ADVERTISEMENT

കൊച്ചി∙ സിഎൻജി വാഹന ഉടമകൾക്കു സുരക്ഷാ പരിശോധന നടത്താതെ സർട്ടിഫിക്കറ്റും വാഹനങ്ങളിൽ പതിക്കാനുള്ള പ്ലേറ്റും നൽകി കബളിപ്പിക്കുന്ന റാക്കറ്റ് സജീവം. നിർദിഷ്ട ഇടവേളകളിൽ നിയമാനുസൃതം നടത്തേണ്ട ഹൈഡ്രോ ടെസ്റ്റ് പൂർത്തിയാക്കാത്ത സിഎൻജി സിലിണ്ടറുകളുമായാണ് പല  വാഹനങ്ങളും സർവീസ് നടത്തുന്നതെന്നു മനോരമയുടെ അന്വേഷണത്തിൽ കണ്ടെത്തി. 

കാർ, ഓട്ടോ, ബസ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. ഹൈഡ്രോ ടെസ്റ്റ് നടത്താതെ ഉടമകളെ കബളിപ്പിച്ചു സർട്ടിഫിക്കറ്റുകൾ നൽകുന്ന തട്ടിപ്പു സ്ഥാപനങ്ങളാണ് ഇതിനു കാരണം. തുച്ഛമായ തുകയ്ക്കു പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകാമെന്നു പരസ്യം നൽകിയാണു വാഹന ഉടമകളെ ഇവർ ആകർഷിക്കുന്നത്.ഇത്തരത്തിൽ റീ ടെസ്റ്റ് വേളയിൽ നിർദിഷ്ട സിലിണ്ടർ സുരക്ഷാ പരിശോധന പൂർത്തിയാക്കാതെ വീണ്ടും നിരത്തിലിറങ്ങിയ വാഹനങ്ങൾ ദുരന്തസാധ്യത ഉയർത്തുന്നു.

2016ലെ ഗ്യാസ് സിലിണ്ടർ ചട്ടം അനുസരിച്ചു 3 വർഷം കൂടുമ്പോൾ സിഎൻജി വാഹനങ്ങളിലെ സിലിണ്ടർ ഹൈഡ്രോ ടെസ്റ്റ് ചെയ്ത് അംഗീകൃത സർട്ടിഫിക്കറ്റും പ്ലേറ്റും നേടണം. ഇതു നടത്താൻ പെട്രോളിയം ആൻഡ് എക്സ്പ്ലോസിവ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസോ) അംഗീകാരം ലഭിച്ച 3 ടെസ്റ്റിങ് സെന്ററുകളാണു സംസ്ഥാനത്തുള്ളത്. ആലപ്പുഴ ജില്ലയിലെ കലവൂർ, എറണാകുളം പട്ടിമറ്റം, പാലക്കാട് എലപ്പുള്ളി എന്നിവിടങ്ങളിലാണ് ഇവ പ്രവർത്തിക്കുന്നത്. ഇതിൽ  പരിശോധനകൾ നടത്തുന്നില്ലെങ്കിലും പേരിനു മാത്രം തുറന്നിരിക്കുന്ന എലപ്പുള്ളിയിലെ സ്ഥാപനത്തിന്റെ പേരിലാണ്  തട്ടിപ്പ് അരങ്ങേറുന്നത്. 

കൊച്ചി ചേരാനല്ലൂരിലുള്ള കലക്‌ഷൻ സെന്റർ മുഖേന സിലിണ്ടറുകൾ സ്വീകരിക്കുകയും ഇവ പരിശോധിക്കാതെ  സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുന്നതിന്റെ വിഡിയോ തെളിവുകൾ മനോരമ സംഘം ശേഖരിച്ചു. ടെസ്റ്റിങ് സെന്റർ തുറക്കാതിരുന്ന 17ന് ഒൻപതു സിലിണ്ടറുകളുടെ പരിശോധന ഇവിടെ നടത്തിയെന്നു പെസോ വെബ്സൈറ്റ് പറയുന്നു. കഴിഞ്ഞ മാസം 7 മുതൽ 29 വരെ 136 സിലിണ്ടറുകളുടെ പരിശോധന പൂർത്തിയാക്കിയെന്നും വെബ്സൈറ്റിലുണ്ട്. ടെസ്റ്റിങ് സെന്ററിൽ വാഹനമെത്തിച്ചു സിലിണ്ടറുകൾ സുരക്ഷിതമായി ഇളക്കി മാറ്റി പരിശോധിക്കണമെന്നാണു ചട്ടം. സിലിണ്ടർ ഇളക്കി മാറ്റുമ്പോഴുള്ള സ്ഫോടന സാധ്യത ഒഴിവാക്കാനാണിത്. ഇതു മറികടന്ന് സുരക്ഷാ സംവിധാനങ്ങളില്ലാതെ  ഇളക്കി മാറ്റുന്നത് അപകടഭീഷണിയുയർത്തുന്നു

English Summary: Certificates for CNG vehicles

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com