ക്ഷണിച്ചില്ല; പൊതുസമ്മേളനം നടക്കുമ്പോൾ 2 കി.മീ മാത്രമകലെ സിപിഐ ജനറൽ സെക്രട്ടറി

HIGHLIGHTS
  • ‘ഞാൻ അറിഞ്ഞില്ലല്ലോ’ എന്ന് ജനറൽ സെക്രട്ടറി ഡി. രാജ
D Raja
സിപിഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുമ്പോൾ തൈക്കാട് ഗവ. ഗെസ്റ്റ് ഹൗസിൽ ജനറൽ സെക്രട്ടറി ഡി.രാജ.
SHARE

തിരുവനന്തപുരം ∙ സിപിഐ സംസ്ഥാന സമ്മേളനത്തിനു തുടക്കം കുറിച്ചുള്ള പൊതുസമ്മേളനത്തിനു ജനറൽ സെക്രട്ടറി ഡി.രാജയെ ക്ഷണിക്കാത്തത് വിവാദമായി. പുത്തരിക്കണ്ടം മൈതാനത്തു പൊതുസമ്മേളനം നടക്കുമ്പോൾ 2 കിലോമീറ്റർ മാത്രം അകലെ തൈക്കാട് ഗവ.ഗെസ്റ്റ് ഹൗസിൽ രാജ ഏകനായി ഇരുന്നു. സിപിഐ സമ്മേളനങ്ങളുടെ കീഴ്‌വഴക്കം ലംഘിച്ച് പൊതുസമ്മേളനം ആദ്യം നടത്തിയതിലും ജനറൽ സെക്രട്ടറിയായ തന്നെ ക്ഷണിക്കാതിരുന്നതിലും രാജ അമർഷത്തിലാണ്. 

പ്രതികരണം തേടിയ മാധ്യമങ്ങളോട് അദ്ദേഹം സംസാരിക്കാൻ തയാറായില്ല. ഉദ്ഘാടന റാലിയുടെ വിശദാംശങ്ങൾ അറി‍ഞ്ഞില്ലെന്ന് അനൗപചാരിക സംഭാഷണത്തിനിടെ അദ്ദേഹം സൂചന നൽകി. തനിക്കൊപ്പം എത്തിയ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം അതുൽകുമാർ അഞ്ജാനെ സംഭാഷണത്തിനിടെ രാജ വിളിച്ചിരുന്നു. താൻ പൊതുസമ്മേളനത്തിൽ പങ്കെടുക്കുകയാണെന്ന് അദ്ദേഹം അറിയിച്ചപ്പോൾ ‘ഞാൻ അറിഞ്ഞില്ലല്ലോ’ എന്ന പ്രതികരണമാണു രാജയിൽ നിന്ന് ഉണ്ടായത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്. പ്രതിനിധി സമ്മേളനം ഇന്നു രാവിലെ 10ന് രാജ ഉദ്ഘാടനം ചെയ്യും. 

സമ്മേളനങ്ങൾ തലേന്നും പിറ്റേന്നും ആയതുകൊണ്ടാണു രാജയെ പൊതുസമ്മേളനത്തിനു ക്ഷണിക്കാതിരുന്നത് എന്നാണു പാർട്ടി കേന്ദ്രങ്ങൾ പറയുന്നത്. സംസ്ഥാന സമ്മേളനം സമാപിക്കുന്ന ദിവസമാണ് സാധാരണ പൊതുസമ്മേളനം നടക്കുക. കഴിഞ്ഞ 2 സംസ്ഥാന സമ്മേളനങ്ങളിലും പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തതു കേന്ദ്രനേതാക്കളാണ്. 2015 ൽ കോട്ടയത്ത് ഡപ്യൂട്ടി ജനറൽ സെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്തയും 2018 ൽ മലപ്പുറത്ത് ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡിയും. 

ഇന്നു മുതൽ 4 വരെയാണ് സിപിഐ സംസ്ഥാന സമ്മേളനം നേരത്തെ നിശ്ചയിച്ചിരുന്നത്. 4ന് മഹാനവമി അവധി ആണെന്നതു കണക്കിലെടുത്ത് ഒരു ദിവസം നേരത്തേ ആക്കിയപ്പോഴാണ് പൊതുസമ്മേളനം ആദ്യമെന്നു നിശ്ചയിച്ചതെന്നും പാർട്ടി വിശദീകരിക്കുന്നു. എന്നാൽ, ജനറൽ സെക്രട്ടറിയെ സംസ്ഥാന നേതൃത്വം അപമാനിച്ചെന്നും സംസ്ഥാന സെക്രട്ടറി ആധിപത്യം ഉറപ്പിക്കാനാണു പൊതുസമ്മേളനം ഉപയോഗിച്ചതെന്നും എതിർചേരി ആരോപിക്കുന്നു. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കൂടിയായ കാനം ദേശീയ നേതൃത്വത്തിന്റെയും ഭാഗമാണ് എന്നതാണ് അതിനുള്ള നേതൃത്വത്തിന്റെ മറുപടി. 

75 പ്രായപരിധി നിർദേശം മാത്രം: ഡി. രാജ

തിരുവനന്തപുരം ∙ 75 എന്ന പ്രായപരിധി പാർട്ടി മാർഗരേഖയിലെ നിർദേശം മാത്രമാണെന്ന് ജനറൽ സെക്രട്ടറി ഡി.രാജ. സംസ്ഥാനങ്ങളിൽ അതു പ്രാവർത്തികമാക്കാൻ ശ്രമിച്ചു വരുന്നു. 75 വയസ്സ് പിന്നിട്ടയാളെ ബിഹാറിൽ സെക്രട്ടറി ആക്കിയതിനെക്കുറിച്ചു പ്രതികരിക്കാനില്ല. കേരളത്തിലെ തർക്കങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ, നേതാക്കളോട് സംസാരിക്കട്ടെ എന്നായിരുന്നു പ്രതികരണം. 

English Summary: D. Raja not invited to CPI state conference Public Meeting

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA