതിരെ കുറ്റപത്രം നൽകി.

ബിബിൻ ∙ ആർഎസ്എസ് പ്രവർത്തകനും കൊടിഞ്ഞി ഫൈസൽ വധക്കേസിലെ രണ്ടാംപ്രതിയുമായ മലപ്പുറം ആലത്തിയൂർ പൊയിലശ്ശേരി കുട്ടിച്ചാത്തൻപടി കുണ്ടിൽ ബിബിനെ 2017 ഓഗസ്റ്റ് 24ന് ആണ് മലപ്പുറം ബിപി അങ്ങാടി പുളിഞ്ചോട്ടിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. 14 പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. 6 പ്രധാന പ്രതികളെയും 2017ൽ തന്നെ അറസ്റ്റ് ചെയ്തു. മറ്റുള്ളവരെ പലപ്പോഴായി പിടികൂടി. തിരൂർ ജില്ലാ കോടതിയിൽ വിചാരണ നടന്നുവരികയാണ്.

നന്ദു ∙ 2021 ഫെബ്രുവരി 24ന് രാത്രി എട്ടിനാണ് ആലപ്പുഴ വയലാറിൽ എസ്ഡിപിഐ - ആർഎസ്എസ് സംഘർഷത്തിൽ വയലാർ തട്ടാപറമ്പ് രാധാകൃഷ്ണന്റെ മകൻ നന്ദു (22) വേട്ടേറ്റു മരിച്ചത്. ആർഎസ്എസ് ഗഡനായകായിരുന്നു. 24ന് പകൽ എസ്ഡിപിഐ പ്രചാരണ ജാഥയിലെ പ്രസംഗത്തിലെ പരാമർശങ്ങളുടെ പേരിൽ ഇരുവിഭാഗവും തമ്മിൽ തർക്കമുണ്ടാവുകയും ഇതേ തുടർന്നു വൈകിട്ട് എസ്ഡിപിഐയും ആർഎസ്എസും പ്രകടനം നടത്തുകയും ചെയ്തിരുന്നു. പിരിഞ്ഞു പോയ പ്രവർത്തകർ തമ്മിൽ കല്ലേറും സംഘർഷവുമുണ്ടായി. പിന്നീടായിരുന്നു കൊലപാതകം. കേസിൽ 25 പ്രതികളുണ്ട്.

കൈവെട്ട് കേസ് ∙ പ്രവാചകനിന്ദ ആരോപിച്ചു തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസ്. 2010 ജൂലൈ 10നായിരുന്നു സംഭവം. ഒന്നാം പ്രതി സവാദ് ഇപ്പോഴും ഒളിവിൽ. 49 പ്രതികളിൽ വിചാരണ നേരിട്ട 13 പേരെ എൻഐഎ കോടതി ശിക്ഷിച്ചു. 18 പ്രതികളെ വിട്ടയച്ചു. ശേഷിക്കുന്ന പ്രതികളുടെ വിചാരണ തുടങ്ങിയിട്ടില്ല.

നാറാത്ത് കേസ് ∙ പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ കണ്ണൂർ നാറാത്ത്·് ആയുധ പരിശീലനം സംഘടിപ്പിച്ച കേസിൽ ഒന്നാംപ്രതിക്ക് 7 വർഷവും രണ്ടു മുതൽ 21 വരെയുള്ള പ്രതികൾക്ക് 5 വർഷം വീതവും കഠിനതടവു വിധിച്ചു. 21 പ്രതികൾക്ക് അയ്യായിരം രൂപ വീതം പിഴയും എൻഐഎ പ്രത്യേക കോടതി വിധിച്ചിരുന്നു. ഒരു പ്രതിയെ വിട്ടയച്ചു. 2013 ഏപ്രിൽ 23ന് ആയിരുന്നു നാറാത്തെ പോപ്പുലർ ഫ്രണ്ട് കേന്ദ്രത്തിൽ പൊലീസ് പരിശോധന.

വളപട്ടണം കേസ് ∙ രാജ്യാന്തര ഭീകരസംഘടനയായ ഐഎസിൽ ചേരാൻ മലയാളി യുവാക്കൾ സിറിയയിലേക്കു കടന്നുവെന്ന കേസ്. ഒന്നാംഘട്ട വിചാരണ നേരിട്ട 3 പ്രതികളെയും 7 വർഷം കഠിനതടവിന് എൻഐഎ കോടതി ശിക്ഷിച്ചു. ഇവർ സിറിയയിലേക്കു കടത്തിയ 9 പേരിൽ 5 പേർ കൊല്ലപ്പെട്ടു. 4 പേരെ കാണാതായി.

English Summary: Many cases against Popular Front of India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com