ഗെലോട്ടിന്റെ പിന്മാറ്റം ഗുണമായി; കളം മാറി, കളിയിൽ മുന്നേറി തരൂർ

ashok-gehlot-shashi-tharoor-and-digvijay-singh
അശോക് ഗെലോട്ട്, ശശി തരൂർ, ദിഗ്‌വിജയ് സിങ്
SHARE

തിരുവനന്തപുരം ∙ അശോക് ഗെലോട്ട് പിൻവാങ്ങിയ സാഹചര്യത്തിൽ കേരളത്തിൽനിന്നു കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കുന്ന ശശി തരൂരിന് പിന്തുണ കൂടിയേക്കാമെന്ന് വിലയിരുത്തൽ. ഔദ്യോഗിക സ്ഥാനാർഥിയാകാതെ തരൂർ ജയിക്കുമെന്ന് ആരും കരുതുന്നില്ല. എന്നാൽ പുതിയ സാഹചര്യം അദ്ദേഹത്തെ കൂടുതൽ ശക്തനായ സ്ഥാനാർഥിയാക്കിയേക്കും. 

തരൂരിന്റെ നാമനിർദേശ പത്രികയിൽ കേരളത്തിലെ ഏതാനും പേരും ഒപ്പിട്ടിട്ടുണ്ട്. മുതിർന്ന നേതാവും മുൻ കെപിസിസി ജനറൽ സെക്രട്ടറിയും ആയ തമ്പാനൂർ രവി ഇതിൽപെടും. തരൂർ നേരിട്ട് അദ്ദേഹത്തെ വീട്ടിലെത്തി കണ്ട് പിന്തുണ തേടുകയായിരുന്നു. 

കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും അടക്കമുള്ള നേതാക്കളെ കണ്ട് തരൂർ പിന്തുണ തേടിയിരുന്നു. അദ്ദേഹത്തോട് എതിർപ്പില്ലെങ്കിലും ഗാന്ധി കുടുംബത്തിന്റെ സ്ഥാനാർഥിയെ പിന്തുണയ്ക്കുന്ന സംസ്ഥാന നേതൃത്വത്തിന്റെ പാരമ്പര്യത്തിൽനിന്നു മാറാൻ കഴിയില്ലെന്നാണ് അവർ പറഞ്ഞത്. രമേശ് ചെന്നിത്തല, എം.എം‍.ഹസൻ തുടങ്ങിയവരോടു പത്രികയിൽ ഒപ്പിടണമെന്നു തരൂർ അഭ്യർഥിച്ചെങ്കിലും അവരും ബുദ്ധിമുട്ട് വ്യക്തമാക്കി. 

അതേസമയം തരൂർ പത്രിക നൽകാൻ തയാറായതിൽ പലരും ഉള്ളാലെ സന്തോഷിക്കുന്നുണ്ട്. ഗാന്ധി കുടുംബത്തിന്റെ നോമിനി എതിരില്ലാതെ ജയിക്കുന്ന പതിവു സാഹചര്യം ഒഴിവാകുമല്ലോ എന്നവർ കരുതുന്നു. 

തനിക്ക് രാജ്യത്താകെ പിന്തുണ ലഭിക്കുന്നുണ്ടെന്നാണു കേരളത്തിലെ നേതാക്കളോട് തരൂർ ചൂണ്ടിക്കാട്ടിയത്. എംപിമാരിൽ വലിയ പങ്ക് ക്രിയാത്മകമായാണു പ്രതികരിച്ചതെന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ നേതാക്കൾ വിളിച്ച് പിന്തുണ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. 

തരൂർ സ്ഥാനാർഥി ആയാൽ മനഃസാക്ഷി വോട്ടിന് നിർദേശം നൽകുമെന്ന് നേരത്തെ കെ.സുധാകരൻ പറഞ്ഞതായി വാർത്ത വന്നിരുന്നു. അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഔദ്യോഗിക സ്ഥാനാർഥിക്കൊപ്പം കെപിസിസി ഉറച്ചു നിൽക്കുമെന്നും അദ്ദേഹം പിന്നീട് വിശദീകരിച്ചു. 

ഔദ്യോഗിക സ്ഥാനാർഥി ആയി അശോക് ഗെലോട്ട് വന്നിരുന്നുവെങ്കിൽ തരൂരിന്റെ സ്ഥാനാർഥിത്വം കേരളത്തിൽ പോലും പ്രസക്തമല്ലാതാകുമായിരുന്നു. ദിഗ്‌വിജയ് സിങ്ങിന് ആ പരിവേഷം കിട്ടിയിട്ടില്ല. 

അതേസമയം ഇവർ രണ്ടു പേരും മാത്രമാണ് കളത്തിലെങ്കിൽ ദിഗ്‌വിജയ് സിങ് തന്നെ ഔദ്യോഗിക സ്ഥാനാർഥിയാകാനാണു സാധ്യത. മൂന്നാമതൊരാൾ അവസാന നിമിഷം വരുമെന്നു പ്രവചിക്കുന്നവരുമുണ്ട്. അതല്ല, ഔദ്യോഗിക സ്ഥാനാർഥിയായി ആരെയും ഹൈക്കമാൻഡ് നിർദേശിക്കുന്നില്ലെങ്കിൽ മത്സരം പ്രവചനാതീതമാകും. 

English Summary: Shashi Tharoor hopeful of winning congress president election

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}