ADVERTISEMENT

തിരുവനന്തപുരം ∙ പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താൽ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ 45 പേർ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2242 ആയി. ഇതുവരെ 355 കേസുകൾ റജിസ്റ്റർ ചെയ്തു. കോട്ടയം ജില്ലയിലാണ് കൂടുതൽ അറസ്റ്റ്– 411. തിരുവനന്തപുരം ജില്ലയിൽ 228 പേരെ അറസ്റ്റ് ചെയ്തു. പോപ്പുലർ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ഓഫിസുകൾ പൂട്ടി മുദ്രവയ്ക്കുന്ന നടപടിയും എൻഐഎയും പൊലീസും തുടങ്ങി. സംസ്ഥാനത്ത് ഇന്നലെ 48 ഓഫിസുകൾ അടച്ചുപൂട്ടി മുദ്രവയ്ക്കുകയോ ഏറ്റെടുക്കാനുള്ള നോട്ടിസ് പതിപ്പിക്കുകയോ ചെയ്തു.

കോട്ടയം ജില്ലയിൽ കുമ്മനം കുളപ്പുരക്കടവ് ജംക്‌ഷനു സമീപത്തെ ഓഫിസും പത്തനാട്ടെ ഓഫിസും മുദ്രവച്ചു. ഈരാറ്റുപേട്ടയിൽ പോപ്പുലർ ഫ്രണ്ട് ഓഫിസായി പ്രവർത്തിച്ചിരുന്ന കെട്ടിടം പൊലീസ് സീൽ ചെയ്തു. പീസ് വാലി കൾച്ചറൽ സെന്റർ എന്ന പേരിൽ പ്രവർത്തിച്ച ഓഫിസാണ് ഇന്നലെ രാത്രി പൂട്ടിയത്. ഇടുക്കി ജില്ലയിലെ തൂക്കുപാലത്തെയും കുമ്മംകല്ലിലെയും ഓഫിസുകൾ പൂട്ടി. 

കൊല്ലം ജില്ലയിൽ കൊല്ലം പള്ളിമുക്കിലുള്ള ജില്ലാ കമ്മിറ്റി ഓഫിസും കരുനാഗപ്പള്ളിയിലെ ദക്ഷിണമേഖല ഓഫിസുമാണു മുദ്രവച്ചത്. പത്തനംതിട്ടയിൽ അടൂർ പറക്കോട്ടെ ജില്ലാ കമ്മിറ്റി ഓഫിസ്, പന്തളം തോന്നല്ലൂർ ഉളമ ഏരിയ കമ്മിറ്റി ഓഫിസ്, പേട്ടയിലെ ഓഫിസ് എന്നിവയും ആലപ്പുഴ വെള്ളക്കിണറിലെ ജില്ലാ ഓഫിസും മണ്ണഞ്ചേരിയിലെ ഓഫിസും മുദ്രവച്ചു.

എറണാകുളം ജില്ലയിൽ ആലുവ കുഞ്ഞുണ്ണിക്കരയിൽ പോപ്പുലർ ഫ്രണ്ട് ഓഫിസ് പ്രവർത്തിച്ചിരുന്ന പെരിയാർവാലി ക്യാംപസ് കെട്ടിടവും ആലുവ–മൂന്നാർ റോഡിൽ പോഞ്ഞാശേരിയിലെ ജില്ലാ ഈസ്റ്റ് ഓഫിസും പള്ളുരുത്തി തങ്ങൾ നഗറിലെ ഓഫിസും തൃശൂർ ചാവക്കാട്ടെ പോപ്പുലർ ഫ്രണ്ട് ജില്ലാ ഓഫിസിന്റെ ഇരുനില കെട്ടിടവും 7 സെന്റ് ഭൂമിയും ഏറ്റെടുത്തു നോട്ടിസ് പതിച്ചു.

പാലക്കാട് ജില്ലയിൽ പോപ്പുലർ ഫ്രണ്ടിന്റെ മേലെപട്ടാമ്പി കൽപക സ്ട്രീറ്റിലെ ഓഫിസ് പൂട്ടി മുദ്രവച്ചു. ഓങ്ങല്ലൂരിൽ വള്ളുവനാട് ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഓഫിസിലും പുതുപ്പള്ളിത്തെരുവിലെ ഓഫിസിലും നോട്ടിസ് പതിച്ചു.

മലപ്പുറം ജില്ലയിൽ 6 ഓഫിസുകൾ മുദ്രവയ്ക്കാൻ പൊലീസ് നടപടി തുടങ്ങി. വഴിക്കടവ്, തേഞ്ഞിപ്പലം, മഞ്ചേരി, കാടാമ്പുഴ, പെരിന്തൽമണ്ണ, വാഴക്കാട് എന്നിവിടങ്ങളിലെ ഓഫിസുകളാണു മുദ്രവയ്ക്കുന്നത്.

കോഴിക്കോട് ജില്ലയിൽ 9 ഓഫിസുകൾ പൊലീസ് പൂട്ടി. മീഞ്ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫിസ് ആയ യുണിറ്റി ഓഫിസും സിറ്റിപരിധിയിലെ 5 ഓഫിസുകളും റൂറൽ പരിധിയിലെ 4 ഓഫിസുകളുമാണു പൂട്ടിയത്. ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ടു മേപ്പയൂരിൽ 4 പ്രവർത്തകർ അറസ്റ്റിലായി.

വയനാട് ജില്ലയിൽ മാനന്തവാടി എരുമത്തെരുവിലെ ജില്ലാ കമ്മിറ്റി ഓഫിസ്, മേപ്പാടി റിപ്പണിലെ ഓഫിസ്, ഇസ്‌ലാമിക് സെൻട്രൽ ചാരിറ്റബിൾ ട്രസ്റ്റ് ഓഫിസ് എന്നിവ മുദ്രവച്ചു. കണ്ണൂർ ജില്ലയിലെ 5 ഓഫിസുകൾ പൊലീസ് പൂട്ടി. കണ്ണൂർ താണയിലെ നോർത്ത് ജില്ലാ കമ്മിറ്റി ഓഫിസ്, ഇതേ കെട്ടിടത്തിലെ ക്യാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി ഓഫിസ്, ഇരിട്ടി പുന്നാട് പുറപ്പാറയിലെ ഓഫിസ്, മയ്യിൽ നാറാത്ത് പാമ്പുരുത്തി റോഡിലെ തണൽ ചാരിറ്റബിൾ ട്രസ്റ്റ് ഓഫിസ്, തലശ്ശേരിയിലെ കരുണ ചാരിറ്റബിൾ ട്രസ്റ്റ് ഓഫിസ് എന്നിവയാണു മുദ്രവച്ചത്.

English Summary: 45 people arrested in hartal attack case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com