ADVERTISEMENT

തിരുവനന്തപുരം ∙ രണ്ടാഴ്ചത്തെ യൂറോപ്യൻ സന്ദർശനത്തിനു മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ഇന്നു രാത്രി പുറപ്പെടും. ഡൽഹി വഴി ഫിൻലൻഡിലേക്കാണ് ആദ്യം പോകുന്നത്. മന്ത്രി വി.ശിവൻകുട്ടി, ചീഫ് സെക്രട്ടറി വി.പി.ജോയ്, പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് തുടങ്ങിയവർ ഫിൻലൻഡ് സന്ദർശന സംഘത്തിൽ ഉണ്ട്. അവിടത്തെ വിദ്യാഭ്യാസ മാതൃക പഠിക്കുകയാണു ലക്ഷ്യം. പ്രമുഖ ബഹുരാഷ്ട്ര കമ്പനികളും ഐടി കമ്പനികളും സന്ദർശിക്കുന്നുണ്ട്. ടൂറിസം, ആയുർവേദ മേഖലകൾ സംബന്ധിച്ച ചർച്ചകളുമുണ്ടാകും. മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുകയാണു നോർവേ സന്ദർശനത്തിന്റെ ലക്ഷ്യം. മന്ത്രിമാരായ പി.രാജീവ്, വി.അബ്ദുറഹ്മാൻ എന്നിവർ അവിടെ ഒപ്പം ചേരും.

തുടർന്ന് ബ്രിട്ടൻ സന്ദർശിക്കും. വെയ്ൽസിലെ ആരോഗ്യ മേഖലയെക്കുറിച്ചു ചർച്ച നടത്തും. മന്ത്രി വീണാ ജോർജും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാകും. ലണ്ടനിൽ ലോക കേരളസഭയുടെ പ്രാദേശിക യോഗം സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിൽ ഗ്രാഫീൻ പാർക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു യുകെയിലെ സർവകലാശാലകൾ സന്ദർശിച്ചു ധാരണാപത്രം ഒപ്പുവയ്ക്കും. കേരള ഡിജിറ്റൽ സർവകലാശാലാ പ്രതിനിധികളും സംഘത്തിൽ ഉണ്ടാകും.

പ്രാദേശിക വ്യവസായികൾ പങ്കെടുക്കുന്ന നിക്ഷേപ സൗഹൃദ സംഗമവും സംഘടിപ്പിക്കുന്നുണ്ട്. ലണ്ടനിലും മന്ത്രി പി.രാജീവ് ഉണ്ടാകും. ഒക്ടോബർ 14നു തിരിച്ചെത്തുമെന്നാണു നേരത്തേ അറിയിച്ചിരുന്നതെങ്കിലും 12നു മടങ്ങുമെന്നാണു കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞത്.

∙ വിഡിയോ, ഫോട്ടോ കവറേജിന് സംഘം

മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്യൻ പര്യടനത്തിൽ ഇത്തവണ മാധ്യമങ്ങൾക്കായി വിഡിയോ, ഫോട്ടോ കവറേജും ഒരുക്കും. ഇതിനായി ഫിൻലൻഡ്, നോർവേ, യുകെ എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസി മുഖേന 7 ലക്ഷം രൂപ ചെലവിട്ട് വിഡിയോ, ക്യാമറ സംഘത്തെ സർക്കാർ നിയോഗിച്ചു. ഇതിനുള്ള ചെലവ് പബ്ലിക് റിലേഷൻസ് വകുപ്പ് വഹിക്കും. നാളെ മുതൽ 4 വരെ ഫിൻലൻഡിലും 5 മുതൽ 7 വരെ നോർവേയിലും 9 മുതൽ 12 വരെ യുകെയിലും മുഖ്യമന്ത്രി നടത്തുന്ന സന്ദർശനം ഇൗ സംഘം കവർ ചെയ്യും. മുൻപ് മുഖ്യമന്ത്രിക്ക് ഒപ്പമുള്ളവരോ പ്രവാസി മലയാളികളോ ആണ് വിഡിയോ പകർത്തി മാധ്യമങ്ങൾക്കു നൽകിയിരുന്നത്.

English Summary: Chief Minister Pinarayi Vijayan and team for europe tour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com