ADVERTISEMENT

തിരുവനന്തപുരം ∙ ഒരുമാസം നീളുന്ന ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾ ഗാന്ധിജയന്തി ദിനമായ നാളെ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തേക്കു പോകുന്നതിനാൽ നാളെ 10ന് അദ്ദേഹത്തിന്റെ ഉദ്ഘാടന പ്രസംഗത്തിന്റെ വിഡിയോ എല്ലാ കേന്ദ്രങ്ങളിലും പ്രദർശിപ്പിക്കും.

സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും ഉദ്ഘാടന പരിപാടി ഉണ്ടാകും. ഞായറാഴ്ച സ്കൂളുകൾക്കും കോളജുകൾക്കും അവധി ആണെങ്കിലും പരിപാടി സംഘടിപ്പിക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. 

തിങ്കളാഴ്ച ക്ലാസ് മുറികളിൽ ലഹരിവിരുദ്ധ ചർച്ചയും സംവാദവും സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അന്ന് അവധി ആയതിനാൽ തൊട്ടടുത്ത പ്രവൃത്തി ദിവസത്തേക്കു മാറ്റി. സ്‌കൂൾ അസംബ്ലിയിൽ മുഖ്യമന്ത്രിയുടെ പ്രസംഗം പ്രദർശിപ്പിക്കും. 6, 7 തീയതികളിൽ എല്ലാ വിദ്യാലയങ്ങളിലും പിടിഎ, എംപിടിഎ, വികസന സമിതി എന്നിവയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണം നടത്തും. 8 മുതൽ 12 വരെ വ്യത്യസ്ത കൂട്ടായ്മകളുടെ നേതൃത്വത്തിൽ സംവാദവും പ്രതിജ്ഞയെടുക്കലുമുണ്ടാകും.

തൊഴിൽ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും അതിഥിത്തൊഴിലാളികൾക്കിടയിൽ 15 മുതൽ 22 വരെ പ്രത്യേക ക്യാംപെയ്ൻ സംഘടിപ്പിക്കും. 16 മുതൽ 24 വരെ തീരമേഖലയിൽ പ്രചാരണം നടത്തും. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ 9ന് ലഹരിവിരുദ്ധ സഭ സംഘടിപ്പിക്കും. 14ന് ബസ് സ്റ്റാൻഡുകൾ, ചന്തകൾ, പ്രധാന ടൗണുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ വ്യാപാരി വ്യവസായികളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സദസ്സ് സംഘടിപ്പിക്കും. 16ന് വൈകിട്ട് 4 മുതൽ 7 വരെ എല്ലാ വാർഡുകളിലും ജനജാഗ്രതാ സദസ്സ് നടക്കും. 24ന് ദീപാവലി ദിനത്തിൽ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ ദീപം തെളിയിക്കും. 23, 24 തീയതികളിൽ ഗ്രന്ഥശാലകളിൽ പ്രത്യേക പരിപാടികൾ ഉണ്ടാകും.

സ്‌കൗട്ട് ആൻഡ് ഗൈഡ്‌സിന്റെ നേതൃത്വത്തിൽ 25 മുതൽ നവംബർ 1 വരെ കാസർകോട്ടു നിന്നു തിരുവനന്തപുരത്തേക്കു സൈക്കിൾ റാലി നടത്തും. 28ന് എൻസിസി, എൻഎസ്എസ്, എസ്പിസി, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലും സൈക്കിൾ റാലി ഉണ്ടാകും. 30, 31 തീയതികളിൽ വിളംബര ജാഥകൾ നടത്തും. നവംബർ ഒന്നിനു 3 മണിക്കു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരിവിരുദ്ധ മനുഷ്യച്ചങ്ങല സംഘടിപ്പിക്കും. തുടർന്ന് പ്രതീകാത്മകമായി ലഹരി വസ്തുക്കൾ കത്തിക്കുന്നതോടെ പരിപാടികൾ അവസാനിക്കും.

‘വിദ്യാർഥികളും അധ്യാപകരും പങ്കെടുക്കണം’

തിരുവനന്തപുരം∙ നാളെ  മുതൽ നവംബർ 1 വരെയുള്ള തീവ്ര ലഹരിവിരുദ്ധ പ്രചാരണ പരിപാടികളിൽ മുഴുവൻ സ്കൂൾ വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും അണിനിരക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു. ‘നാളത്തെ പരിപാടികളിൽ പരമാവധി വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പാക്കണം. അവധിയാണെങ്കിലും പരിപാടികൾ നടത്തുന്നതിൽ മുടക്കമുണ്ടാകരുത്. സംസ്ഥാനതല ഉദ്ഘാടന പരിപാടി എല്ലാവരിലേക്കും എത്തിക്കാനുള്ള സൗകര്യം ഒരുക്കുന്നതിനൊപ്പം വിദ്യാലയ സമിതികൾ മുൻകയ്യെടുത്ത് പ്രചാരണ ബോർഡുകൾ സ്ഥാപിക്കണം. മാസം മുഴുവൻ സ്കൂൾ തലത്തിൽ വിവിധ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കണം – മന്ത്രി നിർദേശിച്ചു.

കോളജുകളിൽ ജാഗ്രതാസമിതി

പാലക്കാട് ∙ ലഹരിവിരുദ്ധ പ്രചാരണത്തിനു കോളജുകളിലും സർവകലാശാലകളിലും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജനപ്രതിനിധികൾ, പൂർവവിദ്യാർഥികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന ജാഗ്രതാസമിതികൾ രൂപീകരിക്കുമെന്നു മന്ത്രി ആർ.ബിന്ദു അറിയിച്ചു. കലാലയങ്ങളിൽ നാളെ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലും. എൻഎസ്എസ്, എൻസിസി അംഗങ്ങളുടെ പ്രത്യേക സേന രൂപീകരിക്കും. സ്കൂൾ ഓഫ് ഡ്രാമ മുക്തധാര എന്ന പേരിൽ സംസ്ഥാനത്തുടനീളം തിരഞ്ഞെടുത്ത കലാലയങ്ങളി‍ൽ അവതരണം നടത്തും. നവംബർ ഒന്നിനു കലാലയം മുതൽ സമീപ ജംക്‌ഷൻ വരെ മനുഷ്യശൃംഖല രൂപീകരിക്കും. അതിനു ശേഷം പ്രതീകാത്മകമായി ലഹരിഭൂതത്തെ കുഴിച്ചുമൂടും. ഹോസ്റ്റലുകളിൽ ജാഗ്രത സമിതികൾ രൂപീകരിക്കാനുള്ള തീരുമാനം വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

English Summary: Fight against drugs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com